Search This Blog
God's Own Country.Kerala. How to build eco - friendly houses at low cost. Nature and Nature foods in Kerala, Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
Featured
- Get link
- X
- Other Apps
മതിലുകൾ ഇല്ലാത്ത മനുഷ്യർ.!
മതിലുകൾ ഇല്ലാത്ത മനുഷ്യർ |
തീർത്തും അപരിചിതനായ ഒരാൾ എത്ര പെട്ടെന്നാണ് ഒരു ബന്ധുവിനേക്കാൾ അടുപ്പക്കാരനായി തീർന്നത്.....!
ആലോചിച്ചപ്പോൾ ചിരിയടക്കാനായില്ല. കാറിന് വരുന്നു, സുഖസൗകര്യങ്ങൾ അന്വേഷിക്കുന്നു, ചായയോ, കൂൾഡ്രിംഗ്സോ , അങ്ങിനെ ആവശ്യമുള്ളതെല്ലാം ചോദിച്ചു വാങ്ങിക്കഴിക്കുന്നു. ചില കാര്യങ്ങളിലെല്ലാം സൂക്ഷിക്കണേ എന്ന ഉപദേശവും...!
ഹോ...! ഈ മനുഷ്യനേയാണല്ലോ, ഞാൻ എൻറെ കുനിഷ്ട് ബുദ്ധിവെച്ച് അളക്കാൻ തുടങ്ങിയത് എന്നോർത്തപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി...! "അല്ലങ്കിലും തൻറെ ഇത്തിരിപ്പോന്ന ഈ ലോകവിവരംവെച്ച് മനുഷ്യരെ അളക്കാൻ നിക്കരുത്... പറഞ്ഞേക്കാം" - ഞാൻ സ്വയം പറഞ്ഞു.
പറഞ്ഞുവന്നത് എൻറെ അയൽപക്കത്ത് പുതിയതായി സ്ഥലം വാങ്ങി വീടുവെക്കാൻ വന്ന കൊച്ചിസ്വദേശിയായ ഒരു നഗരവാസിയെക്കുറിച്ചാണ്."
സുന്ദരൻ, സുമുഖൻ, പ്രായപൂർത്തിയായ രണ്ട് ആൺ മക്കളുടെ പിതാവാണന്ന് തോന്നുകയേയില്ല. നീണ്ട വർഷത്തെ പരിചയഭാവത്തോടെ, മിക്കവാറും അദ്ദേഹം എല്ലാ ദിവസവും കടന്നുവരും. അയാൾ വാങ്ങിയ സ്ഥലത്ത് വീടു നിർമ്മാണവുമായി ബന്ധപ്പെട്ട് മിക്കവാറും ദിവസങ്ങളിൽ കുറച്ചു പണിക്കാരും അദ്ദേഹത്തോടൊപ്പമുണ്ടാകും.
പണിക്കാരും . പണിയും തീരുന്നതു വരെ ഞങ്ങൾ ലോക കാര്യങ്ങളെക്കുറിച്ചും . നാടിൻറേയും, മനുഷ്യരുടേയും പരിതാപകരമായ അവസ്ഥകളെക്കുറിച്ചും. അച്ഛൻ്റെ മരണശേഷം, അദ്ദേഹത്തിൻറെ സ്നേഹം നഷ്ടപ്പെട്ട ബാല്യത്തെക്കുറിച്ചുമെല്ലാം, നിത്യേന സംസാരിക്കുകയും . അതിനിടയിൽ കയറി വരുന്ന വിശപ്പിനെ , എൻറെ വീട്ടിൽ തന്നെ പാചകം ചെയ്ത, ഭക്ഷണമുപയോഗിച്ച് തുരത്തി ഓടിക്കുകയും ചെയ്യും.! ഇതിനിടയിൽ വീടു നിർമ്മാണത്തിനാവശ്യമായ കിണർ കുഴിക്കലും , വാരം കോരലും, കല്ലിടലും എല്ലാം നടന്നു.!
അദ്ദേഹത്തിൻറെ അടുത്ത ബന്ധുക്കളും , എൻറെ കുടുംബവും മാത്രം പങ്കെടുത്ത വീടിൻ്റെ കല്ലിടൽ ചടങ്ങ് യഥാർത്ഥത്തിൽ എൻറെ വീടിൻറെ നിർമ്മാണം പോലെ തന്നെയാണ് നടന്നത്.
