ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

മൂന്ന് സെൻറിലെ 1300 സ്ക്വയർ ഫീറ്റ് വീട്

  Inter lock brick house 1300 sq   എറണാകുളം ജില്ലയിലെ ചേരാനല്ലൂരിലാണ് മൂന്ന്  സെൻറിൽ, ഔട്ട് ഹൗസും, കിണറും കഴിഞ്ഞ് ബാക്കിയുള്ള രണ്ട് സെൻറിൽ പണികഴിപ്പിച്ച 1300 സ്ക്വയർ ഫീറ്റിലെ മനോഹരമായ ഈ ഇൻറർലോക്ക് ഇഷ്ടിക വീട്.    നാല് മുറികളും ഓപ്പൺ കിച്ചണും, രണ്ടു ടോയ് ലറ്റോടും  കൂടിയ ഈവീടിൻറ ചിലവ് 22 ലക്ഷം രൂപയാണ്. വീടിനോട് ചേർന്ന് കല്ലുപാകിയ വലിയൊരു കിണർ ഉള്ളതിനാൽ തറ കെട്ടുന്നതിനുവേണ്ടി കുറച്ച് അധികം പണം,  ഏകദേശം മൂന്ന് ലക്ഷം രൂപയോളം ആ ഇനത്തിൽ ചിലവായി  റോഡിൽ നിന്നും വീട് നിർമ്മാണസ്ഥലത്തേക്കുള്ള   ദൂരം  അൽപ്പം കൂടുതലായതിനാൽ കൂലിച്ചിലവ് ഇനത്തിലും പ്രതീക്ഷിച്ചതിലും ബജറ്റ് അൽപ്പം കൂടുതലാവുകയും, സ്ക്വയർഫീറ്റ് 1500 എന്നലക്ഷ്യത്തിൽ നിന്ന് മാറിപ്പോവുകയും ചെയ്തു.      മറ്റ് ഇൻറർലോക്ക് ഇഷ്ടിക വീട്ടിൽ  നിന്നും ഇതിനെ വ്യത്യസ്ഥമാക്കുന്നത്, ഏകദേശം ഏഴ് അടി പൊക്കത്തിൽ ഭിത്തിയിൽ നിറയെ ഒട്ടിച്ചിരിക്കുന്ന സിറാമിക് ടൈലുകളാണ്. രണ്ട് കാര്യങ്ങളാണ്  ടൈലുകൾ ഒട്ടിക്കാൻ  പ്രേരണയായതെന്ന് അദ്ദേഹം പറയുന്നു. ഒന്നാമതായി മാറിയ സാഹചര്യങ്ങളിൽ സിറാമിക് ടൈലുപോലുള്ള മിനുസമുള്ള പ്രതലങ്ങളിൽ രോഗാണുക്കൾ പോലുള്ളവ ഒന്നും പറ്റിപ്പിടിച്ചിരിക്കി

ആരെയും അത്ഭുതപ്പെടുത്തും ഈ ജൈവ കാമ്പസ് - മൂഴിക്കുളംശാല -

 

https://lowcostomes.blogspot.com
Moozhikkulam Sala

കേട്ടപ്പോൾ ആദ്യം വിശ്വാസം വന്നില്ല...!

ഗൂഗിളിൽതന്നെ സർച്ച് ചെയ്തു. അതെ ' മൂഴിക്കുളം ശാല '  ഒരു ജൈവഗ്രാമമെന്നുതന്നെ പറയുന്നതാകും നല്ലത്...!

ആരെയും അത്ഭുതപ്പെടുത്തും, അതിൻറെ പ്രവർത്തനങ്ങൾ.

പ്രകൃതിയോടുചേർന്ന, ബേക്കർ മോഡലുകളിലും, ഇൻറർ ലോക്ക് ഇഷ്ടികകളിലും നിർമ്മിച്ച അൻപതിൽ പരം  വീടുകളും, അതിൽ വസിക്കുന്ന മനുഷ്യരും.!

