മനോഹരമായ യാത്ര കേരളത്തിൽ എങ്ങിനെ പ്ളാൻ ചെയ്യാം ?


 ഒരു യാത്ര എങ്ങനെ അതിമനോഹരമായി പ്ലാൻ ചെയ്യാം ? പ്രത്യേകിച്ച് ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിൽ !

  നമ്മൾ പലപ്പോഴും , കേരളത്തിലേക്ക് ഒരു ട്രാവൽ, അല്ലങ്കിൽ ഒരു ടൂർ പാക്കേജ് എന്നൊക്കെ പറയുമ്പോൾ, കൊച്ചി, കോഴിക്കോട്, പാലക്കാട്, വയനാട്, ഇങ്ങിനെ പല സ്ഥലങ്ങളിലേക്കാണ് ശ്രദ്ധ തിരിയുന്നത്. എന്നാൽ എത്രയോ വർഷങ്ങളായി കാണുകയും, പറഞ്ഞും കേൾക്കുകയും ചെയ്യുന്ന ഇടങ്ങളിലൂടെ എന്തിനെന്നില്ലാതെ വെറുതെ കറങ്ങി സമയം ചിലവഴിക്കുന്ന ഒരു പ്രവണത നമ്മൾ ഒരു ട്രാവൽ പ്ലാൻ ചെയ്യുമ്പോൾ പലപ്പോഴും കണ്ടുവരാറുണ്ട്. !

https://www.vlcommunications.in/2023/10/blog-post_22.html
 കേരളത്തിലെ ഉൾഗ്രാമങ്ങൾ



ഉദാഹരണത്തിന് പാലക്കാട് എന്നുപറയുമ്പോൾ ആദ്യം കോട്ടകാണാം, പിന്നെ മലമ്പുഴ അണക്കെട്ടുകാണാം, അല്ലങ്കിൽ പ്രശസ്‌തമായ ഒരുക്ഷേത്രം .! ഇങ്ങിനെയൊക്കെയാണ് വിവിധ ടൂർ ഏജൻസികളും പലപ്പോഴും പ്ലാൻ ചെയ്ത് നമ്മോട് സംസാരിക്കുന്നത്

  എന്നാൽ നമ്മൾ കുറച്ചുകൂടി സമയം ചിലവഴിച്ച് ഒരു യാത്ര പ്ലാൻ ചെയ്ത് നോക്കു.... ഒരുപക്ഷേ, ജീവിതത്തിലെ അതിമനോഹരമായ കുറേ നിമിഷങ്ങളാകും അത് നിങ്ങൾക്ക് സമ്മാനിക്കുക.. വലിയ ഒരു ടൂർപാക്കേജൊന്നുമല്ലങ്കിൽ പോലും, ഒരു ബൈക്കിലോ, കാറിലോ സഞ്ചരിക്കാവുന്ന ഏതാനും മണിക്കൂറുകളുടെ യാത്ര മാത്രം മതിയാകും. ആ മനോഹര നിമിഷങ്ങളെ എന്നെന്നേയ്ക്കുമായി ഹൃദയത്തിലേക്കാവാഹിക്കാൻ !

  നമ്മൾ കുറേ ഭക്ഷണ സാധനങ്ങൾ ചുമന്നുകെട്ടി, രാവിലെ മുതൽ വൈകുന്നേരം വരെ വണ്ടിക്കകത്തിരുന്ന് ഉറങ്ങുകയും, ഉറക്കച്ചടവിനുള്ളിൽ ആരെങ്കിലും വിളിച്ചു പറയുന്നതുകേട്ട്, എവിടെയെങ്കിലുമൊക്കെയിറങ്ങി ചുറ്റിത്തിരിഞ്ഞുപോരുന്ന ചില യാത്രാ സംഘങ്ങളിൽ പോവുക. അതിൽ നിന്നും എന്തുതരം ആനന്ദമാണ് നമുക്ക് ലഭിക്കുന്നത്?  

 അതുകൊണ്ട് തന്നെ നമ്മുടെ സഞ്ചാരം അൽപ്പം വേറിട്ട പാതകളായ ഉൾഗ്രാമങ്ങളിലേക്ക് തന്നെയാകട്ടെ.!

 നേരത്തെ  നിശ്ചയിച്ചുറപ്പിച്ച, തിരക്കേറിയ ഹൈവേ റോഡുകളിലൂടെയുള്ള പാച്ചിലും , സ്ഥിരമായി നിശ്ചയിക്കപ്പെട്ട ഹോട്ടൽ  ഭക്ഷണങ്ങളും, ചില സമയ ക്രമങ്ങൾ നിശ്ചയിച്ചുള്ള സഞ്ചാരവുമെല്ലാം ഒഴിവാക്കി നേരത്തേ പലവട്ടം കണ്ടിട്ടുള്ള സ്ഥിരം സ്ഥലങ്ങളിലേയ്ക്ക് തന്നെ അവയുടെ ഉൾഗ്രാമങ്ങളിലെ പച്ചപുതച്ച കാഴ്ചകളും, ജീവിതവും, സംസ്ക്കാരങ്ങളുമെല്ലാം ആസ്വദിച്ച്. ഒരു യാത്ര പ്ലാൻ ചെയ്ത് നോക്കൂ! എത്ര മനോഹരമായിരിക്കുമത്!

