ഈ ബ്ലോഗ് തിരയൂ
How to build eco - friendly houses at low cost. Travel and Tourism And also sharing various social issues . www.vlcommunications.in
ഫീച്ചര് ആക്കപ്പെട്ടത്
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്
- മറ്റ് ആപ്പുകൾ
കള്ള് ചെത്തും അപ്രത്യക്ഷമാകുന്നുവോ?
അൽപ്പം പ്രായക്കൂടുതൽ ഉള്ളവരാണങ്കിൽ കള്ള് എന്ന് കേൾക്കുമ്പോൾ തന്നെ, കേരളത്തിൻറെ സമൃദ്ധമായ ഒരുപഴയകാലം ആരും പറയാതെതന്നെ ഓർമ്മകളിലേയ്‌ക്കൊടിയെത്തും. നീണ്ടുപോകുന്ന ചുവന്ന ചെങ്കൽപ്പാതകളും , അതിന് ഒരു വശത്തുകൂടെ തെളിഞ്ഞൊഴുകുന്ന ചെറിയ തോടും, തൊട്ടപ്പുറത്തുള്ള പൊന്തക്കാടും, ചില ക്ഷേത്രങ്ങളോടു ചേർന്നുള്ള വലിയ അരയാൽത്തറയും, അവിടെ വെടിപറഞ്ഞും, പൊട്ടിച്ചിരിച്ചും അതിരാവിലെ വന്നുകൂടുന്ന വൃദ്ധജനങ്ങളുമെല്ലാം പഴയകാല ഗ്രാമത്തിൻ്റെ ഒളിമങ്ങാത്ത ഓർമ്മകളായിരുന്നു.
കള്ള് ചെത്ത് |
പലപ്പോഴും ഈ ഓർമ്മകൾക്കിയിലൂടെയാകും, പഴയ ഓലമേഞ്ഞ കള്ളുഷാപ്പുകളും, ചെത്തുകാരനും, ചില നാടൻ വഴക്കുകളും, ബഹളങ്ങളുമൊക്കെയായി അവിടവിടെയൊക്കെയായി കാണാവുന്ന ചില പ്രായം ചെന്ന രസികൻ കള്ളുകുടിയൻമാരെയുമൊക്കെ കണ്ടുമുട്ടാനാവുക.
ഒരുപക്ഷേ അക്കാലത്ത് ചില ചാരായ ഷാപ്പുകളെല്ലാം ഉണ്ടെങ്കിൽ കൂടി, കൂടുതലായി ആളുകൾ മദ്യപിക്കാൻ കയറുന്നത് കള്ളുഷാപ്പുകളിലായിരുന്നു. അക്കാലങ്ങളിൽ, പറമ്പിലും, പാടത്തുമൊക്കെയായി പൊരിവെയിലിൽ പണിയെടുത്ത് തളർന്നുവരുന്ന കൂലിത്തൊഴിലാളികളൊക്കെ കൂടുതലായും മദ്യപിക്കാനെത്തുക ഇത്തരം ഓലമേഞ്ഞ കള്ളുഷാപ്പുകളിൽ തന്നെ. എങ്കിലും അന്ന് മദ്യപാനം എന്നത് അത്ര വ്യാപകമായ ഒരു സംഗതിയൊന്നും, അല്ലാത്തതിനാലും, കള്ള് ഒരു വലിയ മദ്യപാനത്തിൻറെ പരിധിയിൽ വരാത്തതിനാലും, അതിന് എപ്പോഴും വലിയ സ്വീകാര്യതയുമുണ്ടായിരുന്നു.
ചിലവീടുകളിൽ ഭക്ഷണത്തിന് അപ്പം പോലുള്ളവ ഉണ്ടാക്കുന്നതിനും, മരണപ്പെട്ടുപോയ ചില പഴയകാരണവന്മാരെ സ്മരിച്ചുകൊണ്ടുള്ള പൂജകൾക്കുമെല്ലാം, കള്ളും, നാടൻ കോഴിക്കറിയുമൊക്കെ ഒഴിച്ചുകൂടാനാവത്തവ തന്നെ. പ്രത്യേകിച്ച് കള്ളും, ചിരട്ടയിൽ ഉണ്ടാക്കുന്ന പുട്ടും, കോഴിക്കറിയുമെല്ലാം അക്കാലത്തെ സമ്പന്നൻ്റെ തീൻമേശയിലെ വിശിഷ്ട വിഭവങ്ങളായിരുന്നൊരു പഴയകാലം..
കള്ള് ചെത്ത് |
ചില സ്ത്രീകളും അക്കാലത്ത് നട്ടുച്ച വെയിലൊന്നും കൂസക്കാതെ വന്ന് ഷാപ്പിന് പിന്നാമ്പുറത്തുനിന്നെല്ലാം കള്ള് കുടിച്ച് പിച്ചും പേയും, പറഞ്ഞ് ഒറ്റക്ക് പൊട്ടിച്ചിരിച്ച് പോകുന്നതെല്ലാം അക്കാലങ്ങളിലെ സ്ഥിരം കാഴ്ചകളായിരുന്നു. അതുപോലെ തന്നെയാണ് പഴയചില നായർതറവാടുകളിലെ കാരണവന്മാരും. അക്കാലത്തെ കാഴ്ചകളിൽ അൽപ്പം തറവാടികളായ കാരണവന്മാരൊക്കെ വരുമ്പോൾ അവർക്കൊപ്പം ചില സഹായികളുമൊക്കെ ഉണ്ടാകും!