 അതിൽ തന്നെ നാലുകെട്ട് മാതൃകയിലുള്ളതും,അല്ലാത്തതുമായ കുറേ ഒറ്റമുറി വീടുകൾ ...!,  .ചാലക്കുടി പുഴയോടുചേർന്ന്, ഏക്കറുകളിൽ പരന്നുകിടക്കുന്ന  അവിടുത്തെ ഒരുവീടിനുപോലും...മതിൽ കെട്ടുകളോ...ഗേറ്റുകളോഉണ്ടായിരുന്നില്ല.....     കോമ്പൗണ്ടിന് പുറത്തായി  മൂഴിക്കുളം ശാല'യെന്ന ഒരു ബോർഡുമാത്രം .! അകത്തേക്ക് പ്രവേശിക്കുമ്പോൾ വലിയൊരു ആൽമരത്തണലും... നിശബ്ദതയും...   നനുത്ത കുളിരും....!

 വീടുകൾക്കിടയിൽ... ഒഴിച്ചിട്ടിരിക്കുന്ന കുറച്ചു ഭാഗത്ത് ..അഞ്ചാറു കുട്ടികൾ...- അവർ കുപ്പിവളപ്പൊട്ടുകൾ കൊണ്ട് കളിക്കുകയും...ഊഞ്ഞാലാടുകയും ചെയ്യുന്നു.അവരുടെ,   ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾക്ക് അപരിചിതത്വത്തിൻറെ ഛായ ഒട്ടും തന്നെ ഉണ്ടായിരുന്നില്ല... മറ്റു മനുഷ്യർക്കും.

ഓരോ വീടിൻറെ  കോലായിലേക്കും എൻറെ കണ്ണുകൾ വളഞ്ഞും തിരിഞ്ഞും നടന്നു... തുറിച്ചുനോട്ടങ്ങളുടെ മലയാളി ശീലങ്ങളൊന്നും അവിടെകാണുവാനേ കഴിഞ്ഞില്ല....

 കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വിസ്തൃതമായ ആ ഭൂമിയിൽ ഏവരും ഏക്കറുകളുടെ അധിപൻമാരായിരുന്നു .കാരണം , അവിടെയുള്ള എല്ലാവൃക്ഷങ്ങളുടേയും ഫലങ്ങൾ എല്ലാവരുടേതുമായിരുന്നു...ചക്കയും, മാങ്ങയും, നാളികേരവും, മുരിങ്ങാക്കായും മുതൽ പുളിപ്പും, മധുരവും കലർന്ന ഫാഷൻ ഫ്രൂട്ടുവരെ....!

മാസത്തിൽ ഒരിക്കലുള്ള പൊതു അടുക്കളയിൽ...ജാതി മതങ്ങൾക്കതീതമായ സ്നേഹത്തിൻറേയും, ഒത്തൊരുമയുടേയും പ്രകൃതി വിഭവങ്ങൾ അവർ പാചകം ചെയ്തു ഭക്ഷിക്കുകയും.... വൈകുന്നേരങ്ങളിൽ സാംസ്കാരിക കൂട്ടായ്മകളും കലാപരിപാടികളും അവതരിപ്പിക്കുകയും ചെയ്തു.. കോവിഡ് എന്ന മഹാമാരിപോലും ഒരാളിൽ മാത്രമായിരുന്നു കടന്നുകയറാൻ  ശ്രമിച്ചത്.

 ഓരോരുത്തരുടേയും താത്പര്യങ്ങൾക്കനുസൃതമായ മതവിശ്വാസങ്ങളും, ആരാധനകളും സ്വന്തം മുറിക്കുള്ളിലും, മനസ്സിലുമായി ഒതുങ്ങിനിന്നു.ആർഭാടങ്ങൾ ഉപേക്ഷിക്കുകയും, ജൈവ ജീവിതരീതി പിൻതുടരുകയും ചെയ്യുന്നുവെങ്കിലും  വ്യക്തി പരമായ ഭക്ഷ്യ സംസ്ക്കാരവും,ചടങ്ങുകളും ആർക്കും  നിഷിദ്ധമായിരുന്നില്ല...!

