ഈ ബ്ലോഗ് തിരയൂ
How to build eco - friendly houses at low cost. Travel and Tourism And also sharing various social issues . www.vlcommunications.in
ഫീച്ചര്‍ ആക്കപ്പെട്ടത്
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്
- മറ്റ് ആപ്പുകൾ
വീടിനുള്ളിൽ ഒരു കാട് !
മനോജിൻറെ വീട്ടിലെ സംരക്ഷിത വനം. |
പ്രകൃതിയെ എങ്ങനെ സംരക്ഷിക്കാം?
വീടിന് ഉള്ളിലല്ല...വീട്ടുവളപ്പിൽ...! അതും ഒന്നരയേക്കറിൽ ഒരു സ്വാഭാവിക വനം..!
കേട്ടപ്പോൾ തന്നെ കാണണം എന്ന് ഉറപ്പിച്ചു. സംഭവം എറണാകുളം ജില്ലയിലെ വൈപ്പിൻകരയിലെ ഇടവനക്കാട്.
വൈപ്പിൻ - പറവൂർ റോഡിൽ ഇടവനക്കാട് , ഐ.ടി. വിദഗ് ധനായ ശ്രീ. മനോജിൻറെ വീടും, വീടിനോടുചേർന്ന കാടും.!
പരമ്പരാഗതമായി കിട്ടിയ വസ്‌തുക്കളും, നിരവധി മരങ്ങളും, കാടുമെല്ലാം, വൃത്തിയാക്കലിൻറെ ഭാഗമായി പലവട്ടം തീയിട്ട് കുറേയേറെ നശിച്ചുപോയെങ്കിലും, ഇപ്പോഴും അത് വളരെ സ്വാഭാവികമായി സംരക്ഷിക്കപ്പെടുന്ന വനമായിത്തന്നെ നിലനിൽക്കുന്നു.
"സൃഷ്ടികളുടെ ലക്ഷ്യം മനസ്സിലാക്കിയാൽ, ഒരു പുൽക്കൊടിക്കുപോലും അതിൻറേതായ ധർമ്മം നിറവേറ്റപ്പെടേണ്ടതായിട്ടുണ്ട്, കൂടാതെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുക എന്നത് പരമപ്രധാനമായ ഒരുകാര്യമായതുകൊണ്ട്, പ്രകൃതിദത്തമായ വനത്തിൽ നിന്ന് ഒരു കള പോലും ഞാൻ പറിച്ച് മാറ്റാറുമില്ല.. അതിനാൽ കൃഷി എന്ന രൂപത്തിലൊന്നും ഇത്തരം പ്രവർത്തനങ്ങളെ, കാണാറില്ല" മനോജ് പറയുന്നു.
ഇപ്പോൾ തന്നെ നോക്കൂ, അനേകം കാവുകളാലും, വൃക്ഷങ്ങൾകൊണ്ടെല്ലാം സമ്പന്നമായിരുന്നു നമ്മുടെ കേരളം. എന്നാൽ ഇന്നോ...?
നമ്മൾ നമ്മുടേതായ സൗകര്യങ്ങൾക്കായി എല്ലാം വെട്ടി വെളുപ്പിച്ചു. എന്നിട്ടോ അതുവരെ കാട്ടിലും, കാവുകളിലുമൊക്കെ കഴിഞ്ഞിരുന്ന വിവിധ ജന്തുജാലങ്ങളെല്ലാം നമ്മുടെ നാട്ടിലും, വീട്ടിലും, തൊടികളിലുമായി കൂടുകെട്ടാൻ തുടങ്ങി.
ഫലത്തിൽ വിവിധ തരം, പകർച്ചവ്യാധികൾ കൊണ്ടും, പുതിയതരം രോഗങ്ങൾ കൊണ്ടും മനുഷ്യരാശിയുടെ നിലനിൽപ്പിനെ തന്നെചോദ്യംചെയ്യുന്ന രീതിയിൽ നമ്മുടെ സമൂഹം തകർന്നു. വരൾച്ച, അതിശൈത്യം, പെരുമഴ, കൊടുംചൂട്, വെള്ളപ്പൊക്കം. ഇങ്ങിനെ നീണ്ടുപോകുന്ന പരമ്പരകളാണ് നിത്യവും, കാണുന്നതും അനുഭവിക്കുന്നതും."
