<ലിങ്ക് href='https://www.vlcommunications.in' rel='canonical'> Skip to main content

Featured

ബോച്ചേ ഷാപ്പും, പാൽക്കപ്പയും !

 എങ്ങോട്ടെന്ന് നിശ്ചയമില്ലാത്ത ഒരു യാത്രയായിരുന്നു അത്. ചിലപ്പോഴെല്ലാം മനസ്സ് അങ്ങിനെ കൂടിയാണ്. സുഹൃത്തുക്കൾ ഒരുമിച്ച് കൂടിയിരിക്കുമ്പോൾ പോലും മനസ്സ് ചിലപ്പോഴെങ്കിലും എന്തെന്നറിയാതെ കട്ടി പിടിച്ചു പോകും. ഒരു വിധത്തിൽ സ്ഥിരം കാണുന്ന കാഴ്ചകളും, വർത്തമാനവും, ചിന്തകളുമൊക്കെയാകാം അതിനുള്ള കാരണവും.  അപ്പോഴാകും മേൽ പറഞ്ഞതുപോലെ എങ്ങോട്ടെന്നില്ലാതെ ചില യാത്രകൾ രൂപം കൊള്ളുന്നതും. എങ്കിലും എവിടേയും എപ്പോഴും മാറ്റമില്ലാതെ തുടരുന്ന പ്രകൃതിദൃശ്യങ്ങളും, കടലും, കരയും എല്ലാം തന്നെ. വണ്ടിയിലിരുന്ന് അപ്പുവാണത് പറഞ്ഞത്. നമുക്ക് വൈപ്പിൻകരയിലേയ്ക്കു പോകാം. അവിടെ ബോച്ചേ (ബോബി ചെമ്മണ്ണൂർ) യുടെ ടോഡി ഷോപ്പുണ്ട്. നല്ല കായൽ സൗന്ദര്യവും . ! എറണാകുളം വൈപ്പിൻകരയിലെ ബോച്ചേ ഷാപ്പ്. കൂടെയിരുന്നവരിൽ പലരും അത് ഗൗരവമായെടുത്തില്ല . കാരണം അതിൽ പലർക്കും കള്ളിനോട് വലിയ താത്പര്യമൊന്നുമില്ല. വളരെയേറെ വർഷങ്ങൾക്കു മുൻപാണെങ്കിൽ കേരളത്തിലെ മിക്കവാറും എല്ലാ ഗ്രാമങ്ങളിലും വളരെ ശുദ്ധമായ തെങ്ങിൻ കള്ള് കിട്ടുമായിരുന്നു. കാലങ്ങൾ അകന്നുപോകെ തെങ്ങുകളും, അതോടൊപ്പം ചെത്ത് തൊഴിലാളികളും അപ്രത്യക്ഷമായി . പിന്നീട് ഇപ്പോൾ വരുന്ന കള്ളിനോട...

വയനാട് ദുരന്തം പഠിപ്പിക്കുന്നത്.

ആലോചിച്ചാൽ എത്രയോ ദിവസം മുൻപേ, എഴുതാൻ തുനിഞ്ഞ ഒരു കുറിപ്പായിരുന്നു ഇത്. 

പക്ഷേ ഏതൊരു, മനുഷ്യനും, അൽപ്പംപോലും ഹൃദയഭാരം താങ്ങാതെ, അതല്ലെങ്കിൽ ഒരു തുള്ളി കണ്ണീർപോലും,  വാർക്കാതെയോ ഒരു വരിപോലും ഈ കാഴ്ചയെക്കുറിച്ച് എഴുതുവാൻ കഴിയുമായിരുന്നില്ല.! 

കേരളത്തിൻെറ തന്നെ, സർവ്വ നാഡീഞെരമ്പുകളും ഒരു നിമിഷത്തേയ്ക്കെങ്കിലും നിലച്ചുപോയ നിമിഷം.! അതല്ലങ്കിൽ, കേരളം ഏതാനും വർഷം മുമ്പ് മരണത്തെ നേർക്കുനേർകണ്ട, വലിയൊരു പ്രളയ ദുരന്തത്തിനും ശേഷമുള്ള മറ്റൊരു ഭീദിജനകമായ കാഴ്ച്ച.!


https://www.vlcommunications.in/2024/08/blog-post.html
 ഒരു ഒറ്റരാത്രിയിൽ ചിതറിത്തെറിച്ച ഗ്രാമ ജീവിതം.! വയനാട്, നടുക്കുന്ന ഓരോർമ്മ.