 മാലിന്യ സംസ്ക്കരണം വഴിയുള്ള ജൈവവളങ്ങൾ ഉപയോഗിച്ചു മാത്രമായിരുന്നു കൃഷി നടത്തിയിരുന്നത്. സ്വന്തമായി വാങ്ങിയ വീടുകളാണങ്കിലും, ആരും മുകൾ നിലപണിയുവാൻ താത്പര്യമെടുക്കുകയോ... അല്ലങ്കിൽ അതിനുള്ള അനുവാദമോ  അവിടെയില്ലായിരുന്നു

കമ്മ്യൂണിറ്റി ലിവിംഗ് എന്നതിനൊപ്പം ചേർന്നു നിൽക്കുന്ന ജൈവകാമ്പസും...വീടും, അതിലെ മനുഷ്യരും, അതിന് നേതൃത്വം നൽകുന്ന പ്രേം കുമാർ എന്ന വലിയ മനസ്സിന് ഉടമയായ ആ മനുഷ്യനും ഈ നൂറ്റാണ്ടിലെ ഒരു അത്ഭുതമായിമാത്രമേ കാണുവാൻ കഴിഞ്ഞൊള്ളൂ...!

" സത്യത്തിൽ തൻറെ പ്രവർത്തനങ്ങളെല്ലാം വിഫലമായിരുന്നോ എന്ന് തോന്നിയ നിമിഷങ്ങളായിരുന്നു കഴിഞ്ഞ പ്രളയകാലത്തിലൂടെ കടന്നുപോയത്.."   അദ്ദേഹം പറഞ്ഞുതുടങ്ങി - ചാലക്കുടിപ്പുഴ നിറഞ്ഞ് കവിഞ്ഞ് മൂഴിക്കുളം ശാലയെന്ന വലിയ സംരംഭത്തിനിടയിലൂടെകൂലം കുത്തിഒഴുകുമ്പോൾ , പതിറ്റാണ്ടിൻറെ പ്രയത്നഫലമായി താൻ വാർത്തെടുത്ത സകലസ്വപ്നങ്ങളും പ്രകൃതി തന്നെ  തകർത്തെറിഞ്ഞോ എന്ന പരിഭ്രാന്തിയിലായിരുന്നു...!

അതിന്ശക്തി പകരാവുന്ന രീതിയിൽ ആരെക്കെയോ ചേർന്ന് വലിയ പ്രചരണങ്ങളും അഴിച്ചുവിട്ടു.

-മൂഴിക്കുളംശാല തകർന്നു.....! - 

വലിയ വലിയ കോൺക്രീറ്റ് ഭിത്തികളെപ്പോലും തകർത്തെറിയുന്ന... ഈ മഹാപ്രളയത്തിലാണ് ദുർബലമായ ലോ കോസ്റ്റ് എന്നപേരിലുള്ള ഇഷ്ടിക വീടുകൾ .?

-പലവട്ടം പലരിൽ നിന്നും ഉയർന്ന , പുച്ഛം നിറഞ്ഞ ഈ  വാക്കുകൾക്കുനടുവിൽ  പ്രേം കുമാറെന്ന ആ മനുഷ്യനും ഒന്നു പതറി. -

https://lowcostomes.blogspot.com
Sri. Premkumar. Moozhikkulam Sala


 പ്രളയത്തിൻറെ രൗദ്രഭാവം കുറയുകയും, കാറ്റും കോളും ഒന്നുശമിക്കുകയും ചെയ്തപ്പോൾ കഴുത്തറ്റം നിറഞ്ഞ വെള്ളത്തിലൂടെ നീന്തി  അദ്ദേഹം തൻറെ സ്വപ്ന സാമ്രാജ്യത്തിലെത്തി... അത്ഭുതകരമായ രീതിയിൽ കാറ്റിനേയും ,കോളിനേയും, പ്രളയത്തേയും വെല്ലുവിളിച്ച് , അൽപ്പം പോലും കൂസാതെ എല്ലാവിമർശകരുടേയും വായടപ്പിച്ച്  തലയുയർത്തിനിൽക്കുന്ന ആ കെട്ടിട സമുച്ചയങ്ങൾ കണ്ട് അദ്ദേഹം സ്തബ്ദനായി....!

സിമൻറും, മണലും, ചേർന്ന് പരുവപ്പെടുത്തിയ പലകെട്ടിടങ്ങളിൽ നിന്നും  ഈർപ്പവും ചെളിയും വിട്ടു പോകാൻ മാസങ്ങളെടുക്കുകയും.. തകർന്നുപോവുകയും ചെയ്തപ്പോഴും.ലാറിബേക്കറെന്ന ആ വലിയ മനുഷ്യൻറെ ഭാവനയിൽ വിരിഞ്ഞ  സാധാരണക്കാരനുവേണ്ടിയുള്ള സ്വപ്നഭവനങ്ങൾ ഒന്നും സംഭവിക്കാത്തപോലെ പ്രകൃതിയോട് ചേർന്നുതന്നെ നിലക്കൊണ്ടു.

