Search This Blog
God's Own Country.Kerala. How to build eco - friendly houses at low cost. Nature and Nature foods in Kerala, Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
Featured
- Get link
- X
- Other Apps
ആരെയും മോഹിപ്പിക്കും ഈ വീട്.
സത്യത്തിൽ ഇത്രമനോഹരവും, ഹൃദയത്തെ സ്പർശിച്ചതുമായ ഒരു വീട് ആദ്യമായി കാണുകയായിരുന്നു. തൃശൂർ ജില്ലയിലെ നാട്ടിക എന്ന പ്രദേശത്ത് ചെങ്കല്ലുകളിൽ മാത്രം തീർത്ത ഒരു മനോഹരഭവനം. പൂർണ്ണമായും ഒരു പ്രകൃതി സൗഹൃദം എന്നുതന്നെ പറയാം.!
ചെങ്കല്ലിൽ നിർമ്മിച്ച 1200 സ്ക്വയർ ഫീറ്റ് വീട്. |
നിരത്തി ഉയർത്തികെട്ടിയിരിക്കുന്ന ചെങ്കല്ലുകൾക്കിടയിൽ സിമൻറിന് പകരം സുർക്കി മിശ്രിതം ഉപയോഗിച്ചാണ് ഭിത്തികൾ നിർമ്മിച്ചിരിക്കുന്നത്.
കയറി ചെല്ലുമ്പോൾ തന്നെ കാണുന്ന വലിയ ഹാളിൻറെ ഒരു വശത്തായി നടുമുറ്റം നിർമ്മിച്ചിരിക്കുന്നു, നടുമുറ്റമാണ് ഏറ്റവും വലിയ ആകർഷണവും, ആ വീടിനെ പ്രകൃതിയോട് ചേർക്കുന്നതും.!
നടുമുറ്റത്ത് നട്ടുവളർത്തിയിരിക്കുന്ന ചെടികളും, സൂര്യപ്രകാശവുമെല്ലാം, എന്തെന്നില്ലാത്ത ഊർജ്ജ പ്രവാഹമാണ് ആ വീട്ടിൽ നിറയ്ക്കുന്നത്. സത്യത്തിൽ സിമൻറും, മണലും ഉപയോഗിച്ച് ചൂടിനെ മാത്രം ആഗിരണം ചെയ്യുന്ന നമ്മുടെ സാമ്പ്രദായിക വീടുസങ്കൽപ്പങ്ങളേക്കാൾ എത്ര മനോഹരവും, ഹൃദ്യവും, ആരോഗ്യദായകവുമാണ് ഇത്തരം വീടുകളിലെ താമസം!
പ്രകൃതിയുടെ ഓരോ മാറ്റവും മനുഷ്യരിലേക്ക് പ്രതിഫലിക്കും വിധത്തിൽ വെയിലും, മഞ്ഞും, നിലാവുമെല്ലാം , വീടിൻറെ ഉൾത്തളങ്ങളിലേക്കു പകരും വിധത്തിലുള്ള മനോഹരമായ രൂപകൽപ്പന.!
ഓപ്പൺകിച്ചൺ,ഡൈനിംഗ്, നടുമുറ്റം |
ഇടഭിത്തികൾ എല്ലാം ഒഴിവാക്കി ഓപ്പൺ കിച്ചണും, ഡൈനിംഗും, സ്വീകരണമുറിയുമെല്ലാം മനോഹരമായി ചേർത്തുവെച്ചതിലൂടെ, ആദ്യമായി കടന്നുവരുന്ന ഏതോരാൾക്കും സ്വന്തം വീട് എന്ന പോലുള്ള ഒരു പ്രത്യേക വികാരമാണ് തോന്നുക.!.
മറ്റ് പലവീടുകളിലും ഓപ്പൺ കിച്ചണുകൾ കണ്ടിട്ടുണ്ടങ്കിലും ഇത്രയും മനോഹരമായി വീടിൻ്റെ സ്പേയ്സിനോട് ചേർന്നുനിൽക്കുന്ന ഒരു പ്രതീതി ഇതുവരെ മറ്റൊരിടത്തും കണ്ടിട്ടില്ലന്നു തന്നെ പറയാം! . വീടിനകം വിശാലമായതും,യഥേഷ്ടം വായുവും, വെളിച്ചവും കയറാൻ പ്രാപ്തമായ തരത്തിലുള്ള രൂപകൽപ്പന ... അതിനെ പരിപൂർണ്ണമായ അർത്ഥത്തിൽ പ്രകൃതി സൗഹൃദമാക്കിയിരിക്കുന്നു.
