ഈ ബ്ലോഗ് തിരയൂ
God's Own Country.Kerala. How to build eco - friendly houses at low cost. Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
ഫീച്ചര് ആക്കപ്പെട്ടത്
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്
- മറ്റ് ആപ്പുകൾ
മുല്ലപ്പെരിയാർ ബാക്കിവെയ്ക്കുന്ന ചോദ്യങ്ങൾ
ആലോചിച്ചാൽ എന്ത് ഉത്തരവാദിത്വവും, കടപ്പാടുമാണ് ഈ രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങൾക്കും, ഭരണാധികാരികൾക്കും ഈ നാട്ടിലെ കോടിക്കണക്കായ, ജനങ്ങളോടുള്ളത്...?
പറഞ്ഞുവന്നത് കേരളത്തിലെ മുല്ലപ്പെരിയാറിനെക്കുറിച്ചാണങ്കിലും, അത് ഇൻഡ്യയിലെതന്നെ ഫെഡറലിസത്തേയും, ഭരണഘടനയേയും, ജനാധിപത്യ സ്ഥാപനങ്ങളേയും, നിയമത്തേയും, സർവ്വോപരി ഇവിടെയുള്ള രാഷ്ട്രീയ സാഹചര്യങ്ങളേയുമെല്ലാം ചോദ്യം ചെയ്യുന്നുണ്ട്.
അതിൻറെ ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നു തന്നെയാണ് മുല്ലപ്പെരിയാറും, അത് ഉയർത്തുന്ന ചോദ്യങ്ങളും.
![]() |
എന്താണ് മുല്ലപ്പെരിയാറിൻറെ യഥാർഥവസ്തുത..? ആരാണ് അതിന് പരിഹാരം കാണേണ്ടത്...? ( AI- ചിത്രം.) |
50 വർഷത്തെ ഗ്യാരണ്ടി മാത്രമുള്ള ഡാമിന്, 999 വർഷത്തെ തമിഴ് നാടുമായുള്ള ബ്രിട്ടീഷുകാരൻ്റെ കാലത്ത് എഴുതിവെച്ച പാട്ടക്കരാറിൽ തുടങ്ങുന്നു അതിൻറെ മഹത്തായ, പൊള്ളത്തരങ്ങൾ.!
ഏതൊരു ജനാധിപത്യ സംവിധാനത്തിലാണ്... അനേകകോടി മനുഷ്യരുടെ തലയ്ക്കു മുകളിൽ തൂങ്ങിയാടുന്ന, വലിയൊരപകടത്തെ നിയമത്തിൻറേയും, അഴുകിയ കപടരാഷ്ട്രീയത്തിൻ്റേയും നാറുന്ന മറയ്ക്കുള്ളിൽ നിന്നുകൊണ്ട് വ്യാഖ്യാനിക്കുവാനും, സാങ്കേതികത്വങ്ങൾ പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറുവാനും കഴിയുക...?
അല്ലങ്കിൽത്തന്നെ ഒരു രാജ്യത്തെ രണ്ടു സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ട ബാദ്ധ്യത ആരിലാണ് നിക്ഷിപ്തമായിരിക്കുന്നത്...? അതിനെക്കുറിച്ച് കൃത്യമായ ബോദ്ധ്യമുള്ളവരെന്തേ... എത്രയും പെട്ടെന്ന് പരിഹരിക്കേണ്ട അടിയന്തിര പ്രാധാന്യമുള്ള വിഷയമായിരുന്നിട്ടുകൂടി അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത്...?
ഇൻഡ്യ സ്വതന്ത്രയാകുന്നതിനും എത്രയോ മുൻപ്, ( 1895 ൽ ) സായിപ്പിൻറെ ബുദ്ധിയിൽ അക്കാലത്ത് ലഭ്യമായിരുന്ന വെറും, സുർക്കിയും, ചുണ്ണാമ്പും മാത്രം ഉപയോഗിച്ചുനിർമിച്ചതും, ലോകത്തിൽതന്നെ ഇന്ന് സുരക്ഷയെക്കുറിച്ച് ഏറെ, ചർച്ചാവിഷയമായതുമായ കാലഹരണപ്പെട്ട ഒരു ഡാമിൻറെ ദുരവസ്ഥയെച്ചൊല്ലിയുള്ള കോലാഹലങ്ങൾ ഇന്ത്യൻ ഭരണാധികാരികളും, ബഹുമാന്യ നീതിന്യായ പീഠങ്ങളും മാത്രം എന്തേ ഇത്രയും കാലങ്ങളായും കേൾക്കാതെ പോകുന്നു..?