" എന്നിട്ടും എന്തുകൊണ്ടാണ് സാധാരണക്കാരന് കുറഞ്ഞ ചിലവിൽ ഒരുവീട് എന്ന പദ്ധതിയിൽ ഇത്തരം പ്രകൃതി ചൂഷണമില്ലാത്ത വീടുകൾക്ക് സർക്കാർ അനുവാദം നൽകാത്തത്..? " - അദ്ദേഹം ക്ഷുഭിതനായി -

" ഉണ്ടായിരുന്നെങ്കിൽ എത്രയോ പാവപ്പെട്ട മനുഷ്യർക്ക് , അന്തിയുറങ്ങാൻ ഒരുമേൽക്കൂരയുണ്ടാകുമായിരുന്നു.

..ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പ്രകൃതിസ്നേഹം വിളമ്പുകയും, അതുകഴിയുമ്പോൾ അതിനെ വെല്ലുവിളിക്കുന്ന പ്രവൃത്തികളുമാണ് നമുക്ക് എങ്ങും കാണാൻ കഴിയുക.. സർക്കാർ നിർമ്മാണങ്ങൾ ഉൾപ്പടെ സിമൻറും, കമ്പിയും, പാറക്കല്ലുകളും, മണലും ചേർന്ന കൂടാരങ്ങൾക്കു മാത്രമേ മാറി വരുന്ന ഏതൊരു സർക്കാരും അനുവാദം നൽകുകയൊള്ളൂ. അതുകൊണ്ട് എന്താണിവിടെ സംഭവിച്ചത്..? വാരിവാരി... പുഴയിലെ മണലുകളെല്ലാം തീർന്നു... കരഭിത്തികൾ ഇടിഞ്ഞുതാണ്...പുഴകൾ മഴക്കാലത്ത് കരയിലൂടെ ഒഴുകിത്തുടങ്ങി...മണൽവാരൽ നിരോധിച്ചപ്പോൾ പകരം പാറപ്പൊടികൾ ഉപയോഗിച്ചു...ഇപ്പോൾ മണലിൻറേയും , കല്ലിൻറേയും ആവശ്യങ്ങൾക്കുവേണ്ടി ഇവിടെയുള്ള സകല മലകളും, കുന്നുകളും ഇടിച്ചു നിരത്തിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികളുടെഎണ്ണവും കൂടിവരുന്നു.... എന്നാണിതിനെല്ലാം ഒരു പരിഹാരമുണ്ടാവുക...?