'മുണ്ടക്കൈ', 'ചൂരൽമല'... ആ വാക്കുകൾക്കുമുന്നിൽ കേരളം പകച്ചു നിന്ന ദിനരാത്രങ്ങൾ... ! അനേകം സഞ്ചാരികളെ സ്വീകരിക്കുകയും, ഊട്ടിയുറക്കുകയും ചെയ്ത മനോഹരമായ ഗ്രാമം.

 എത്ര പെട്ടെന്നാണ്, അനേകം മനുഷ്യരുടെ തന്നെ ജീവിതസ്വപ്നങ്ങളെയെല്ലാം തച്ചുടച്ച്, ഭൂമിപിളർക്കുമാറുച്ചത്തിൽ തകർന്നുവീണ പാറക്കൂട്ടങ്ങൾക്കും, കുത്തിയൊലിക്കുന്ന മലവെള്ളപ്പാച്ചിലിനുമിടയിലേക്ക് എന്നെന്നേക്കുമായി ഒരു നാടിനെ തള്ളിയിട്ട്, തോരാകണ്ണീരിലേക്കാഴ്ത്തിയത്.

എത്രയേറെ, സ്വപ്നങ്ങളുടേയും, പ്രതീക്ഷകളുടേയും, ചിതറിത്തെറിച്ച സൂക്ഷിപ്പുകളായിരുന്നു. വികൃതമാക്കപ്പെട്ട ആ മലയിടുക്കുകളുടെ ചെളിക്കൂമ്പാരങ്ങളിൽ.....! 
കല്യാണ ആൽബം മുതൽ കുഞ്ഞുങ്ങളുടെ ഷൂവും, ചെരുപ്പുകളും, കളിപ്പാട്ടങ്ങളും വരെ അക്കൂട്ടത്തിൽ പുതഞ്ഞുകിടന്നു..  

ചെളിക്കൂമ്പാരങ്ങൾക്കും കിലോമീറ്ററുകൾ അപ്പുറംവരെ, ആരെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ ചിന്ന ഭിന്നമായ മൃതശരീരങ്ങൾ,! 
ദുർഗന്ധം വമിക്കുന്ന ശരീരരഭാഗങ്ങൾ...! യജമാനനെത്തേടിയലയുന്ന നായ്ക്കുട്ടികൾ...! ഇതിനിടയിൽ വീണ്ടും ശക്തമാകാവുന്ന പേമാരിയും, കുത്തിയൊലിക്കുന്ന മലവെള്ളപ്പാച്ചിലും.!

https://www.vlcommunications.in/2024/08/blog-post.html
 വയനാട് ദുരന്തം

  ഉറ്റവരേയും, ബന്ധുക്കളേയും തേടിയുള്ള വിലാപങ്ങൾ, ഒരുകൂരയിൽ ഒരുമിച്ച് അന്തിയുറങ്ങിയവരെ തേടിയുള്ള ഒറ്റതിരിഞ്ഞുള്ള യാത്രകൾ...!ചുറ്റും ഇരുൾപരത്തി വിച്ഛേദിക്കപ്പെട്ട, വൈദ്യുതി , ടെലിഫോൺ ബന്ധങ്ങൾ. ഒരുഗ്രാമത്തെ പുറം ലോകവുമായി ബന്ധിപ്പിച്ചിരുന്ന തകർന്നടിഞ്ഞപാലം!.

ഇതിനപ്പുറം മറ്റെന്തു വലിയദുരന്തമാണ് മനുഷ്യർ നേരിൽ കാണേണ്ടത്...?!