സത്യത്തിൽ രണ്ടോ മൂന്നോ മാസങ്ങൾക്കിടയിൽ തന്നെ ഞങ്ങൾ അടുത്ത ബന്ധുക്കളെപ്പോലെ തന്നെയായി. വീടു നിർമ്മാണത്തിൻ്റെ ഭാഗമായി തൊഴിലാളികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുക. അവർ എത്ര പേരുണ്ടന്ന് വിളിച്ചു പറയുക. പണിയുടെ വേഗതയും . കാര്യക്ഷമതയും പരിശോധിക്കുക. ഇതെല്ലാം , അയാൾക്ക്, വരാൻ കഴിയാത്ത സാഹചര്യങ്ങളിൽ ഞാൻ തന്നെ നോക്കി നടത്തുകയും .. അയാളെ, ഫോണിലൂടെ അപ്പപ്പോൾ വിളിച്ചറിയിക്കുകയും ചെയ്യുകയെന്നതും എൻ്റെ മാത്രം ബാദ്ധ്യതയുമായി !
- എത്ര നല്ല മനുഷ്യൻ - ! ഞാൻ പലരോടായി പറഞ്ഞു. ! ചില അവസരങ്ങളിൽ കോൺക്രീറ്റ് കഴിഞ്ഞ വീടിനു മുകളിൽ നിത്യേന കുറച്ചു ദിവസം വെള്ളമൊഴിച്ച് നനയ്ക്കണമെന്ന മേസ്തിരിയുടെ അഭിപ്രായം മാനിച്ച് വെയിലും . മഞ്ഞുമൊന്നും വകവെക്കാതെ രണ്ടാം നിലക്ക് മുകളിൽ നിന്ന് വെള്ളം കോരിയൊഴിക്കുന്ന എന്നെ കണ്ട് പലരും അത്ഭുതം കൂറി...! - " നിനക്ക് ഇത്ര വലിയ വീടിൻറെ ആവശ്യമെന്ത്? " അതായിരുന്നു എല്ലാവരുടേയും സംശയം..!
വീട് എൻ്റേതല്ലന്ന് പറഞ്ഞിട്ടും.. പലരും വിടാൻ തയ്യാറായില്ല... "
നാലുപേരടങ്ങുന്ന ഒരു കുടുംബത്തിനുവേണ്ടി സത്യത്തിൽ, എൻ്റെ അയൽവാസിയും ഇത്രയും വലിയ വീടുവെക്കുന്നതിൽ എനിക്കും കുറച്ച് അമർഷമൊക്കെ ആദ്യ ഘട്ടങ്ങളിൽ ഉണ്ടായിരുന്നു.! പക്ഷെ... അതുകൊണ്ടെന്ത്...? അയാളുടെ പണം... അയാളുടെ ഇഷ്ടം.! അതിൽ നമുക്കെന്ത്കാര്യം..!
.വീട് പണി ബാങ്ക് ലോണാണത്രേ..!. കേട്ടപ്പോൾ പെട്ടെന്ന് ചിരി വന്നു പോയി! കൊച്ചി നഗരത്തിനു സമീപമുള്ള ഒരു ഇരുനില വീട് ലക്ഷങ്ങൾക്ക് വിറ്റിട്ട്. ഈ ഓണംകേറാ മൂലയിൽ വന്ന് വീടുപണിയുന്നത് ലോണെടുത്താണ് പോലും...!! ടാക്സ് വെട്ടിപ്പാണന്ന് ഏതു മണ്ടനാണ് മനസ്സിലാകാത്തത്...? ഈ യുള്ളവനും ഒരു പതിനാറുസെൻറിൻറെ ആധാരം വെച്ച് കുറേനടന്നതാണ്...മാറി മാറി വരുന്ന മാനേജർമാരുടെ സൗന്ദര്യം അളക്കാൻ കഴിഞ്ഞതും ... വിവിധ ബാങ്കുകളിലെ സ്റ്റാഫുകളെ പരിചയപ്പെടുവാൻ കഴിഞ്ഞതും മാത്രം മിച്ചം...! ..ഉറക്കെ പൊട്ടിച്ചിരിക്കുവാനാണ് തോന്നിയത്...! ആരോ പറഞ്ഞപോലെ, -" അവകാശി മരിച്ചെന്ന് സർട്ടിഫിക്കറ്റ് കാണിച്ചിട്ടെന്തുകാര്യം...? മരിച്ചതായി അവർസാക്ഷ്യപ്പെടുത്തിയ പേപ്പറുണ്ടങ്കിൽ പരിഗണിക്കാമെന്നു" പറഞ്ഞ മാനേജർമാരുള്ള നാട്...!