തുറന്നുപറഞ്ഞാൽ, ഏതൊരു സർക്കാരിനേയും നിയന്ത്രിക്കുന്ന കുറേ ഉദ്യോഗസ്ഥവൃന്ദങ്ങളും... അതോട് ചേർന്ന് നിൽക്കുന്ന കുറേ മാഫിയകളുമാണ് ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്..! പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുന്ന പദ്ധതികൾ പ്ളാൻ ചെയ്യുന്നതും... പുരോഗമനത്തിൻറെ പേരുപറഞ്ഞ് പ്രചരണം നൽകുന്നതിനും പിറകിൽ അവരാണ്, കഷ്ടകാലത്തിന് ഇനി അൽപ്പം പ്രകൃതിസ്നേഹം ആരെങ്കിലും പറഞ്ഞുപോയാൽ അവൻ പ്രാകൃതനും, പുരോഗമനത്തിന് എതിരാണെന്ന പ്രചരണം നടത്തി   കെട്ടുകെട്ടിക്കും...! ഒരുകാര്യം നമ്മൾ മനസ്സിലാക്കേണ്ടത് പശ്ചിമഘട്ടം നിലനിൽക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട്മാത്രമാണ് കേരളം ഇപ്പോഴും ഇത്ര മനോഹരമായി നിലനിൽക്കുന്നത്. രണ്ട് മൺസൂണുകൾ ഉണ്ടാവുന്നതും 44 നദികൾ ഉത്ഭവിക്കുകയും ചെയ്യുന്നത് ഇതേ പശ്ചിമഘട്ടത്തിൽ നിന്നാണ്. ഇപ്പോൾ പ്രത്യേകിച്ചും...ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തങ്ങൾ, എന്നിവ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ ഇതിനെയെല്ലാം തകർത്തുകൊണ്ട് എങ്ങിനെയാണ് ഓരോ പദ്ധതികളും പ്ളാൻ ചെയ്ത് മുന്നോട്ടു പോകുന്നതെന്ന്തീർച്ചയായും അത്ഭുതപ്പെടുത്തുന്ന ഒരുകാര്യം തന്നെയാണ്.!   പശ്ചിമഘട്ടത്തെ തകർത്തെറിഞ്ഞുകൊണ്ട് എന്ത് വികസന മാതൃകകളാണ് ഇവിടെ നടപ്പാക്കാൻ പോകുന്നത്...?   .ഈ പ്രകൃതിയും, പ്രകൃതിവിഭവങ്ങളും ഉണ്ടങ്കിൽ മാത്രമേ ഇവിടെ മനുഷ്യകുലത്തിനെന്നല്ല...ജീവനുള്ള ഏതൊരു വസ്തുവിനും നിലനിൽപ്പൊള്ളൂ എന്നയാഥാർഥ്യത്തിലേക്ക് എന്നാണിനി എത്തിച്ചേരുക..?" 

- കുറച്ചു നേരം മൗനിയായി നിന്നശേഷം അദ്ദേഹം തുടർന്നു..." സത്യത്തിൽ മൂഴിക്കുളം ശാലയെന്നത്..ഏകദേശം ആയിരത്തി ഇരുന്നൂറ് വർഷങ്ങൾക്ക് മുൻപ്.മൺമറഞ്ഞ പൂർവ്വികർക്കുവേണ്ടിയുള്ള ഒരു ആദരവാണ്...അല്ലങ്കിൽ കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഇങ്ങിനെയൊന്ന് സംഭവിക്കുവാനുള്ള സാദ്ധ്യത വളരെ പരിമിതമായിരുന്നു .  .എൻറെ ഒരുസുഹൃത്തിൻറെ താത്പര്യപ്രകാരം എൻറെ നാട്ടിൽ അദ്ദേഹത്തിന് സ്ഥലം വാങ്ങാൻ വേണ്ടി മാത്രമാണ് ഇവിടെ വന്നത്. സ്ഥലം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടുവെങ്കിലും രണ്ടര ഏക്കറോളമുള്ള സ്ഥലത്തിൽ നിന്നും ഇരുപത് സെൻറ് മാത്രം മുറിച്ചു നൽകുവാൻ ഉടമസ്ഥൻ തയ്യാറായില്ല. അങ്ങിനെയാണ് മതിലുകളില്ലാത്ത ലാറിബേക്കർ സ്റ്റൈൽ വീടുകളും, മൺപാതകളും, നിറയെ മരങ്ങളും, രാസവളം തീരെ ഉപയോഗിക്കാത്ത പച്ചക്കറി കൃഷിയും, പൂക്കളും, തവളയും, പൂമ്പാറ്റകളുമുള്ള ഒരു ജൈവ കമ്മ്യൂണിറ്റി ലിവിംഗ് എന്നആശയം  ഉദിച്ചത്.

