<ലിങ്ക് href='https://www.vlcommunications.in' rel='canonical'> Skip to main content

Featured

ബോച്ചേ ഷാപ്പും, പാൽക്കപ്പയും !

 എങ്ങോട്ടെന്ന് നിശ്ചയമില്ലാത്ത ഒരു യാത്രയായിരുന്നു അത്. ചിലപ്പോഴെല്ലാം മനസ്സ് അങ്ങിനെ കൂടിയാണ്. സുഹൃത്തുക്കൾ ഒരുമിച്ച് കൂടിയിരിക്കുമ്പോൾ പോലും മനസ്സ് ചിലപ്പോഴെങ്കിലും എന്തെന്നറിയാതെ കട്ടി പിടിച്ചു പോകും. ഒരു വിധത്തിൽ സ്ഥിരം കാണുന്ന കാഴ്ചകളും, വർത്തമാനവും, ചിന്തകളുമൊക്കെയാകാം അതിനുള്ള കാരണവും.  അപ്പോഴാകും മേൽ പറഞ്ഞതുപോലെ എങ്ങോട്ടെന്നില്ലാതെ ചില യാത്രകൾ രൂപം കൊള്ളുന്നതും. എങ്കിലും എവിടേയും എപ്പോഴും മാറ്റമില്ലാതെ തുടരുന്ന പ്രകൃതിദൃശ്യങ്ങളും, കടലും, കരയും എല്ലാം തന്നെ. വണ്ടിയിലിരുന്ന് അപ്പുവാണത് പറഞ്ഞത്. നമുക്ക് വൈപ്പിൻകരയിലേയ്ക്കു പോകാം. അവിടെ ബോച്ചേ (ബോബി ചെമ്മണ്ണൂർ) യുടെ ടോഡി ഷോപ്പുണ്ട്. നല്ല കായൽ സൗന്ദര്യവും . ! എറണാകുളം വൈപ്പിൻകരയിലെ ബോച്ചേ ഷാപ്പ്. കൂടെയിരുന്നവരിൽ പലരും അത് ഗൗരവമായെടുത്തില്ല . കാരണം അതിൽ പലർക്കും കള്ളിനോട് വലിയ താത്പര്യമൊന്നുമില്ല. വളരെയേറെ വർഷങ്ങൾക്കു മുൻപാണെങ്കിൽ കേരളത്തിലെ മിക്കവാറും എല്ലാ ഗ്രാമങ്ങളിലും വളരെ ശുദ്ധമായ തെങ്ങിൻ കള്ള് കിട്ടുമായിരുന്നു. കാലങ്ങൾ അകന്നുപോകെ തെങ്ങുകളും, അതോടൊപ്പം ചെത്ത് തൊഴിലാളികളും അപ്രത്യക്ഷമായി . പിന്നീട് ഇപ്പോൾ വരുന്ന കള്ളിനോട...

സുഹൃത്ത് ദൈവമായകഥ

 എല്ലാവരും ആശാൻ എന്നുവിളിച്ചിരുന്ന, ആ മനുഷ്യനെ എത്രയോവട്ടം കണ്ടിരിക്കുന്നു, സംസാരിച്ചിരിക്കുന്നു.!

തീർത്തും.. പുരോഗമനവാദി, സാമൂഹ്യപ്രവർത്തകൻ.. !സർവ്വോപരി, നാട്ടിലെ ഏതുപ്രശ്നങ്ങൾക്കും പരിഹാരം തേടി അലയുന്നയാൾ


https://www.vlcommunications.in/2025/01/blog-post_25.html
കേരളത്തിൽ ഇപ്പോൾ വൃദ്ധസദനങ്ങളിലും,തെരുവോരങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന അമ്മമാരുടെ എണ്ണംകൂടിവരുന്നു. (സുഹൃത്ത് ദൈവമായകഥ)!



പഴയതറവാട്ട് ഭാഗം ചെയ്യുമ്പോൾ, അച്ഛൻ തനിക്കായി കരുതിവെച്ചിരുന്ന കുറേ കരിങ്കൽ ശിൽപ്പങ്ങൾ മാത്രമുള്ള കുടുംബക്ഷേത്രത്തെക്കുറിച്ച് പറഞ്ഞ് അദ്ദേഹം എപ്പോഴും പൊട്ടിച്ചിരിക്കുമായിരുന്നു. കാരണം കുടുംബക്ഷേത്ര പ്രതിഷ്ഠ കീഴാളദൈവമായ ചാത്തനായിരുന്നു. ആരൊക്കെയോ , എപ്പോഴൊക്കെയോയായി എഴുതിവെച്ച് ഭയപ്പെടുത്തിയ കഥകൾ വായിച്ചവരാരും ചാത്തനെ ഏറ്റെടുക്കുവാൻ തയ്യാറായതുമില്ല.!.