   

https://www.vlcommunications.in/2023/10/blog-post_22.html
 കൊച്ചിയിലെ ഗ്രാമങ്ങൾ


 ഒരിക്കൽ പോലും പ്രതീക്ഷിക്കാത്ത വിസ്മയകരമായ കാഴ്ചകളും, മനുഷ്യരും, അനുഭവങ്ങളുമാകും നിങ്ങളെ കാത്തിരിക്കുന്നത്. 

പക്ഷേ യാത്രയ്ക്കുമുൻപേ ചില മുന്നൊരുക്കങ്ങൾ വേണമെന്നുമാത്രം. അതായത് ആ പ്രദേശത്തെക്കുറിച്ച് വ്യക്തമായി അറിവുള്ളതും, പരിചയക്കാരനും, വിശ്വസ്തനുമായ ഒരാളെ കൂടെ കൂട്ടുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമായി പലപ്പോഴും തോന്നിയിട്ടുണ്ട്.

അവരുമായി സംസാരിച്ച് പ്രദേശത്ത് കാണുവാനും, ആസ്വദിക്കുവാനും, ചിലവഴിക്കുവാൻ കഴിയുന്ന സമയത്തെക്കുറിച്ചുമൊക്കെ ചോദിച്ചറിയുക.

ഭക്ഷണവും, സംസ്ക്കാരവും

കഴിയുന്നത്ര ദൂരം കാൽനടയായി സഞ്ചരിക്കുകയും, അവിടുത്തെ ഭക്ഷണശാലകളിൽ കയറി, നാടിൻറെ പലതിലുള്ള രുചിഭേദങ്ങളേയും, മനുഷ്യരേയും, അവരുടെ ഭാഷാരീതികളും, സംസ്ക്കാരങ്ങളുമൊക്കെ തിരിച്ചറിയുവാൻ കഴിയുന്നതും, ഓരോ പ്രദേശങ്ങളിലെ മനുഷ്യരുടെ ജീവിതവുമെല്ലാം അടുത്തറിയാനുമൊക്കെയുള്ള ഒരു സഞ്ചാരമായി നമ്മുടെ ടൂർ പ്രോഗ്രാമുകൾ മാറിത്തീരുകയെന്നത് തീർത്തും വേറിട്ട ഒരനുഭവം തന്നെയാകും !   


https://www.vlcommunications.in/2023/10/blog-post_22.html
  കൊച്ചിയിലെ ഗ്രാമങ്ങൾ


യാത്ര എങ്ങിനെ പ്ലാൻ ചെയ്യാം ?

  രണ്ടാമതായി ഇത്തരം യാത്രകളുടെ ചൂടും, ചൂരും അനുഭവിച്ചറിയുവാൻ  താത്പര്യമുള്ളവർ മാത്രമാകണം  യാത്രാ സംഘത്തിലുണ്ടാവേണ്ടത്. അല്ലാത്തിടത്തോളം അത് ആത്മഹത്യാപരമെന്ന് മാത്രമല്ല,  ഒന്നോ രണ്ടോ പേരുടെ താത്പര്യരാഹിത്യം മാത്രം മതിയാകും മറ്റുള്ളവരുടെ ഉത്സാഹം കെടുത്തുവാനും. !

 അതിനേക്കാളുമേറെ ഏറെ ശ്രദ്ധ വേണ്ടത്, മികച്ച ഭക്ഷണവും, ആവശ്യമെങ്കിൽ അത്യാവശ്യം നല്ല രീതിയിലുള്ള താമസ സൗകര്യവുമെല്ലാം മുൻകൂട്ടി അന്വേഷിച്ചറിഞ്ഞ്  ബുക്കുചെയ്യുക എന്നതാണ്.

 അതുപോലെ യാത്രാ സംഘത്തിലുള്ളവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതും, ഇടത്തരം വലിപ്പം കുറഞ്ഞ വാഹനങ്ങളും യാത്രക്കായി ഉപയോഗിക്കുന്നതുമാകും കൂടുതൽ നല്ലത്. 

 അല്ലാത്തപക്ഷം ഉൾഗ്രാമങ്ങളിലെ ഇടറോഡുകളിലൂടെയുള്ള സഞ്ചാരമെല്ലാം വളരെ ബുദ്ധിമുട്ടായെന്നും വരാം.

