Search This Blog
God's Own Country.Kerala. How to build eco - friendly houses at low cost. Nature and Nature foods in Kerala, Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
Featured
- Get link
- X
- Other Apps
ഒരു പ്രകൃതി വീട്
ചെങ്കല്ലിൽ നിർമ്മിച്ച പ്രകൃതിവീട് |
ഒരു പ്രകൃതി വീട്
തൃശൂർ ജില്ലയിലെ മതിലകത്ത് അദ്ധ്യാപകനായ ശ്രീ. രാഗേഷിൻറെ ചിരകാല സ്വപ്നമായിരുന്നു ഓട്മേഞ്ഞ ഒരുവീട് എന്നത്.ഓട്മേയുക എന്നത് മാത്രമല്ല,വളരെലളിതവും ഒപ്പം പ്രകൃതിയോട് ചേരുന്നതുമാകണം എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ആഗ്രഹം.!
ആഗ്രഹങ്ങളും മനസ്സിൽ പേറി കുറച്ചു കാലം നടന്നതല്ലാതെ അതിൻ്റെ നിർമ്മാണത്തിന് യോഗ്യമായ ഒരാളെ കണ്ടെത്താൻ സാധിച്ചതുമില്ല.
അങ്ങിനെയിരിക്കുമ്പോഴാണ് അദ്ദേഹം ലാറി ബേക്കറെക്കുറിച്ചും , ബേക്കർ വിഭാവനം ചെയ്ത തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോസ്റ്റ് ഫോർഡ് എന്ന സ്ഥാപനത്തേയും കുറിച്ച് അറിയുന്നത്. കോസ്റ്റ് ഫോർഡുമായി ബന്ധപ്പെടുകയും അങ്ങിനെ അവിടുത്തെ ആർക്കിടെക്റ്റായ ശ്രീ. ശാന്തി ലാലിൻറെ ഡിസൈനുകൾ അനുസരിച്ച് ആയിരത്തി ഇരുന്നൂറ് സ്ക്വയർ ഫീറ്റിലുള്ള ഈ വീട് നിർമ്മിക്കുകയായിരുന്നു.
സിറ്റൗട്ടും, നടുമുറ്റവും , രണ്ട് ബെഡ് റൂമുകളും ചേർന്ന വീടിൻ്റെ ലിവിംഗും . ഡൈനിങ്ങുമെല്ലാം ഓപ്പൺ കിച്ചനോട് ചേർത്ത് വെച്ചിരിക്കുന്നു.
വീടിൻ്റെ പ്രധാന ഹൈലൈറ്റ് എന്നത് നടുമുറ്റമാണ്. വെയിലും, നിലാവും , മഴയുമെല്ലാം വീടിനകത്തേക്ക് കയറി വരും വിധം അത് മനോഹരമാണ്. കൂടാതെ കൂടുതൽ ശുദ്ധവായുവും വെളിച്ചവും വീടിനകത്തേയ്ക്ക് പ്രവേശിക്കുവാനും ഈ നടുമുറ്റത്തിൻ്റെ നിർമ്മാണം സഹായിച്ചിട്ടുണ്ട്.
ഫ്ലോറിംഗിന് ടൈലുകൾക്ക് പകരം റെഡ് ഓക്സൈഡ് ഉപയോഗിച്ചതിലൂടെ വീടിന് പ്രൗഢവും , പഴമ തോന്നിപ്പിക്കുന്നതുമായ ഒരു രാജകീയ ഭാവം തന്നെ കൈവന്നിരിക്കുന്നു. താഴെ നിലയിലുള്ള രണ്ട് ബെഡ് റൂമുകളും മഡ് പ്ളാസ്റ്ററിംഗാണ് ചെയ്തിരിക്കുന്നത്. എന്നാൽ സാധാരണ രീതിയിൽ എല്ലാവരും കരുതുന്ന പോലെ സിമൻ്റ് പ്ലാസ്റ്ററിനേക്കാൾ ചിലവ് കുറവാണ് മഡ് പ്ലാസ്റ്ററിംഗിന് എന്ന ധാരണയൊന്നും വേണ്ട. മറിച്ച് മുറിക്കുള്ളിൽ കൂടുതൽ തണുപ്പ് നിലനിർത്തുവാനും പെയിൻ്റിംഗോ മറ്റു രീതിയിലുള്ള ഫിനിഷിംഗ് ഒന്നും ആവശ്യമില്ലാതെ മണ്ണിൻ്റെ നിറവും തനിമയും നിലനിർത്തുവാൻ കഴിയും എന്നതാണ് മുഖ്യ പ്രത്യേകത.