നിരവധി ചെറു ഭൂചലനങ്ങൾ സംഭവിക്കുകയും, രാജ്യത്തെ ഭൂചലന സാദ്ധ്യതാ പ്രദേശങ്ങളിലെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള റിക്ടർ സ്കെയിലിൽ 6.5 വരെ ഭൂചലനങ്ങൾ സംഭവിക്കാവുന്നതുമായ, സോൺ മൂന്നിലാണ് മുല്ലപ്പെരിയാർ ഡാം എന്നത് അറിയാത്തവരാണോ.. മുമ്പ് സൂചിപ്പിച്ച ഉത്തരവാദിത്തപ്പെട്ടവർ...?
ഇടുക്കി, ഡാമിനും അനുബന്ധമായ മറ്റ് പ്രദേശങ്ങളിലും, ഇതിനകം തന്നെ അനേകം ചെറു ഭൂചലനങ്ങൾ നടന്നിട്ടുള്ളതായും, റിക്ടർ സ്കെയിലിൽ ആറ് വരെ രേഖപ്പെടുത്തിയ ഭൂചലനം സംഭവിച്ചാൽ ഡാമിന് അത് താങ്ങാൻ ശേഷിയില്ലന്നുമുള്ള റിപ്പോർട്ട് കേന്ദ്ര ഭൗമശാസ്ത്ര സംഘം 1979 ൽ തന്നെ കേന്ദ്ര സർക്കാരിന് നൽകിയിരുന്നതാണ്, എന്നിട്ടും ഇത്രയേറെ വർഷം വീണ്ടും പിന്നിട്ടു കഴിഞ്ഞിട്ടും, ഡാമിനെക്കുറിച്ച് വീണ്ടും, തുടരെയുള്ള പഠന കമ്മീഷനുകളും, റിപ്പോർട്ടുകളുമെല്ലാം, തുടർച്ചയായി ഉണ്ടാക്കുവാൻ ഉത്തരവിട്ടുകൊണ്ടിരിക്കുന്നത്, ഇനിയും ആർക്കുവേണ്ടിയാണെന്നുള്ള പ്രധാനചോദ്യമാണ് ഉയർന്നുവരുന്നത്.!
കേരളത്തിനു സുരക്ഷ. തമിഴ് നാടിന് ജലം. എന്ന വളരെ സ്പഷ്ടവും, യുക്തിപൂർവ്വവുമായ ഒരു കേരള സർക്കാർ തീരുമാനത്തെ സർവ്വശക്തിയുമുപയോഗിച്ച് ആരാണ് നിരന്തരം എതിർത്തുതോൽപ്പിക്കുന്നത്..?
അല്ലങ്കിൽത്തന്നെ അതുതന്നെയല്ലേ ന്യായമായ കാര്യം.! പ്രത്യേകിച്ച് രണ്ട് അടുത്തടുത്ത സംസ്ഥാനങ്ങൾ എന്നതിലുപരി, കേരളീയ ആവശ്യങ്ങൾക്കനുസൃതമായി, നിരവധി പച്ചക്കറികളും, പഴവർഗ്ഗങ്ങളും, പൂക്കളുമെല്ലാം, ഇങ്ങോട്ട് കയറ്റി അയക്കുന്ന സംസ്ഥാനമെന്നനിലയിൽ അവരുടെ കൃഷി ആവശ്യങ്ങളെ സഹായിക്കേണ്ട ബാദ്ധ്യതയും തീർച്ചയായും കേരളവും മനസ്സിലാക്കുന്നു എന്നതുതന്നെയാണ് കേരളത്തേയും ഇത്തരമൊരു നിലപാടുമായി മുന്നോട്ടു പോകുവാൻ പ്രേരിപ്പിക്കുന്നത്. അതിനാൽ തന്നെ മുല്ലപ്പെരിയാറിൽ പുതിയ ഡാമെന്ന അഭിപ്രായത്തിനപ്പുറം മറ്റെന്ത് പ്രായോഗികതയാണ് ജനാധിപത്യസ്ഥാപനങ്ങൾക്ക് മുന്നോട്ടു വെയ്ക്കുവാൻ കഴിയുക.?