"നോക്കൂ കോടിക്കണക്കായ മനുഷ്യർ നിത്യവും പായുന്നത്, വൻകിട സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾക്കും, മരുന്നുകൾക്കും പിറകെയാണ്. യഥാർത്ഥത്തിൽ അതിൻറെ ആവശ്യമുണ്ടോ എന്നുചോദിച്ചാൽ എൻറെ അനുഭവത്തിൽ നിന്നുള്ള ഉത്തരം ഇല്ല എന്നുതന്നെയാണ്. നമ്മൾ പ്രകൃതിയെ അറിഞ്ഞും, അതിനോട് ചേർന്നുനിന്നുമുള്ള ഒരു ജീവിതക്രമം ശീലമാക്കിയാൽ തന്നെ സ്വാഭാവികവും, വളരെ ശക്തവുമായ പ്രതിരോധശക്തി നേടിയെടുക്കാവുന്നതും, അത്ര വലിയ അസുഖങ്ങളൊന്നും പെട്ടെന്നൊന്നും ബാധിക്കാതെ തന്നെ ജീവിതം നമുക്ക് മുന്നോട്ട് കൊണ്ടുപോകുവാനും കഴിയും.
മനോജ് എടവനക്കാട് |
"എന്തുകൊണ്ടാണ്, നമുക്ക് ഒരു അഞ്ച് സെന്റ് ഭൂമിയാണങ്കിൽ പോലും, അതിനകത്ത് ഒരു മാവോ, പ്ലാവോ, അല്ലങ്കിൽ വളരെ ഉപകാരപ്രദമായ സസ്യങ്ങൾ പോലും വളർത്താൻ കഴിയാത്തത്...
കേരളത്തിൻറെ സൗന്ദര്യം തന്നെ ഇവിടുത്തെ നിറഞ്ഞുനിൽക്കുന്ന പച്ചപ്പും , ഈ കാലാവസ്ഥയുമാണ്. . സ്വന്തം വീട്ടിലെ മരം വെട്ടിക്കളഞ്ഞ്... റിസോർട്ടിലോ, പാർക്കുകളിലോ ഉള്ള മരത്തണലുകളിൽ പോയി സമയം ചിലവഴിക്കുന്ന ചില മലയാളി ശീലങ്ങളെല്ലാം നമ്മുടെ നാളത്തെ ഒരു തലമുറയെ ഓർത്തെങ്കിലും മാറ്റിവെച്ചേ പറ്റൂ.."
"നാളെകളുടെ പ്രതീക്ഷ എന്നത് കുട്ടികളിലാണ്. അവരെ നാം, പ്രകൃതിയെക്കുറിച്ചും, അത് നിലനിൽക്കേണ്ടതിൻറെ മഹത്വത്തെക്കുറിച്ചും,, സംരക്ഷിക്കേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം, പറഞ്ഞ് പഠിപ്പിക്കേണ്ടതായുണ്ട്.
- തീർച്ചയായും അദ്ദേഹം പറയുന്ന കാര്യങ്ങളിൽ നൂറു ശതമാനവും സത്യസന്ധത നമുക്ക് അവിടെ ചിലവഴിക്കുമ്പോൾ തന്നെ കാണുവാൻ കഴിയും -
കാരണം , വീടിനു ചുറ്റും പലയിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന കവറുകളിൽ, പലവിധ ഫലവൃക്ഷങ്ങളുടേയും, സസ്യങ്ങളുടേയും, തൈകൾ നിരത്തിവെച്ചിട്ടുണ്ട്. കൂടുതലായും വിവിധ സ്കൂളുകളിലെ കുട്ടികൾക്ക് പാരിസ്ഥിതിക അവബോധം വളർത്തുവാൻ ഉദ്ദേശിച്ചുള്ളവയാണ്. കൂടാതെ, കൃത്യമായി പരിപാലിക്കുമെന്ന് ഉറപ്പുള്ളവർക്കുമാത്രം, തൈകൾ സൗജന്യമായി നൽകുകയും, ചിലയിടങ്ങളിൽ ശലഭപാർക്കുകൾ ഉണ്ടാക്കുകയും ചെയ്യുന്നു.
പലയിടങ്ങളിലേയ്ക്കായി നൽകുന്ന വൃക്ഷ തൈകൾക്കുവേണ്ട വിത്തിനങ്ങൾ, നാട്ടിൻ പ്രദേശങ്ങളിലെ വൃക്ഷങ്ങളിൽ നിന്നും, കാവുകളിൽ നിന്നുമൊക്കെയാണ് പ്രധാനമായും ശേഖരിക്കുന്നത്,
കൂടാതെ കടലോരങ്ങളിൽ, കടലാക്രമണത്തെ നേരിടുന്ന കടൽ ഭിത്തികൾ പലപ്പോഴും ഫലപ്രദമാകാത്തതിനാൽ, അതിന്റെ നിർമ്മാണത്തിനും, ചില പ്രത്യേകരീതിയിൽ മരങ്ങളും, കണ്ടൽ കാടുകളും നിർമ്മിച്ച് കടലാക്രമണത്തെ നേരിടാൻ കഴിയുമോ എന്ന ഒരു പരീക്ഷണത്തിലുമാണ് ഇപ്പോൾ മനോജും സംഘവും.