പറഞ്ഞുവന്നത് അക്കാലങ്ങളിൽ ചെത്ത് തൊഴിലിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അത് അൽപ്പം കഷ്ടപ്പാടും, കഠിനാധ്വാനവും വേണ്ടതായിരുന്നെങ്കിൽ കൂടി, കള്ളു ചെത്ത് അത്ര മോശമല്ലാത്ത ഒരു തൊഴിൽതന്നെയായിരുന്നു.
അതിന് പ്രധാനമായൊരു കാരണം. കള്ള് ചെത്ത് ഒരു കുലത്തൊഴിൽ എന്നതിലുപരി ചെത്തു തൊഴിലാളികൾ അന്നത്തെ കേരളത്തിലെ അതിശക്തമായ സംഘടിത വർഗ്ഗവും. അക്കാലത്തെ കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ ശക്തമായ സാന്നിദ്ധ്യവുമായിരുന്നു. അതുകൊണ്ട് തന്നെ ഈ തൊഴിലിന് മാന്യമായ ഒരു സ്ഥാനം മാത്രമല്ല കൂലിയും, തൊഴിലാളികൾക്ക് ആവശ്യമായ തൊഴിൽ സംരക്ഷണവും, തൊഴിലാളി ക്ഷേമവും ഉറപ്പുവരുത്താൻ കൂടി കഴിഞ്ഞിരുന്നു.
എന്നാൽ കാലവും, ജീവിത രീതികളും, മനുഷ്യർ തന്നെയും വല്ലാതെ മാറിത്തുടങ്ങിയതോടെ മറ്റെന്തും പോലെ മദ്യവും വലിയ വ്യവസായവും അധിക വരുമാനം നേടിത്തരുന്ന വലിയൊരു സ്രോതസ്സും തന്നെയായി മാറി.
അപ്പോൾ, അതിൻ്റെയെല്ലാം ഭാഗമായി അനവധി വിദേശമദ്യഷാപ്പുകളും ത്രീസ്റ്റാർ, ഫോർ സ്റ്റാർ സൗകര്യങ്ങളോടെ കേരളത്തിലും വേരുറപ്പിച്ചു. അതോടെ മലയാളികളുടെ മദ്യപാനരീതികൾക്ക് കാതലായ മാറ്റം സംഭവിക്കുകയും , കേരളം ഒരു പുതിയ മദ്യനയത്തിനു തന്നെ രൂപം നൽകുകയും ചെയ്തു.
അങ്ങിനെ മലയാളിയുടെ മദ്യപാന ശീലംതന്നെ മറ്റൊന്നായി മാറിത്തീരുവാൻ തുടങ്ങിയ സാഹചര്യങ്ങളിൽ വളരെ പതിയെ എല്ലാ പരമ്പരാഗതവ്യവസായങ്ങൾക്കും സംഭവിച്ചതുപോലെ തന്നെ, കള്ളുചെത്ത് വ്യവസായവും തൊഴിലാളികളും പ്രതിസന്ധിയിലായി. കൂടാതെ മണ്ഡരി പോലുള്ള രോഗങ്ങളും തെങ്ങുകൃഷിയെ തകർക്കുവാൻ തുടങ്ങിയതോടെ ആരോഗ്യമുള്ളതെങ്ങുകൾ കിട്ടുവാനുള്ള ബുദ്ധിമുട്ടും. പുതിയ തലമുറ ഈ തൊഴിലിനോട് കാട്ടുന്ന വൈമുഖ്യവും എല്ലാം ഈ രംഗത്തെ കനത്ത പ്രതിസന്ധിയിലാക്കി.
അങ്ങനെ പല മനോഹരമായ പല കാഴ്ചകളും ദിനംതോറും അസ്തമിച്ചു കൊണ്ടിരിക്കുന്ന ഈ വേളയിൽ കേരളത്തിൻ്റെ പേരിനോട് തന്നെ ചേർന്നുനിൽക്കുന്ന കേരവും, അതുമായി ബന്ധപ്പെട്ട ഉപജീവനം നടത്തിയിരുന്ന ഒരു തലമുറയും ഇനി എത്ര കാലം എന്ന ചോദ്യമുയർത്തിക്കൊണ്ട് കാലവും ഇപ്പോൾ തിരിഞ്ഞു നടക്കുന്നു.
നാട്ടിൻപുറങ്ങളിൽ ഇപ്പോൾ ഒരു ചെത്തുതൊഴിലാളിക്ക് എല്ലാം കൂട്ടിക്കിഴിച്ചാൽ അവസാനമായി ഒരുദിവസം കൈയ്യിൽ കിട്ടുന്ന ഏറ്റവും കൂടിയ തുക ഏകദേശം നാനൂറ് രൂപയിൽ താഴെ മാത്രമാണന്ന് പറയുന്നു. അതും എന്തെല്ലാം അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിലും അതെല്ലാം മാറ്റിവെച്ച് ദിവസത്തിൽ മൂന്നു നേരവും തെങ്ങിൽ കയറിയാൽ കിട്ടുന്ന തുകയാണന്നുകൂടി ബോദ്ധ്യപ്പെടുത്തുമ്പോൾ, തീർച്ചയായും ഈതൊഴിലുമായി എത്രകാലം ഇവർക്ക് ഇനി മുന്നോട്ട് പോകുവാൻ കഴിയുമെന്ന ചോദ്യത്തിന് കൂടുതൽ പ്രസക്തിയും ഏറുന്നു.
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്
- മറ്റ് ആപ്പുകൾ
ജനപ്രിയ പോസ്റ്റുകള്‍
നാരകം വീട്ടിൽ വളർത്തിയാൽ !
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്
- മറ്റ് ആപ്പുകൾ
പ്രകൃതിജീവിതം ഒരു ബദൽ മാതൃക.
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്
- മറ്റ് ആപ്പുകൾ
അഭിപ്രായങ്ങള്‍