ഇൻഡ്യയിലെ ഡാമുകളുടെ സുരക്ഷയ്ക്കും, അന്തർസംസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുവാനും, കൂടാതെ ദുരന്തങ്ങൾ തടയുവാനുമൊക്കെയായി ഒരു ദേശീയ ഡാം സുരക്ഷാ അതോറിറ്റി ഈ രാജ്യത്ത് ഉണ്ടെന്നാണ് പറയപ്പെടുന്നത്. എന്നിട്ടും ഏതൊരു നിമിഷത്തിലും ഒരു സംസ്ഥാനത്തെ ഒന്നാകെ തകർത്തെറിയാൻ, പാകത്തിൽ തയ്യാറായി നിൽക്കുന്ന ഈ ഒരു ജലബോംബ് എന്നുതന്നെ വിശേഷിപ്പിക്കുന്ന മുല്ലപ്പെരിയാർ ഡാമിൻ്റെ കാര്യത്തിൽ എന്ത് സത്വര നടപടികളാണ് മേൽവിവരിച്ച ഈ സ്ഥാപനങ്ങളെല്ലാം, സ്വീകരിച്ചത്..?
ഇപ്പോൾ പുതിയ ഡാമെന്ന ആശയത്തിന് വിഘാതമായി പറയുന്നത് പരിസ്ഥിതി പ്രശ്നങ്ങളാണ്. എന്നാൽ കേന്ദ്ര പരിസ്ഥിതിവകുപ്പ്പറയുന്ന പരിസ്ഥിതി ദുർബലപ്രദേശത്ത് തന്നെയാണ് സായിപ്പിൻറെ കാലത്തുനിർമ്മിച്ച ഈ മുല്ലപ്പരിയാർ അണക്കെട്ടെന്നതണ് മറ്റൊരു വൈചിത്ര്യം.!
എങ്കിൽ തന്നെയും, ഒരു സംസ്ഥാനവും കോടിക്കണക്കായ മനുഷ്യരും, ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാക്കാൻ യോഗ്യമായ ഒരു സംവിധാനത്തിനായി ഏതുതരം മനുഷ്യർക്കുവേണ്ടിയുള്ള പരിസ്ഥിതി സംരക്ഷണത്തിനാണ് ഭരണാധികാരികൾ കുടപിടിച്ചിറങ്ങിയിരിക്കുന്നതെന്നത് വലിയൊരു ചോദ്യംതന്നെയായി മുന്നിൽ നിൽക്കുന്നു.
കേരളത്തിൻറെ ചരിത്രത്തിൽ, ഏറ്റവും അവസാനമായി നിർമ്മിക്കപ്പെട്ടതാണ് എറണാകുളം ജില്ലയിലെ, ഇടമലയാർ ഡാം. അതിൻ്റെ കണക്കുകളനുസരിച്ച്, ഈ ആധുനിക കാലത്തും ഡാമിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാൻ ഏകദേശം 17 വർഷങ്ങളോളം വേണ്ടി വന്നു, ! അപ്പോൾ മാറിയ സാഹചര്യത്തിൽ എല്ലാകാലാവധികളും പിന്നിട്ട, മുല്ലപ്പരിയാറിലെ പുതിയ അണക്കെട്ടെന്ന ആശയത്തിന് ഇനിയും എത്രകാലം കാത്തിരിക്കേണ്ടിവരും...? തുടർച്ചയായി എല്ലാപ്രവചനങ്ങളേയും തെറ്റിച്ചുകൊണ്ട് തകർത്തുപെയ്യുന്ന കാലവർഷവും, പേമാരിയും, ഉരുൾപൊട്ടലുമെല്ലാം കോടിക്കണക്കായ മായ മനുഷ്യരെ ഒരു ദുരന്തഭൂമിയുടെ വക്കിൽ നിർത്തിക്കൊണ്ടാണ്, ഇവിടെ ടി.വി ചാനലുകളിൽ അന്തിചർച്ചയും, അതിൻറെ പേരിലുള്ള നെറികെട്ട കക്ഷി രാഷ്ട്രീയ മുതലെടുപ്പുകളും നടത്തുന്നതെന്ന് വിവേകമതികളായവർ ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.