പക്ഷെ സത്യം പറയാമല്ലോ...പലിശ അൽപ്പം കൂടുതലാണ് ,എങ്കിൽ തന്നെയും നാട്ടിലെ സഹകരണ ബാങ്കുകൾ എന്നൊരു സംവിധാനം ഇല്ലായിരുന്നുവെങ്കിൽ സാധാരണ തൊഴിലാളികളും, കർഷകരും, കൂലിവേലക്കാരുമടങ്ങുന്ന വലിയൊരു ജനവിഭാഗം, അവരുടെ സാമ്പത്തിക ആവശ്യങ്ങൾക്കുവേണ്ടി ആരെയാകും സമീപിക്കുക എന്നോർത്ത് പലവട്ടം ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരു പക്ഷേ എൻറെ നാട്ടിൽ പോലും ചെറുതെങ്കിലും, ഇത്തരം ഒരുബാങ്ക് ഉള്ളതുകൊണ്ട് മാത്രമാണ് എൻറേതുൾപ്പടെ നിരവധി ആളുകളുടെ വീട് എന്നസ്വപ്നം പൂർത്തീകരിക്കുവാൻ പോലുമായത്.!
എങ്കിലും, രാജ്യം വലിയ വികസനക്കുതിപ്പിൻ്റെ തലമണ്ടയിൽ എത്തി നിൽക്കുന്ന ഇക്കാലത്ത്, ഇപ്പോൾ വന്നുവന്ന് , ' പാവപ്പെട്ടകോർപ്പറേറ്റുകൾക്ക്' ജീവിക്കുവാൻവേണ്ടി... അത്തരം സഹകരണ സ്ഥാപനങ്ങളുടേയും കഴുത്തിന് പിടിച്ച് ഞെക്കിക്കൊല്ലുവാനുള്ള ശ്രമത്തിലാണന്ന് പറഞ്ഞുകേട്ടു... ! അത്രയും നല്ല കാര്യം...! കാരണം രാജ്യം ഒന്നാമത്തെ സാമ്പത്തികശക്തിയാകാനുള്ള കുതിപ്പിൽതന്നെയാണന്ന് ലോകബാങ്കും ഉറപ്പിച്ചു കഴിഞ്ഞു.!
എന്തായാലും, എന്നേക്കാൾ സമ്പന്നനും, സമൂഹത്തിൽ അത്യാവശ്യം സ്വാധീനവുമുള്ള ഒരു മനുഷ്യൻ എൻറെ അയൽപക്കത്തുതന്നെയുള്ളത് അൽപ്പം നല്ലതാണന്ന് എനിക്കും തോന്നി..!
മാത്രമല്ല... , എന്നോടുള്ള വിശ്വാസത്തിൻറെ അളവ് കൂടിയിട്ടോ... എന്തോ.. വീടിൻറെ ഉടമസ്ഥൻ പിന്നീട് ആഴ്ച്ചയിൽ ഒരിക്കലും . , രണ്ടാഴ്ച്ച കൂടുമ്പോഴുമൊക്കെയായി സന്ദർശനം.! അതിന് അദ്ദേഹത്തിനെ കുറ്റപ്പെടുത്തുവാനുമാകില്ല . കാരണം ഷിപ്പ് യാർഡ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന് ഇടക്കിടെ ലീവ് എടുക്കാനും . സ്വന്തം വീട് ആണങ്കിൽ കൂടി പത്ത് ഇരുപത് കിലോമീറ്ററോളം കാറ് ഓടിച്ചു വരുവാനുള്ള ബുദ്ധിമുട്ടും അദ്ദേഹം പലപ്പോഴായി പങ്കു വെച്ചു. ...!പിന്നെ പ്രത്യേകിച്ച് എന്നെപ്പോലെ ഒരാൾ തൊട്ടടുത്തുള്ളേപ്പോൾ വെറുതെ എന്തിന് അത്രയും സമയം പാഴാക്കണമെന്നും അദ്ദേഹം ചിന്തിച്ചു കാണണം.!