താത്ക്കാലികാശ്വാസത്തിനുള്ള, രക്ഷാപ്രവർത്തനം പോലും അസാദ്ധ്യമായ മണിക്കൂറുകൾ...!
 ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കും, ആശുപത്രികളിലേയ്ക്കും മാറ്റപ്പെട്ട ഏതാനും മനുഷ്യർ അർത്ഥബോധത്തിൽ പറഞ്ഞ വാക്കുകളും, മനുഷ്യരുടെ ഉറവിടങ്ങളും തേടി ചെങ്കുത്തായ മലകൾ കയറി കൊടും കാടുകളിൽ എത്തിച്ചേർന്ന് സഹായ ഹസ്തം നീട്ടുന്നവനപാലകർ.!

 മുലയൂട്ടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി മാത്രം ദൂരെദിക്കിൽ നിന്നും കൈക്കുഞ്ഞുങ്ങളുമായി എത്തിച്ചേർന്ന വീട്ടമ്മമാർ. വസ്ത്രങ്ങളും പാലും റൊട്ടിയുമായി വരുന്ന അനേകം വാഹനങ്ങൾ. രാത്രിയും, പകലും മാറ്റിവെച്ച് യാതൊരു പ്രതിഫലേച്ഛയുമില്ലാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചേർന്ന സ്പെഷ്യലിസ്റ്റുകളായ ഡോക്ടർമാരുടെ സന്നദ്ധ സംഘം.

 എങ്കിലും, ഈ ദുരിതക്കാഴ്ചകൾക്കും, വിലാപങ്ങൾക്കും, പേമാരിക്കുമിടയിൽ , അനേകരുടെ കണ്ണുനീർ തുടച്ചുമാറ്റിക്കൊണ്ട് ഈ ലോകത്തോട് ഉറക്കെ വിളിച്ചുപറയുവാൻ തോന്നി...... ഇതാണ്,.....ഇതാണ് ഞങ്ങളുടെ കേരളമെന്ന്.! 

 എന്നിട്ടും ഇതിനിടയിലും ഇത്രയും ദാരുണവും, ദൈന്യതയും നിറഞ്ഞ പ്രതിസന്ധി ഘട്ടത്തിലും , യാതൊരു സങ്കോചവുമില്ലാതെ, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാനും, സമൂഹത്തിൽ ഭിന്നിപ്പിൻറേയും, വെറുപ്പിൻ്റേയും, വലിയൊരു അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്, കേരളം ആർജ്ജിച്ചെടുത്ത സകല നന്മകളേയും പുച്ഛിച്ചുതള്ളി കേരളത്തെ തകർത്തെറിയാൻ മാത്രം പ്രോത്സാഹിപ്പിക്കുന്ന ഒരു വിഭാഗം തന്നെയാണ് കേരളം. ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ ദുരന്തമെന്നത് ആർക്കും പറയാതിരിക്കാൻ കഴിയില്ല.!
     
തകർത്തുപെയ്യുന്ന, പേമാരിക്കും, മലവെള്ളപ്പാച്ചിലിനുമിടയിലൂടെ  സ്വജീവിതം തന്നെ, പണയപ്പെടുത്തി ദുരന്തമുഖത്തെ നൂൽപ്പാലത്തിലൂടെ പെരുമഴയത്തും, പ്രതീക്ഷയുടെ ഒരുനേർത്ത സ്വരമെങ്കിലും എവിടെനിന്നെങ്കിലും ഞരക്കം പോലെ കേൾക്കുന്നുണ്ടോ എന്ന് തേടിയിറങ്ങുന്നു, നൂറു കണക്കിന്, സന്നദ്ധപ്രവർത്തകർ..!
 പോലീസ് സേനാംഗങ്ങൾ, ഫയർഫോഴ്‌സ്, മുങ്ങൽ വിദഗ് ധർ, പ്രത്യേക പരിശീലനം സിദ്ധിച്ച സേനാംഗങ്ങൾ, ഇവരുടെയെല്ലാം വലിയതോതിലുള്ള അർപ്പണബോധവും, മനുഷ്യത്വപരമായ ഇടപെടലുകളും, സർക്കാർ സംവിധാനങ്ങളുടെ ജാഗ്രതയോടെയുള്ള തുടർപ്രവർത്തനങ്ങളും, മാത്രമാണ് വയനാട്, ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ ദാരുണമായ അവസ്ഥയിലേക്ക് വഴുതിപ്പോകാതിരിക്കാൻ കാരണം.