എങ്കിലും, ദൈവങ്ങളേയും മനുഷ്യനേപ്പോലെ തന്നെ കണ്ടിരുന്ന ആശാൻ, ചാത്തനെ പ്രതിഷ്ഠിച്ച കൂടുംബസ്വത്തിൻറെ ആ ഭാഗം തന്നെ ഏറ്റെടുത്തു. അതിനുള്ള പ്രത്യേക കാരണമായി അദ്ദേഹം പറയുന്നത്... ചാത്തൻ മറ്റ് ബ്രാഹ്മണിക്കൽ ദൈവങ്ങളെപ്പോലെ ജാതിയും, മതവുമില്ലന്നാണ്... മാത്രമല്ല അത്യാവശ്യം, കള്ളുകുടിയ്ക്കുകയും, മുറുക്കുകയും, ഇഷ്ടജനങ്ങളെ ചേർത്തുപിടിക്കുകയും, അവരുടെ ആവലാതികൾക്കും വേവലാതികൾക്കെല്ലാം പരിഹാരമുണ്ടാക്കുകയും ചെയ്യുന്ന സാധാരണക്കാരിൽ സാധാരണക്കാരനായ ചാത്തനെയല്ലാതെ പിന്നെയാരെയാണ് വിശ്വസിച്ചത്. കൂടെക്കുട്ടേണ്ടതെന്നായിരുന്നു പുരോഗമനവാദിയായ ആശാൻ്റെ മറുചോദ്യം.!

അതുകൊണ്ടാകണം, റിട്ടയർമെൻറിന് ശേഷം കിട്ടിയപണവും, കയ്യിലിരുന്നതുമെല്ലാം ആശാൻ ആരോടും ഒരു രൂപപോലും വാങ്ങാതെ ക്ഷേത്രത്തിൻറെ നിത്യകാര്യങ്ങൾക്കായിത്തന്നെ, ചിലവഴിച്ചതും.. 

കുറേപ്പണം ചാത്തനോട് വന്ന് കഷ്ടപ്പാടും, ദാരിദ്ര്യവും, പറഞ്ഞവർക്ക് വീതിച്ചുനൽകി. അല്ലാത്തവരെ ആത്മവിശ്വാസവും, ധൈര്യവും, നൽകി പറഞ്ഞയച്ചു.

 മറ്റു ചിലർക്ക് നിത്യേനഭക്ഷണപ്പൊതികളെത്തിച്ചും , കനത്ത രോഗപീഢകൾ അനുഭവിക്കുന്നവരെ,, . ചില്ലിത്തുട്ടുകൾ പോലും, പ്രതിഫലം പറ്റാത്ത സ്പെഷ്യലിസ്റ്റുകളായ ഡോക്ടർമാരുടെ വലയത്തിലെത്തിച്ചു, , ആശാൻ, മറ്റൊരു വിധത്തിൽ നാട്ടിലെ ജീവിച്ചിരുന്ന ചാത്തൻ സ്വാമിയായിത്തന്നെ മാറി.!

പലപ്പോഴും, കൂട്ടആത്മഹത്യ മാത്രമാണ് ഇനി മാർഗ്ഗമെന്ന് പറഞ്ഞുവന്നരേയും, നിത്യരോഗിയായി കഷ്ടപ്പെടുന്നവരേയും, പരീക്ഷാപ്പേടിയുമായി വരുന്ന ചിലകുഞ്ഞുകുട്ടികളേപ്പോലും, വിശ്വാസത്തിൻറേതായ ചിലത് ഒറ്റമൂലി പ്രയോഗങ്ങളിലൂടെ രക്ഷിച്ചെടുത്ത പല കഥകളും, രസകരമായി അദ്ദേഹം പങ്കുവെച്ചു.

അത്, ചിലപ്പോൾ തീവിഴുങ്ങുന്ന ചാത്തൻ്റെ രൂപത്തിലും, വർഷങ്ങളായി നിത്യപരിചയമുള്ള വലിയൊരു സുഹൃത്തിൻറെ രൂപത്തിലുമെല്ലാമായാകും പ്രത്യക്ഷപ്പെടുക. 