അതേപോലെ തന്നെ വളരെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു കാര്യം വീടുനിർമ്മാണമാണ്. വലിയതോതിൽ നടക്കുന്ന ഈ പ്രകൃതിവിഭവങ്ങളുടെ വിനിയോഗം നമ്മുടേതുപോലുള്ള ഒരു കൊച്ചുസംസ്ഥാനത്തിന് വരും നാളുകളിൽ എങ്ങിനെയാണ് താങ്ങാൻ കഴിയുക എന്നതും വലിയ ഒരുചോദ്യ ചിഹ്നമായി നിലനിൽക്കുന്നു. അത് കൊണ്ടുതന്നെ പ്രകൃതിയോട് ഇണങ്ങുന്ന മൺവീടുകൾ എന്ന സ്വപ്നത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. വരും നാളുകളിൽ സമാനമനസ്ക്കരായവരെ കൂട്ടിയോജിപ്പിച്ചുകൊണ്ട് മൺ വീടുകളെ കുറിച്ചുള്ള ശിൽപശാലകളും നിർമ്മാണവുമെല്ലാം അദ്ദേഹം വിഭാവനം ചെയ്യുന്നു.
എന്തായാലും പ്രത്യേകിച്ച് ലാഭേച്ഛയില്ലാതെ, ഒരു ജീവിതം തന്നെ നാടിൻറെ വികസനത്തിനും, വളർച്ചയ്ക്കും, പ്രകൃതിസംരക്ഷണത്തിനും, ബോധവത്ക്കരണത്തിനുമൊക്കെയായി, ഉറപ്പാക്കിക്കൊണ്ടുള്ള യുവതലമുറയുടെ ഇത്തരം നീക്കങ്ങളെ കണ്ടില്ലന്നു നടിക്കാൻ ഈ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരെന്ന നിലയിൽ നമുക്ക് തത്ക്കാലം സാദ്ധ്യമല്ല.
പുതിയൊരു വികസനമുദ്രാവാക്യം പടുത്തുയർത്തി പ്രകൃതിയെ വീണ്ടെടുക്കാൻ ശ്രമിക്കുകയും, അതോടൊപ്പം, നാടിൻറെ വിവിധ ഭാഗത്തുള്ള യുവാക്കളെ കൂട്ടിയോജിപ്പിക്കുകയും ചെയ്തുകൊണ്ടുള്ള ഇത്തരം കൂട്ടായ്മകൾ നാളെയുടെ വലിയപ്രതീക്ഷകൾക്ക് തീർച്ചയായും കരുത്തേകുന്നവ തന്നെ.! പ്രത്യേകിച്ച് പ്രസംഗം കൊണ്ടൊന്നുമല്ല... സ്വന്തം ജീവിതം കൊണ്ടുതന്നെയാണ് അവർ ലോകത്തിനു മുന്നിൽ അവരുടെ മുദ്രാവാക്യം ചമയ്ക്കുന്നത്...!
കാടിൻറേയും, വൃക്ഷത്തലപ്പുകളുടേയും, കുളിരിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ സൂര്യൻ തലക്കുമുകളിൽ ജ്വലിച്ചുനിൽക്കുന്നു...വീണ്ടും ചുട്ടു പഴുത്ത ടാർ റോഡിലൂടെയും, ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെയുമുള്ള യാത്ര. പാതിമറയാൻ തുടങ്ങിയ കോവിഡിൻ്റെ മുഖാവരണങ്ങളുമായി എല്ലാ മനുഷ്യരും വീണ്ടും ജീവിതത്തിരക്കുകളിലേയ്ക്ക് !
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്
- മറ്റ് ആപ്പുകൾ
ജനപ്രിയ പോസ്റ്റുകള്‍
നാരകം വീട്ടിൽ വളർത്തിയാൽ !
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്
- മറ്റ് ആപ്പുകൾ
പ്രകൃതിജീവിതം ഒരു ബദൽ മാതൃക.
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്
- മറ്റ് ആപ്പുകൾ
അഭിപ്രായങ്ങള്‍