ഇത് എഴുതുമ്പോൾ അറിയാതെ ഓർത്തുപോയത്. ഒരു ഫെഡറൽ റിപ്പബ്ലിക്കായ രാജ്യത്ത്, അതും കേരളം പോലുള്ള ഒരു സംസ്ഥാനത്ത്, അപ്രതീക്ഷിതമായുണ്ടായ ഒരു പ്രളയത്തെ സംബന്ധിച്ചാണ്.
ദുരന്ത സമയങ്ങളിൽ സ്വാഭാവികമായും എത്തിച്ചേരേണ്ടതും, അതിൻറെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കേണ്ട ധാർമ്മികമായ ഉത്തരവാദിത്വവുമുള്ളതുമായ, രാജ്യത്തിൻ്റെ അഭിമാനവും, പൊതുസ്വത്തുമായ ഇൻഡ്യൻ സൈന്യമായിരിക്കേ,,ദുരന്തമുഖത്തും അതിൻറെ പേരിൽ കോടിക്കണക്കായ തുക സംസ്ഥാനത്തിൻറെ തലയിൽ കെട്ടിവെച്ച ഭരണമാതൃകകളെക്കുറിച്ചുമെല്ലാം ആ സംസ്ഥാനത്തെ ഒരുജനത എന്നരീതിയിൽ ഒരു പുനർവിചിന്തനം നടത്തേണ്ടതായുണ്ട്.
ഇങ്ങിനെ രാജ്യത്തു നടമാടുന്ന പലവിധ വിഭാഗീയതകളെക്കുറിച്ചും, സംസ്ഥാനങ്ങളും, കേന്ദ്രവുമായുള്ള തർക്കവിതർക്കങ്ങളെക്കുറിച്ചും., ഭരണം ജനങ്ങൾക്കുവേണ്ടിയല്ല മറിച്ച് തങ്ങൾക്കു വേണ്ടിയാണന്ന അവകാശവാദങ്ങളുമൊക്കെ പലകോണുകളിൽ നിന്നും കേൾക്കേണ്ടിവരുമ്പോൾ... ഒരു ജനതയെ എത്രപെട്ടെന്നാണ് ഒരു ജനാധിപത്യ സംവിധാനത്തിൽ നിന്നും തകർത്തെറിഞ്ഞ് , സ്വന്തം കാൽക്കീഴിൽ അടിയറവെയ്ക്കുവാൻ പരിശ്രമിക്കുന്നതെന്നും, അത് മനുഷ്യ ജീവിതത്തിൻറെ ഭാവിയെക്കുറിച്ചും, മൂല്യങ്ങളെക്കുറിച്ചും, അതിൻറെ സുരക്ഷിതത്ത്വത്തെക്കുറിച്ചുമെല്ലാം ഒരുപാട് ഭയാശങ്കകൾ രൂപപ്പെടുത്തുകയും, അത് ഇൻഡ്യൻ ജനാധിപത്യത്തേയും, ഭരണഘടനയേയും, ഫെഡറിലിസതതിൻറെ ഭാവിയെക്കുറിച്ചുമെല്ലാം ഒരു പാട് ചോദ്യങ്ങൾ മുന്നോട്ട് ഉന്നയിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. .! അതുകൊണ്ട് മുല്ലപ്പെരിയാർ ഉയർത്തുന്നത് തീർത്തും സാങ്കതികമായ അതിൻറെ ഘടനാപരമായ കാര്യമായോ, വെറും രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കമായോ ചുരുക്കി കാണേണ്ടതില്ല. മറിച്ച് ഒരുവലിയ വിഭാഗം ജനതയുടെ ജീവിക്കുവാനുള്ള അവകാശത്തെതന്നെയാണ് ഭരണഘടനാ സ്ഥാപനങ്ങൾ അവരുടെ ഉരുക്കു മുഷ്ടികൊണ്ട് ചോദ്യം ചെയ്യുന്നത്.!
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്
- മറ്റ് ആപ്പുകൾ
ജനപ്രിയ പോസ്റ്റുകള്‍
പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്
- മറ്റ് ആപ്പുകൾ
നാരകം വീട്ടിൽ വളർത്തിയാൽ !
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്
- മറ്റ് ആപ്പുകൾ
അഭിപ്രായങ്ങള്‍