എങ്കിലും ഓരോദിവസവും ക്ഷയിച്ചു അവൻ്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തികച്ചും ബോധവാനായിരുന്ന ആശാൻ, അവൻ്റെ മുന്നിലേക്ക് നിത്യേന കടന്നുവരുന്ന നൂറുകണക്കായ ഈ പാവം മനുഷ്യർക്ക്, തനിക്കുശേഷം ഇനി ആരാണ് ഇവർക്ക് സംരക്ഷണം നൽകേണ്ട ചോദ്യത്തിനു മുന്നിൽ പലപ്പോഴും ഉത്തരങ്ങളില്ലാതെ പകച്ചു നിന്നു.

 അതുകൊണ്ടാകണം, അവസാനനാളുകളിൽ കനത്ത സാമ്പത്തിക പ്രതിസന്ധികളോടെ, സ്വന്തം ഭാര്യയെ മാത്രം മൂകസാക്ഷിയാക്കി ആശുപത്രിയിലെ മരണക്കിടക്കയിൽ മല്ലിടുമ്പോഴും ആരോടും പരിഭവിക്കുവാനോ.!, ആവലാതികൾ പറയുവാനോ.., ആരെയെങ്കിലും കാണുവാനോപോലും അദ്ദേഹം, തയ്യാറാകാതിരുന്നതും..

 എല്ലാവർക്കും, അവരുടേതായ ലോകമുണ്ട് ...! - അതായിരുന്നു മറുപടി 

അങ്ങിനെയെപ്പോഴോ, നിനച്ചിരിക്കാത്ത ഒരു പ്രഭാതത്തിൽ, ഒരുനാൾ തൻറെ കർത്തവ്യം പൂർത്തിയാക്കി ആശാനും ഒരു വെള്ളിനൂൽപോലെ ഒരു ശ്വാസഗതിയായി എങ്ങോട്ടോ മറഞ്ഞകന്നു.!.

പക്ഷെ, ഇപ്പോൾ ആശാൻ്റെ ഓർമ്മകൾക്കുമുന്നിൽ കനത്ത ഇരുളിനേയും ഭേദിച്ച് വെട്ടിത്തിളങ്ങി ഉയർന്ന് നിൽക്കുന്ന ലോഹനിർമ്മിതമായ മേൽക്കൂരകളോടെ ആപ്രദേശമാകെ കാണാവുന്ന രീതിയിൽ വലിയൊരു ക്ഷേത്രഗോപുരം ഉയർന്നുകഴിഞ്ഞു.

 പഴയ തുരുമ്പിച്ച ഇരുമ്പുപെട്ടികളും, ചിതൽപ്പുറ്റുകളും നിറഞ്ഞ ആശാൻറെ കിടപ്പുമുറിയുടെ സ്ഥാനത്ത് ശീതീകരണ സംവിധാനങ്ങൾ, കംപ്യൂട്ടറുകളും നിരവധി സ്റ്റാഫുകളും.

 നിരന്നിരുന്ന് ക്ഷേത്രവഴിപാടുകൾ രസീതാക്കുന്നതിൻ്റേയും, പ്രസാദമാക്കുന്നതിൻറേയും, പണമെണ്ണുന്നതിൻറേയും നിശ്ചലദൃശ്യങ്ങളോടെയുള്ള ബഹുവർണ്ണ പോസ്റ്ററുകൾ .

വിദേശത്തിരുന്ന് ഓൺലൈൻ ബുക്കിംഗും, ദർശനവുമെല്ലാം സാദ്ധ്യമാക്കുന്ന ആശാൻ്റെ പേരക്കുട്ടികൾ.

  കഴുത്തിൽ നീളമുള്ള സ്വർണ്ണ ചെയിനുകളും, കസവുമുണ്ടും, വേസ് ടിയു മണിഞ്ഞ കാര്യദർശികളായ മക്കളും,  പൊതുവിൽ എല്ലാത്തിൻറേയും നയൻത്രണം തങ്ങൾക്കെന്നമട്ടോടെ, ശീതീകരണമുറിയിലെ, ചില്ലുപാളികൾക്കിടയിലൂടെ പുറം ലോകം ദർശിക്കുന്ന അവരുടെ ഭാര്യമാരും.!