അങ്ങിനെ പണിയെല്ലാം പൂർവ്വാധികം ഭംഗിയായി നടന്നുകൊണ്ടിരിക്കുമ്പോഴാണ്...എൻറെ ചില സ്വകാര്യ ആവശ്യങ്ങൾക്കുവേണ്ടി കുറച്ചധികം ദിവസം മാറി നിൽക്കേണ്ടിവന്നത്...പക്ഷെ അങ്ങിനെയാണങ്കിൽ കൂടിയും അദ്ദേഹത്തിൻറെ വീടു പണിയെക്കുറിച്ചുള്ള വിവരങ്ങൾ ഞാൻ തിരക്കിക്കൊണ്ടിരുന്നു. ആദ്യമാദ്യം വീടുപണിവിശേഷങ്ങൾ ഒരു സിനിമയിലെന്നപോലെ വിശദീകരിച്ചുകൊണ്ടിരുന്ന അദ്ദേഹം പിന്നീട് ഒന്നോരണ്ടോ വാചകങ്ങളിൽ മറുപടികൾ ചുരുക്കുവാൻ തുടങ്ങി...പിന്നീട് ഫോൺവിളികളേഉണ്ടായില്ല... അല്ലങ്കിൽ ഫോൺ എടുക്കുവാൻ തന്നെ അദ്ദേഹത്തിന് മടിയായിരുന്നുവെന്നുവേണം അനുമാനിക്കാൻ. പലരോടും അന്വേഷിച്ചപ്പോൾ വീടുപണി അവസാനഘട്ടത്തിലാണന്നറിഞ്ഞു. പലരും അയാളെക്കുറിച്ച് വളരെ പുച്ഛമായുമാണ് എന്നോട് സംസാരിച്ചത്.! അതുവരെജോലിചെയ്തിരുന്ന പലരും ഇദ്ദേഹത്തിൻറെ പെരുമാറ്റരീതികളെ തുടർന്ന് പിന്നീട് വരാതെയാവുകയും, .വന്നവരിൽ പലരും അദ്ദേഹവുമായി ശണ്ഠകൂടി പിണങ്ങിപ്പിരിഞ്ഞതായും അറിഞ്ഞു.
ഏതായാലും പിന്നീട് കുറച്ചു നാളുകളിൽ അങ്ങോട്ടോ, ഇങ്ങോട്ടോ വിളികളോ, മറ്റുകാര്യങ്ങളോ ഉണ്ടായില്ല...! പക്ഷെ ഞാൻ തിരിച്ചെത്തുമ്പോൾ അദ്ദേഹം ആ വീട്ടിൽ താമസം തുടങ്ങിയിരുന്നു. വീടിൻ്റെ പാർപ്പ് നാട്ടിലെ ഞാനുൾപ്പടെ ആരെയും ക്ഷണിച്ചില്ലങ്കിൽ കൂടിയും ഗംഭീരമായിരുന്നെന്ന് പലരും പറഞ്ഞു. പക്ഷെ എന്തുതന്നെയായാലും, ആ മനുഷ്യൻ്റെ പെരുമാറ്റം എന്നെ വളരെയേറെ അത്ഭുതപ്പെടുത്തുകയും, അദ്ദേഹം ഇങ്ങിനെ മാറിപ്പോയെന്നും ഞാൻ പലവട്ടം ചിന്തിച്ചു...
എനിക്ക് ഒന്നും മനസ്സിലായില്ല.പക്ഷെ അതിലുപരി ഞാൻ ഞെട്ടിപ്പോയത്... വീടിൻറെ ചുറ്റും ഉയർത്തിക്കെട്ടിയ വലിയ കൂറ്റൻ മതിലുകൾ കണ്ടപ്പോഴാണ്...!