 പിന്നീട് അതിനുള്ള ശ്രമങ്ങളായിരുന്നു. ആദ്യം സ്ഥലം  52  വീടുകളായി അടയാളപ്പെടുത്തി ഒരു വാരികയിൽ പരസ്യം ചെയ്തു. പ്രതികരണം വളരെ അത്ഭുതകരമായിരുന്നു. രണ്ടാഴ്ച്ചക്കകം തന്നെ എല്ലാ സ്ഥലങ്ങളും വിറ്റുപോയി.പക്ഷെ അതിനുള്ളിൽ, നിർമ്മിക്കേണ്ട വീടിനുള്ള പണം മുൻകൂറായി എങ്ങിനെ കണ്ടെത്തും എന്നത് ഒരുപ്രശ്നമായി.   പക്ഷെ സഥലത്തിൻറെ പണം ഒരുമിച്ച് പിന്നീട് തന്നാൽ മതിയെന്ന ധാരണയിൽ യഥാർഥ സ്ഥലം ഉടമ അതിൽ വീടുകൾ നിർമ്മിക്കുവാനുള്ള അനുവാദം തരുകയായിരുന്നു.       പക്ഷെനിർമ്മാണപ്രവർത്തനങ്ങൾതുടങ്ങിവരുമ്പോഴേക്കും ഒരു ഗൾഫ് ബൂം വരുകയും, സ്ഥലവിലയുൾപ്പടെ കേരളത്തിലെ എല്ലാ സാധനസാമഗ്രികൾക്കും വിലകുതിച്ചുയർന്ന് നിർമ്മാണ പ്രവത്തനങ്ങൾ താറുമാറാവുകയും ചെയ്തു. യഥാർഥത്തിൽ 2007-ൽ സംഭവിച്ച ആ ആഗോളവത്കരണത്തിൻറെ കെടുതികളിൽ കേരളം തകർത്തെറിയപ്പെടുകയാണുണ്ടായത്....! അന്ന് സിമൻറ്, കമ്പി, എന്നിവയ്ക്ക് മാത്രമല്ല അരിവിലപോലും കുത്തനെ ഉയർന്ന് 40- 45 രൂപയിലെത്തി. സഥലവില പതിമൂവായിരത്തിൽ നിന്ന് മൂന്ന് ലക്ഷമായി  നൂറുകണക്കിന് വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടപ്പെടുകയോ, സ്വകാര്യ വത്കരിക്കപ്പെടുകയോ ചെയ്തു... അനേകം പേർ പിരിച്ചുവിടപ്പെടുകയും...തൊഴിൽ രഹിതരാവുകയും ചെയ്തു...!!

 സത്യത്തിൽ  അങ്ങിനെ വളരെപ്പെട്ടന്ന് കടന്നുപോയ ഈ കാലങ്ങൾക്കുള്ളിൽ   അരിവിലപോലും  ഇന്നും  യാതൊരു മാറ്റവുമില്ലാതെ,    അതേ രീതിയിൽ തുടരുന്നു എന്നുള്ളതാണ്,   അന്ന് തുടക്കമിട്ട ആഗോളവത്ക്കരണത്തിൻറെ ഇന്നും ഞാൻ കാണുന്ന ഏറ്റവും വലിയ  ഭീകരത. ...!  ചുരുക്കി പ്പറഞ്ഞാൽ ഉള്ളവൻ വളരെപ്പെട്ടെന്ന് അതിസമ്പന്നനാകുകയും  ദരിദ്രൻ കൂടുതൽ ദരിദ്രനാക്കപ്പെടുകയും ചെയ്തു.    . ഒരർഥത്തിൽ ആഗോളവത്കരണത്തിൻറെ കെടുതികളിൽ തകർത്തെറിയപ്പെട്ട ലക്ഷക്കണക്കിന് മനുഷ്യരിൽ ഒരാളായി ഞാനും.. മാറ്റപ്പെട്ടു എന്നതാണ് കൂടുതൽ സത്യം.!

എന്തായാലും തുടർന്നുള്ള ജോലികളുടെ പൂർത്തീകരണത്തിന്, സ്വന്തം വീടും, പറമ്പും, കൂടാതെ തറവാട് സ്വത്ത് ഭാഗം ചെയ്ത് കിട്ടിയതും എല്ലാംകൂടി  വിറ്റ് പെറുക്കിഅൻപത്തിരണ്ട് വീടുകൾ നിർമ്മിച്ചുനൽകി!   മറ്റൊരുവിധത്തിൽ പറഞ്ഞാൽ അൻപത്തിരണ്ടു വീടുകൾ നിർമ്മിച്ചു നൽകി സ്വന്തം വീടു നഷ്ട്ടപ്പെട്ട  ഒരു വിഡ്ഢിയുടെ കഥയാണ് മൂഴിക്കുളം ശാലയുടെ ചരിത്രം എന്നു പറയുന്നതാകും കൂടുതൽ ശരി ..!