മറ്റൊരു പ്രധാന പ്രത്യേകതയായി തോന്നിയത് വീടിൻ്റെ പ്ലാനാണ്. വീടിൻ്റെ മൊത്തം സ്ഥലവും, വീട്ടിലുള്ള അംഗങ്ങളുടെ എണ്ണവും ചേർത്ത് , അവരുടെ താത്പര്യങ്ങൾക്ക് ഇണങ്ങുംവിധം തന്നെ അതിൻ്റെ ലാൻ്റ്സ് കേപ്പിലുള്ള സ്ഥാനവും ക്രമീകരിച്ചിരിക്കുന്നു.
സാധാരണയിൽ നിന്നും വ്യത്യസ്തമായി, വീടു നിർമ്മാണം നടക്കുന്നിടത്ത് വെച്ചു തന്നെയാണ് പ്ലാൻ ഡിസൈൻ ചെയ്തത് , അതിനാൽ തന്നെ വീട്ടുകാരുടെ അഭിരുചികളും, താത്പര്യങ്ങളും പൂർണ്ണമായും ഉൾക്കൊണ്ട ഒരുവീടുതന്നെയായിരുന്നു ഇത്.
സത്യത്തിൽ, ഒരു വീട് വ്യത്യസ്ഥവും . പ്രകൃതി സൗഹൃദവും ആക്കി തീർക്കുന്നതിന് പിന്നിൽ ആ കുടുംബത്തിലെ എല്ലാവരുടെയും ഒന്നുചേർന്നുള്ള താത്പര്യങ്ങളും പരമ പ്രധാനമാണന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതുപോലെ തന്നെയാണ് നമ്മൾ മുൻ അദ്ധ്യായങ്ങളിൽ സൂചിപ്പിച്ചതുപോലെ, വ്യക്തമായ ഒരു വീടു സങ്കൽപ്പം എന്നതിൻറെ ആവശ്യകതയും.!
ഒരു പക്ഷേ നമ്മുടെ ജീവിതത്തിലെ വ്യക്തിത്വരൂപീകരണത്തിലും, സ്വഭാവ സവിശേഷതകളിലേക്കുമെല്ലാം വിരൽ ചൂണ്ടിയേക്കാവുന്ന പല കാര്യങ്ങളും ഒരു വീടിൻ്റെ നിർമ്മിതിയിലും പ്ളാനിലുമെല്ലാം ഉണ്ടായേക്കാമെന്നുള്ളത് പല വീടുകളും സന്ദർശിച്ച അനുഭവങ്ങളിൽ നിന്ന് ഒരു വസ്തുതയായിത്തന്നെ തോന്നിയിട്ടുണ്ട്.
പറഞ്ഞുവരുന്നത്, പഴയ കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്ന് അണുകുടുംബ വ്യവസ്ഥകളിലേക്ക് മാറിയപ്പോഴുണ്ടായ വീടുകളുടെ രൂപമാറ്റമാണ്. .വീടിൻറെ ഓരോ ഇടങ്ങളും കനത്ത സ്വകാര്യതകൾ സൂക്ഷിക്കുന്ന ഇടങ്ങൾ പോലെ വരയ്ക്കപ്പെട്ടു. ,ഒരു വിധത്തിൽ ഓരോ മുറിയും, ഓരോ ചെറുവീടുകൾ പോലെ. ഓൺ ലൈനിൽ ആവശ്യമുള്ള ഭക്ഷണം നൽകുന്നതുമുതൽ,സ്വകാര്യഇൻ്റർനെറ്റും,ടിവിയും,കമ്പൃൂട്ടറും,ബാത്ത് റും വരെ ആ മുറികളിൽ സജ്ജീകരിക്കുകയും,പൂമുഖത്തേക്ക് ഇറങ്ങിവരണമെങ്കിൽ ഓരോമുറികളിലേക്ക് പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കോളിംഗ് ബെൽ മുതൽ,ക്ലോസ്ഡ് സർക്കൃൂട്ട് ടി.വി.വരെ.സ്ഥാപിക്കുകയും ചെയ്തു കൊണ്ടാണ് പുതിയ വീടുകളുടെ ആധുനികവത്ക്കരണം!