അത്രത്തോളം ഉയർത്തിക്കെട്ടിയ മതിലുകൾ അതിനു മുൻപ് ഒരിക്കലും ഞാൻ കണ്ടിട്ടേ ഇല്ലായിരുന്നു.- സത്യത്തിൽ അവിടെ കണ്ടത്...മതിലുകളായിരുന്നില്ല..! അഹന്തയും, സ്വാർത്ഥതയും കലർന്ന മലീമസമായ അയാളുടെ മനസ്സായിരുന്നു.!.
പിന്നീട് ഒരിക്കലും, ഞാൻ അയാളുടെ മുഖം, കാണുവാനോ സംസാരിക്കുവാനോ ആഗ്രഹിച്ചില്ല. കാരണം ഈ ഭൂമുഖത്ത് ഇങ്ങിനേയും ചില മനുഷ്യരുണ്ടെന്ന ചില ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു അത്. ചുരുക്കത്തിൽ , അഞ്ചുപൈസപോലും ചിലവില്ലാതെ അയാളുടെ കാര്യങ്ങൾ നോക്കിനടത്താൻ മാത്രം കണ്ടെത്തിയ വെറും, ഒരാൾ മാത്രമായിരുന്നു ഞാനെന്ന പുതിയ തിരിച്ചറിവും...!
പക്ഷെ വർഷങ്ങൾ പലതും കഴിഞ്ഞുപോവുകയും... ഇദ്ദേഹത്തിൻ്റെ കഥ പലവേദികളിലായി പലരോടും പങ്കുവെക്കുകയും ചെയ്തപ്പോൾ മാത്രമാണ്, ഇത്തരം മനുഷൃർ ഇവിടെ മാത്രമല്ല...നാടിൻറെ പല മുക്കിലും മൂലയിലും ധാരാളമായി ഉണ്ടെന്നുള്ള പുതിയ യാഥാർഥ്യവും, മനസ്സിലായത്.!
എങ്കിലും, ഇവിടെ ഇപ്പോൾ ഇങ്ങിെനെയൊരു കുറിപ്പിന്, നിദാനമായത്...കഴിഞ്ഞലക്കങ്ങളിൽ , പറഞ്ഞുവെച്ച മൂഴിക്കുളം ശാലയെന്ന ഒരു മഹത്തായ ഒരു ജൈവകാമ്പസ്സിനെക്കുറിച്ച് ചിന്തിച്ചുവന്നതുകൊണ്ടു മാത്രമാണ്..!
മനസ്സിൽ ഇരുൾമൂടിയ ഇത്തരം , മനുഷ്യർ നിറഞ്ഞ ഈ കെട്ടകാലത്തെ സമൂഹത്തിനിടയിലും... യാതൊരു കനത്തമതിലുകളാലും വേർ തിരിക്ക പ്പെടാതെ, അൻപതിൽ പരം വീടുകളും, അതിൽ വസിക്കുന്ന മനുഷ്യരും,. , ആഴ്ച്ചയിൽ ഒരിക്കലുള്ള സമൂഹ അടുക്കളയും.... ഭക്ഷണവും, എല്ലാവരും ഒത്തുചേർന്നുള്ള കലാപരിപാടികളുമെല്ലാം, ആവിഷ്ക്കരിച്ചുകൊണ്ടാണ് എറണാകുളം ജില്ലയിലെ മൂഴിക്കുളം ശാലയെന്ന ജൈവ കാമ്പസും, അതിൻറെ ശിൽപ്പിയായ പ്രേം കുമാറെന്ന വലിയ മനുഷ്യനും. ജീവിതത്തിൻറെ മഹത്തായ ഇന്ദ്രജാലങ്ങൾകാട്ടി സകലരേയും വിസ്മയിപ്പിക്കുന്നുവെന്ന യാഥാർഥ്യത്തിനുമുന്നിൽ അറിയാതെ, നമിച്ചുപോകുന്നത്.!
(മൂഴിക്കുളം ശാല ജൈവകാമ്പസിനെക്കുറിച്ച് കൂടുതൽ, ഈബ്ലോഗിൽ വായിക്കാം. തിരയുക.)
- Get link
- X
- Other Apps
Comments