https://www.vlcommunications.in/2024/08/blog-post.html


എങ്കിലും, ഒരു ഞൊടിയിട ചിന്തിക്കാൻ പോലും സമയംകിട്ടാത്തവിധം, തകർന്നുപോയ ഒരുഗ്രാമത്തേയും, അവിടെ അധിവസിച്ചിരുന്ന ഉറ്റവരും, ഉടയവരും, നഷ്ടപ്പെട്ട ആയിരക്കണക്കായ മനുഷ്യരുടെ പുനരാധിവാസവും, . അവരെയെല്ലാം യാതൊരുഭയശങ്കകൾക്കുപോലും ഇടമില്ലാത്തവിധം തിരികെ ജീവിതത്തിലേക്ക് ആത്മവിശ്വാസം നൽകി തിരിച്ചെത്തിക്കുകയും ചെയ്യുക എന്നത് മാത്രമാണ് , ഇപ്പോൾ സർക്കാരിനും, കേരള ജനതയ്ക്കും മുന്നിലുള്ള പ്രധാന വെല്ലുവിളിയും, അടിയന്തിരമായ കടമയും.

നമ്മൾ, ഈ ബ്ലോഗിൽ തന്നെ പലപ്പോഴും, ചർച്ചചെയ്യുകയും, പറയുകയും, വലിയഭയശങ്കകളോടെ എപ്പോഴും കാണുകയും ചെയ്തിരുന്ന , കാലാവസ്ഥാ വ്യതിയാനമെന്ന പ്രതിഭാസം തന്നെയാണ് ഇവിടേയും, വയനാട് ദുരന്തത്തിനും പ്രധാനകാരണമായിത്തീർന്നത്.

 പണ്ട് സാധാരണരീതിയിൽ, ഒരുമാസമോ, ഒരു വർഷം കൊണ്ടോ പെയ്തുതീരേണ്ട കാലവർഷം, ഒരു പ്രത്യേക പ്രദേശത്ത്, അതിശക്തമായി കുറഞ്ഞ സമയത്തിനുള്ളിൽ , അതിതീവ്രമഴയായി പെ യ്തിറങ്ങുകയും, ആ പ്രദേശത്തെ മണ്ണിന് അത്രയും ജലാംശം സംഭരിക്കുവാനോ, കുതിർന്ന മണ്ണിന് വീണ്ടും അതിനെ ആഗിരണം ചെയ്യുവാനോ കഴിയാതെ, പാറയിടുക്കുകൾക്കുള്ളിൽ ആഴ്ന്നിറങ്ങി ഉയർന്ന പ്രഭാവത്തിൽ അത് പാറയിടുക്കുകൾക്കിടയിലൂടെ പൊട്ടിയൊലിച്ച് അതിശക്തമായി താഴേയ്ക്ക് പതിക്കുന്ന ഒരു പ്രക്രിയയേയാണ് സാധാരണയായി ഉരുൾപൊട്ടലെന്ന വാക്കിൽ വിശേഷിപ്പിക്കുന്നത് . കൂടാതെ ആ പ്രദേശത്തിൻറെ ഘടനയും, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങളാകും അതിൻറെ ശക്തിയും, രൂക്ഷതയും വർദ്ധിപ്പിക്കുന്നത്. 
 
 കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാഗമായുള്ള, അതിതീവ്രമഴ ഇപ്പോൾ കേരളത്തെയെന്നല്ല, , മരുഭൂമികളെപ്പോലും ആശങ്കയിലാഴ്ത്താൻ തുടങ്ങിയിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വിചിത്രമായ  പ്രതിഭാസം.

 2018-ൽ, കേരളത്തിൽ, ഇതുപോലെതന്നെ ആദ്യമായും, തീർത്തും അപ്രതീക്ഷിതമായി, വൃഷ്ടിപ്രദേശങ്ങളിൽ സംഭവിച്ച അതിതീവ്രമഴയുടെ ഭാഗമായുണ്ടായതാണ് കേരളം കണ്ട മഹാ പ്രളയം! 
എന്നാൽ ആ പ്രളയത്തോടനുബന്ധമായി,   അന്ന്   ഇടുക്കിയിൽ മാത്രം രണ്ടായിരത്തോളം ഉരുൾ പൊട്ടലുകൾ മാപ്പുചെയ്തിരുന്നതായും, അതിൽത്തന്നെ പകുതിയോളം, ഉൾക്കാടുകളിൽമാത്രം   സംഭവിച്ചിരുന്ന  തായും, വിദഗ് ധർ പറയുന്നു.