അങ്ങിനെ സ്വന്തം വീടുപോലും നഷ്ട്ടപ്പെട്ട ഒരുവേദനയിൽ ഇരിക്കുമ്പോഴാണ്. കണ്ടോ...കേട്ടോ..യാതൊരുപരിചയവുമില്ലാത്ത,. തീർത്തും അപരിചിതനായ ഒരാൾ ഹിമാചൽ പ്രദേശിൽ നിന്ന് ഇവിടെ എത്തിച്ചരുന്നത്,  അദ്ദഹത്തിൻറെ ആവശ്യം ഇവിടെയൊരു യോഗാ ക്യാമ്പ് സംഘടിപ്പിക്കുക എന്നതായിരുന്നു. ലോകത്തിൻറെ  വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദേശികൾ  ഉൾപ്പെടുന്ന എട്ടുമാസം നീണ്ടുനിൽക്കുന്ന വലിയ ഒരു യോഗാ ക്യാമ്പ്. തീർച്ചയായും ഞാനതിന് സമ്മതം മൂളുകയും, ഒരുധാരണാപത്രം എഴുതുകയും , എട്ടുമാസം കൊണ്ട് ലോകത്തിൻറെ സർവ്വ കോണിലുമുള്ള വിദേശികൾ ഇവിടെ വന്നുപോവുകയും ചെയ്ത ആക്യാമ്പിൽ നിന്ന് കിട്ടിയ പണം ഉപയോഗിച്ചാണ് ഇന്ന് ഈ കാണുന്ന മൂഴിക്കുളം ശാലയിൽ സ്വന്തമായി സ്ഥലം വാങ്ങി ഞാൻ ഒരു വീട് നിർമ്മിച്ചത്.!

ഇത്തരം ചില അപ്രതീക്ഷിതമായ കാര്യങ്ങളിൽ നിന്നാണ് ഞാൻ നേരത്തേ സൂചിപ്പിച്ച ആയിരത്തി ഇരുന്നൂറ് വർഷം മുൻപ് ജീവിച്ചിരുന്ന പൂർവ്വികരുടെ സ്മരണക്കാണ് ഇത് സമർപ്പിക്കുന്നതെന്ന്  പറഞ്ഞത്.   മാത്രമല്ലചരിത്ര     പുസ്തകങ്ങൾ തേടുമ്പോൾ മൂഴിക്കുളത്തെ ഒട്ടേറെ പരാമർശങ്ങൾ കണ്ട് പലപ്പോഴും  അത്ഭുതം തോന്നിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് എ.ഡി.820 ൽ ഭരിച്ചിരുന്ന, ചേരരാജാക്കളിൽ പ്രഗത്ഭനായിരുന്ന കുലശേഖര വർമ്മൻ സ്ഥാപിച്ച മുഖ്യ പാഠശാലകളിൽ ഒന്ന് മൂഴിക്കുളം ശാല ആയിരുന്നുവെന്നുള്ളതാണ്. അങ്ങിനെ ആവേശം തോന്നി മൂഴിക്കുളത്തെക്കുറിച്ച് കിട്ടാവുന്ന ചരിത്ര പുസ്തകങ്ങൾ മുഴുവൻ തേടിപ്പിടിച്ച് വായിച്ചുകിട്ടിയ  ഊർജ്ജത്തിൽ നിന്നുമാണ് ഇങ്ങിനെ ഒരാശയം പിറവിയെടുക്കുന്നത്.

 എന്നാൽ ഇപ്പോൾ , മൂഴിക്കുളം ശാലയെ, ഇത്തരം പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി  കേന്ദ്ര സർക്കാരിൻറെ  ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി എന്നുള്ളത് വലിയ ഒരു അംഗീകാരമായി കാണുന്നു.. കൂടാതെ അതിൻറെ മാതൃകാ കൃഷിത്തോട്ടമായി എടുത്തിരിക്കുന്നത് ഇവിടുത്തെ കൃഷി പാഠശാലയാണ്. 