  ഇപ്പോൾ ഇങ്ങിനെ പറയുവാൻ കാരണം. മലയാളത്തിലെ വളരെ പ്രശസ്തനായ ഒരു സംവിധായകൻ തൻറെ ഒരു ചിത്രത്തിൻറെ ഷൂട്ടിംഗിനായി, വടക്കൻ പറവൂരിൻറെ സമീപപ്രദേശമായ ഒരു ഗ്രാമത്തിലേക്ക് വരികയുണ്ടായി, എന്നാൽ ആ പ്രദേശം ആദ്യമായി കാണുകയായിരുന്ന ആ സംവിധായകൻ  ആ പ്രദേശത്തെ നീണ്ടുപോകുന്ന പാടവരമ്പുകളും, പുഴയും, കൈത്തോടും, വിശാലമായ ആകാശപ്പരപ്പും, പരമ്പരാഗത കൃഷിരീതികളുമെല്ലാം കണ്ടിട്ട്  പറഞ്ഞത്. ഈ സ്ഥലം കുറേക്കൂടി നേരത്തേ കണ്ടിരുന്നുവെങ്കിൽ, എൻറെ പലസിനിമകളുടേയും  സ്ഥിരം ലൊക്കേഷനായ  ആലപ്പുഴ വിട്ട് ഇങ്ങോട്ട് മാറ്റിയേനെയെന്നാണ്.!

 അപ്പോൾ നമ്മൾ പലപ്പോഴും, കണ്ടിട്ടുണ്ടന്നും, അറിയാമെന്നല്ലാം പറയുന്ന സ്ഥലങ്ങൾ പോലും യഥാർഥത്തിൽ നമ്മൾ കണ്ടിട്ടില്ലന്നുള്ളത് തന്നെയാണ് സത്യം!  

https://www.vlcommunications.in/2023/10/blog-post_22.html
 കൊച്ചിയുടെ ഉൾഗ്രാമങ്ങൾ


  അതു കൊണ്ടുതന്നെ,  അധികം പണച്ചിലവില്ലാത്തതും, രസകരവും, ലളിതവുമായ ചെറു ,  ചെറു യാത്രകൾ ഇതുപോലെ ഇടയ്ക്കിടെ പ്ലാൻ ചെയ്തു നോക്കൂ.. വല്ലാത്ത മനോഹാരിതയാകും അത്തരം അനുഭവങ്ങൾക്ക്. 

ചില ഉൾഗ്രാമങ്ങളിലെ അസ്തമയക്കാഴ്ചകളുടെ മനോഹാരിത പോലും കണ്ട് ചിലപ്പോൾ നമ്മൾ നിമിഷങ്ങളോളം വിസ്മയിച്ചു പോകും!

അതുപോലെതന്നെയാണ്ചിലയിടങ്ങളിലെ ഉത്സവങ്ങൾ, പാടശേഖരങ്ങളിലെ കൃഷിപ്പണി, തോട്ടങ്ങളിലെ വിളവെടുപ്പ്, ഉൾനാടൻ മത്സ്യബന്ധനം, നാടൻ ഭക്ഷണങ്ങൾ, ജലോത്സവങ്ങൾ ഇങ്ങിനെ എത്രയേറെ  വൈവിധ്യമാർന്ന കാഴ്ച്ചകളേയാണ് നമ്മൾ ഓരോ യാത്രകളിലും മന:പൂർവ്വം ഒഴിവാക്കുന്നത്.!

പ്രത്യേകിച്ചും, കുട്ടികളായാലും, മുതിർന്നവരായാൽപ്പോലും, നമ്മുടെ നാടിനേയും,  വ്യത്യസ്ഥരായ മനുഷ്യരേയുമെല്ലാം അടുത്തറിയുവാനും, പഠിക്കുവാനുമുള്ള വലിയൊരു അവസരം കൂടിയാണ് നമ്മൾ അറിയാതെ  നഷ്ട്ടപ്പെടുത്തിക്കളയുന്നത്.

കൂടാതെ യാത്രാ സംഘത്തിലെ പലദേശങ്ങളിലുള്ള ബന്ധുക്കളേയും , അവരുടെനാട്ടിലും അവരുടെ സാന്നിദ്ധ്യവുമെ ല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ടും ഓരോ പ്രദേശങ്ങൾ  ചുറ്റിക്കറങ്ങുവാനും, അതുവഴി ബന്ധങ്ങളെ ശക്തമായി, അതിൻറെ ഊഷ്മളതയോടെ തന്നെ കാത്തു സൂക്ഷിക്കുവാനും കഴിയുമെങ്കിൽ തീർച്ചയായും ഇത്തരം ചെറുയാത്രകൾ  ജീവിതത്തിൽ ഒരു പുതിയ ഊർജ്ജം നിറക്കുക തന്നെ  ചെയ്യുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല . !

Comments