കാരണവരെ പ്രതിഷ്ഠിക്കണം,! അല്ലാത്തിടത്തോളം ചാത്തൻ അടങ്ങില്ലാന്നായിരുന്നത്രെ ജ്യോതിഷപ്രവചനം.!

 ആദ്യം കേട്ടവർക്ക് അത് അതിശയകരവും, ആവേശവുമായി തോന്നിയെങ്കിലും, പിന്നീട് ഒരു പാട് വ്യവസായികളും, സിനിമാതാരങ്ങളും, രാഷ്ട്രീയക്കാരുമെല്ലാം ആശാൻ സന്നിധിയിലേക്ക് ഇറങ്ങാൻ തുടങ്ങിയതോടെ, കാര്യങ്ങൾ ഉഷാറായി.

 പഴയ വേഷധാരികളും, ആശ്രയമറ്റവരുമായ ആശാൻ്റെ മുൻകാല സുഹൃത്തുക്കൾ വീണ്ടും ക്ഷേത്രസന്നിധിയിലേക്ക് കയറി വരാൻ തൂടങ്ങിയെങ്കിലും, കനത്ത മതിലുകളും, ഗേറ്റും, മലയാളഭാഷാ തീരത്തെ വശമില്ലാത്തവരുമായ സെക്യൂരിറ്റി ഗാർഡുകളെക്കൊണ്ട് അവർക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു.

പിന്നീട് പഴയതും പുതിയതുമായ ഒരുപാട് ഗാനരചയിതാക്കളും, സിനിമാതാരങ്ങളും, സിനിമാപാട്ടുകാരും ചേർന്ന് ആശാൻ സ്തുതിഗീതങ്ങളും, ചിലർആശാൻ സ്മരണകളുമെല്ലാം പുറത്തിറക്കി ആശാൻ്റെ ജന്മം ആഘോഷമാക്കി തീർത്തുകഴിഞ്ഞപ്പോൾ...വീട്ടുകാർ, ആശാൻ ചരിത്രംതന്നെ രചിച്ച് അതൊരു പാഠ്യപദ്ധതിയുടെ തന്നെ ഭാഗമാക്കിയാലോ എന്ന ചിന്തയിലായിരുന്നു.

എങ്കിലും വളരെ അപ്രതീക്ഷിതമായാണ്, ആശാൻ പതിവുപൊട്ടിച്ചിരികളോടെ അന്ന് സ്വപ്നത്തിലേക്ക് കയറി വന്നത്. വന്നയുടനെ മടിശ്ശീലയിൽ കരുതിയിരുന്ന വെറ്റിലയും, പാക്കും മടക്കിക്കൂട്ടി വായിൽതിരുകി ചവച്ചരച്ച് ഒന്ന്, കാർപ്പിച്ച് ചോദിച്ചു.

 "നീ എൻറെ സഹധർമ്മിണിയെ അവിടെ, എവിടെയെങ്കിലും കണ്ടുവോ...? മറ്റുപലരോടുചോദിച്ചിട്ടും ഇതുവരെ അതിനൊരു ഉത്തരവും ആരും തന്നില്ല.."

- എൻറെ ശബ്ദവും, കാഴ്ച്ചയുമെല്ലാം ഒരിക്കലും തിരിച്ചുകിട്ടാനാകാത്തവിധം അപ്പോൾ ആ ഇരുളിൽ വളരെ അധികം ആണ്ടുപോകാൻ തുടങ്ങിയിരുന്നു.-

"നന്നായി...! ആ പാവം..ഒരുപക്ഷേ,.. ഏതെങ്കിലും ഒരു വൃദ്ധ സദനത്തിലുണ്ടാകും..... ! .ശിഷ്ടകാലം, അൽപ്പം മനസ്സമാധാനത്തോടെയെങ്കിലും അവിടെ തന്നെ, ജീവിക്കട്ടെ..."!

ഇരുളിൽ ആശാനും, ശബ്ദവും പിന്നീട് അലിഞ്ഞലില്ലാതെയായി. അപ്പോഴും ദൂരെയെവിടെയോ ക്ഷേത്ര ഗോപുരത്തിൻറെ ഉയരങ്ങളിൽ നിന്നുള്ള മണിനാദം ആർത്തലച്ച് ചെവികളിൽ വീണ്ടും മുഴങ്ങുന്നുണ്ടായിരുന്നു.!.








Comments