അതിനെല്ലാം വ്യത്യസ്‌തമായ കാരണങ്ങൾ ഉണ്ടെന്ന് അവകാശപ്പെടുന്നവരും, , മാറിയ സാഹചര്യങ്ങളിൽ തൊഴിലിടം എന്നത് വീട്ടുമുറികളാണെന്നും, ലോകമെമ്പാടും മഹാവ്യാധികൾ സൃഷ്ടിച്ച സവിശേഷ സാഹചര്യങ്ങളും എല്ലാം അതിന് കാരണമായിട്ടുണ്ടന്നുമൊക്കെ വാദിക്കുന്നവരുണ്ടാകാം, എങ്കിൽ തന്നെയും , കുടുംബം എന്ന വലിയ ഒരു സങ്കൽപ്പത്തിൽ നിന്ന് നമ്മൾ ഓരോ ദിവസവും എത്ര അകന്നുപോകുന്നു എന്നതാണ് പ്രധാന പ്രശ്നം,
ഇത്രയും പറഞ്ഞുവന്നത്...വീടിൻറെ അടച്ചുകെട്ടലുകളില്ലാതെ, ഒരറ്റത്തുനിന്നും...മറ്റേ അറ്റത്തുനിൽക്കുന്ന ആളുകളുമായി പോലും ഹൃദയം തുറന്ന് സംസാരിക്കാവുന്ന രീതിയിൽ തുറസ്സായ ഇടങ്ങൾ ചേർത്തുവെച്ച് അതി മനോഹരമായ രീതിയിലാണ് ഈ വീടിൻ്റെ നിർമ്മാണം. അതുതന്നെയാണ് ഈ വീടിൻ്റെ മുഖ്യ പ്രത്യേകതയും.
മറ്റൊന്ന് ഇതിൻറെ വിശാലമായ അടുക്കളയും, വർക്ക് ഏരിയയുമാണ്. പലരും വീടുനിർമ്മാണത്തിൽ വലിയ പ്രാധാന്യമൊന്നും കൽപ്പിക്കാത്ത ഒരിടമാണ് ഒരു വീടിൻ്റെ വർക്ക് ഏരിയ. ഫലമോ വീട് താമസം തുടങ്ങി കുറച്ചു നാളുകൾ കഴിയുമ്പോഴേക്കും....സ്ഥല പരിമിതിമൂലം, വീടിൻ്റെ പിന്നാമ്പുറത്ത് കിടക്കേണ്ടവ മുൻവശത്തേക്കും, മുൻവശത്ത് കിടക്കേണ്ടവ, വീടിൻ്റെ പുറത്തേക്കും തള്ളപ്പെടുന്നു. എന്തായാലും ഇവിടെ വിശാലമായ ഒരുവർക്ക് ഏരിയ നൽകിയതു വഴി , വീടും, പ്രത്യേകിച്ച് അടുക്കളയും വൃത്തിയായി സൂക്ഷിക്കുവാൻ കഴിയുമെന്ന് മാത്രമല്ല, അതിനോട് ചേർത്ത് ഒട്ടും തന്നെ സ്ഥല സൗകര്യം നഷ്ടപ്പെടാത്ത രീതിയിൽ അവിടെ ഒരു സ്റ്റെയർകെയ്‌സും നൽകി വീടിനുള്ളിൽ നിന്നുതന്നെ മുകളിലേക്കെത്താവുന്നതരത്തിൽ അതിൻ്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയും ചെയ്യുന്നു.
ബെഡ് റൂമുകളും, അടുക്കളയുമെല്ലാം, വിവിധ നിറത്തിലുള്ള മണ്ണ് ഉപയോഗിച്ചാണ് പ്ളാസ്റ്റർ ചെയ്തിരിക്കുന്നത്, മുറിക്കുള്ളിൽ എപ്പോഴും ഒരു തണുത്ത അന്തരീക്ഷം നിലനിൽക്കാൻ ഇത് സഹായിക്കുന്നു. പൂർണ്ണമായും ചെങ്കല്ലുകൾ ഉപയോഗിച്ച് ആയിരത്തി ഇരുന്നൂറ് സ്ക്വയർഫീറ്റിൽ നിർമ്മിച്ച ഈ വീട് ഇരുപത് ലക്ഷം മുതൽ, നമ്മുടെ താത്പര്യങ്ങൾക്ക് ഇണങ്ങും വിധം ഏതു ബഡ്ജറ്റിലും നിർമ്മിക്കാമെന്ന് വീട്ടുടമസ്ഥൻ പറയുന്നു.
അറ്റാച്ച്ഡ് ബാത്ത്റൂം ഉൾപ്പെടുന്ന രണ്ട് ബെഡ്റൂമുകളും, ഓപ്പൺകിച്ചണും, ഡൈനിംഗും, ലിവിംഗും, സിറ്റൗട്ടും, വിശാലമായ ഒരു വർക്ക് ഏരിയയുമാണ് ഈ വീടിനുള്ളത്.
Comments