എന്നാൽ  ഇപ്പോഴത്തെ കലാവസ്ഥ വ്യതിയാനത്തിൻറെ ഭാഗമായി, പ്രളയകാലത്തേയും കവച്ചുവെക്കുന്ന രീതിയിൽ,  മലയോരമേഖലകളിൽ മാത്രം, 42 ശതമാനം കൂടുതലായാണ് മഴ ലഭിക്കുന്നതെന്നവസ്തുതയും വളരെയേറെ ഞെട്ടിപ്പിക്കുന്നതുതന്നെയാണ്, 



https://www.vlcommunications.in/2024/08/blog-post.html
ഉരുൾപൊട്ടൽ


  മാറുന്ന പുതിയ ലോകസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പുറത്തുവരുന്നു, ഓരോ പഠനങ്ങളുടേയും റിപ്പോർട്ടുകൾ പ്രകാരം ലോകത്തെവിടെയുമെന്നപോലെ നമ്മുടെ നാട്ടിലും വലിയ തോതിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവയ്ക്ക് തന്നെയാകും, തുടർന്നും കേരളവും സാക്ഷ്യം വഹിക്കേണ്ടിവരിക.

അതിനാൽ തന്നെ നമ്മൾ  ഓരോരുത്തരും അധിവസിക്കുന്ന പ്രദേശങ്ങൾ സുരക്ഷിതമാവുകയോ, അതല്ലങ്കിൽ സുരക്ഷിതമാക്കേണ്ടതോ ആയ വലിയൊരു സാമൂഹ്യ ബാദ്ധ്യതകൂടി, സംസ്ക്കാരസമ്പന്നമായ ഒരു സമൂഹമെന്നനിലയിൽ നമ്മളിൽ എല്ലാവരിലും സ്വയം അർപ്പിതമാവുമാണ്.. പ്രത്യേകിച്ച് മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും അധിവസിക്കുന്നവരെ സംബന്ധിച്ച്.

മാത്രമല്ല കൂടുതൽ പരിസ്ഥിതി പഠനങ്ങളുടേയും, കാലാവസ്ഥാ പ്രവചനങ്ങളുടേയും അടിസ്ഥാനത്തിൽ കൂടുതൽ മുന്നൊരുക്കങ്ങളോടെതന്നെ പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ എല്ലാ ജില്ലാതലങ്ങളിലും, സ്ഥിരമായി സജീകരിക്കുവാനും,കൂടാതെ ദുർബലമേഖലകളെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങളും, വിശദമായ മാപ്പിംഗുകളും ഇപ്പോൾ സർക്കാരിൻ്റെ നേതൃത്വത്തിൽ ദ്രുതഗതിയിൽ നടക്കുന്നതുമെല്ലാം വളരെയേറെ ശുഭോദർ ഹവും, പെട്ടെന്നുണ്ടാകുന്ന ഇത്തരം ദുരന്തങ്ങളിൽനിന്ന് അനേകായിരം മനുഷ്യരെ സംരക്ഷിക്കുവാനുമെല്ലാം പര്യാപ്തവുമാണ്.

 എങ്കിൽ പോലും, തുടർച്ചയായി സംഭവിക്കുന്ന  ഇത്തരം  പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ നമ്മൾ കുറച്ചുകൂടി ജാഗരൂഗരാവുകയും, കഴിയുന്നതും അത്തരം പാരിസ്ഥിതിക ദുർബല പ്രദേശങ്ങളിൽ നിന്നും മാറിനിൽക്കുവാനോ, സാവധാനം ഒഴിഞ്ഞു പോകുവാനോ കാണിക്കേണ്ട സന്നദ്ധത തന്നെയാണ്  ഇത്തരം മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നും കഴിഞ്ഞു പോയ ഈ വലിയ ഒരു ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പല ശാസ്ത്ര നിരീക്ഷകരും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.!

Comments