ഇപ്പോൾ ഇവിടെ നാട്ടറിവ് പഠനക്കളരി. കൂടാതെ കുട്ടികൾക്കുവേണ്ടി പ്രകൃതിയെ എങ്ങിനെ വീണ്ടെടുക്കാം     എന്നതിനെ സംബന്ധിച്ച് ഓൺലൈൻ ക്ളാസ്സുകൾ, കൂടാതെ സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ള വീട്ടമ്മമാർ, അദ്ധ്യാപകർ, പ്രൊഫസർമാർ, ബിരുദ വിദ്യാർഥികൾ എന്നിവരെല്ലാം ചേരുന്ന ക്ളാസ്സുകളും സെമിനാറുമെല്ലാം നടത്തുന്നതോടൊപ്പം, കേരളത്തിൻറെ തന്നെ പലഭാഗങ്ങളിൽ നിന്നുതന്നെ ഇത്തരം  ജൈവകമ്മൃൂണിറ്റി കാമ്പസുകൾ സ്ഥാപിക്കുന്നതിനുള്ള ഓഫറുകളും, അന്വേഷണങ്ങളും..ചിലതെല്ലാം ആരംഭിക്കുന്നതിനുള്ള പദ്ധതികളുമായും മുന്നോട്ടു നീങ്ങുന്നു."

- സത്യത്തിൽ  വായിച്ചറിഞ്ഞതിൽ നിന്നും എത്രയോ വലിയ ഒരു സംരഭമാണ് മൂഴിക്കുളം ശാല...!    യാതൊരുവിധ തത്വദീക്ഷകളോ,വീണ്ടുവിചാരങ്ങളോകൂടാതെ കുറേ ഭ്രാന്തുപിടിച്ച മനുഷ്യർ സ്വാർഥ ലാഭങ്ങൾക്കുവേണ്ടി മാത്രം ചെയ്തുകൂട്ടുന്ന പ്രവൃത്തികളുടെ ഫലങ്ങളാണ്,  ഇന്ന്  ഓരോമനുഷ്യരും  അനുഭവിച്ചുകൊണ്ടിരിക്കുന്നത്.. പ്രളയമായും, കൊടുങ്കാറ്റായും, ഉരുൾപൊട്ടലായും...ഒരിക്കൽ പോലും പ്രവചിക്കാനോ, കണ്ടെത്താനോ പോലും കഴിയാത്ത മഹാവ്യാധികളുടേയും, ദുരന്തങ്ങളുടേയും  നാടായി ഈ ഭൂമിതന്നെ മാറിക്കഴിഞ്ഞിരിക്കുന്നു. അടുത്തഏതാനു വർഷങ്ങൾക്കുള്ളിൽ  ആഗോളതാപനത്തിൻറെ ഫലമായി കേരളത്തിലെ തന്നെ പലപ്രമുഖ നഗരങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളെല്ലാം തന്നെ കടലിനടിയിലാകുമെന്ന ഞെട്ടിപ്പിക്കുന്നവാർത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

 എന്നിട്ടും എന്തിനെന്നറിയാതെ മനുഷ്യരുടെ, വെട്ടിപ്പിടിക്കലും, പ്രകൃതിചൂഷണവും, എല്ലാം തുടർന്നുകൊണ്ടേയിരിക്കുന്നു. മൂഴിക്കുളം ശാലയുടെ ഒരിക്കലും അടയ്ക്കാത്ത, തുറന്നിട്ടിരിക്കുന്ന വാതായനങ്ങളിലൂടെ...ലോകത്തുള്ള സകലമനുഷ്യരുടേയും മനസ്സുകളിലേക്ക് നൻമയുടേയും, സ്നേഹത്തിൻറേയും പരസ്പര സഹവർത്തിത്വത്തിൻറേയും  വെള്ളിവെളിച്ചം കടന്നുവരട്ടെ എന്ന് പ്രാർഥിച്ചുകൊണ്ട് ആ വലിയ മഹാപ്രസ്ഥാനത്തിൻറെ പടവുകളിറങ്ങി പിന്നിട്ടുപോരുമ്പോൾ  മനസ്സുപറഞ്ഞു .. " ഏതൊരു വലിയ കൂരിരുൾക്കെട്ടിനേയുമകറ്റാൻ പ്രകാശത്തിൻറെ  ഒരു ചെറുകണം മാത്രം മതിയാകും......!

 മൂഴിക്കുളം ശാല, കറുകുറ്റി, മൂഴിക്കുളം റോഡ്, ( മൂഴിക്കുളം    ക്ഷേത്രത്തിന് സമീപം ) കുറുമശ്ശേരി - 683579, എറണാകുളം ജില്ല.അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