പൂർണ്ണമായും ചെങ്കല്ലുകൾ ഉപയോഗിച്ചു നിർമ്മിച്ചിരിക്കുന്ന ഈ വീടിൻ്റെ ഭിത്തിയുടെ നിർമ്മാണം സുർക്കി മിശ്രിതം ഉപയോഗിച്ചാണ്. ദീർഘകാലം കല്ലുകൾ കേടുപാടുകൾ കൂടാതെയിരിക്കുവാൻ അതിനു മുകളിൽ വാർണിഷ് ചെയ്ത് തിളക്കം വരുത്തിയിട്ടുണ്ട്
വീടിൻ്റെ വാതിലും, ജനലും, ഫ്രൈമുകളുമെല്ലാം, പഴയ മര ഉരുപ്പടികൾ ഉപയോഗിച്ചാണ് നിർമ്മാണം
വീടിൻറെ മുകൾ വശം ഓടുകൾ നിരത്തിയിരിക്കുന്നു. തത്ഫലമായി കൂടുതൽ ചൂടിനെ തടയുവാനും, കോൺക്രീറ്റിംഗിനായുള്ള ചിലവ് കുറയ്ക്കുവാനും സാധിച്ചു.
മുകൾ നില സ്റ്റീൽ സ്‌ക്വയർ ട്യൂബുകൾ ഉപയോഗിച്ച് ഡ്രസ്സ് വർക്കുകൾ നടത്തിയാണ് ഓടുകൾ വിരിച്ചത്. . ആയതിനാൽ ആ വീടിൻ്റെ എലിവേഷനിൽ പഴമയുടെ സൗന്ദര്യം കൊണ്ടുവരുന്നതിന് വലിയ പങ്കുവഹിച്ചു.
വലതുവശത്ത് രണ്ട് ബെഡ് റൂമുകൾക്കിടയിൽ സ്ക്വയർ ട്യൂബും, മരവും ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ള ചെറിയ ഒരു സ്റ്റെയർകെയ്സ് കടന്നുചെന്നാൽ വീടിൻ്റെ, തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ ഒരു സ്വകാര്യ ഇടമാണ്. നന്നായി കാറ്റും , വെളിച്ചവും കടന്നു വരത്തക്കവിധത്തിൽ രൂപപ്പെടുത്തിയിട്ടുള്ള ആ ചെറിയ മുറി എഴുത്തിനും , വായനയ്ക്കും പറ്റിയ ഒരു സ്ഥലമായി രൂപപ്പെടുത്തിയിരിക്കുന്നു.
കണ്ടാൽ വളരെ ലളിതവും മനോഹരവുമായി തോന്നുന്ന ഈ വീടിൻ്റെ നിർമ്മാണത്തിന് ചിലവായ തുക ഇരുപത്തിയൊന്ന് ലക്ഷമാണ്.
ഏതായാലും ഇത്തരം വീടുകൾ സന്ദർശിക്കുമ്പോൾ , വളരെപെട്ടെന്ന് ഒരു മരുഭൂമിയിൽ നിന്നും തടാകക്കരയിലേക്കു മാറ്റപ്പെട്ട പ്രതിയാണ് പലപ്പോഴും അനുഭവപ്പെട്ടിട്ടുള്ളത്. മാത്രമല്ല കൂടുതൽ പ്രകൃതിയോടും, മനുഷ്യരോടും ചേർന്ന് നിൽക്കുന്ന ഒരു അനുഭവവും ഇതിൻ്റെ നിർമ്മാണത്തിലും , ഡിസൈനിംഗിലും നിറഞ്ഞു നിൽക്കുന്നു.
ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം കെട്ടിടങ്ങൾ പൊളിക്കുമ്പോൾ അതിൻ്റെ വേസ്റ്റ് നിർമ്മാർജ്ജനം എന്നത് പലപ്പോഴും ഒരു വലിയ പ്രശ്നം തന്നെയാണ്.! ഇത്തരം വീട് നിർമ്മാണത്തിലൂടെ കോസ്റ്റ് ഫോർഡ് ലക്ഷ്യം വെയ്ക്കുന്നതും അതു തന്നെയാണ്.
ഈ വീടിൻ്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന മിക്കവാറും എല്ലാ വസ്തുക്കളും പുനരുപയോഗം നടത്താവുന്നതോ, അല്ലങ്കിൽ പ്രകൃതിക്ക് യാതൊരുവിധത്തിലും കോട്ടംതട്ടാത്ത വിധത്തിൽ മാലിന്യ നിർമ്മാർജ്ജനം സാദ്ധ്യമാക്കുന്നതോ ആണ്.
സാധാരണജന വിഭാഗങ്ങൾക്ക് വീട് എന്നത് ഒരു വിദൂര സ്വപ്നം പോലെ ആയിത്തീരുന്ന ഇക്കാലത്ത് , സ്വന്തം സാമ്പത്തിക ശേ ഷിക്കും താത്പ്പര്യങ്ങൾക്കുമനുയോജ്യമാകും വിധത്തിൽ പ്രകൃതിയോട് ചേർന്നുനിൽക്കുന്ന മനോഹരമായ വീടുകൾ നിർമ്മിക്കുവാൻ കഴിയുമെന്നതാണ് കോസ്റ്റ് ഫോർഡ് നിർമ്മാണങ്ങളുടെ മുഖ്യ പ്രത്യേകത!
- Get link
- X
- Other Apps
Comments