രാഷ്ട്രീയം ആരാണ് ഒഴിവാക്കേണ്ടത് ?


എന്താണ് രാഷ്ട്രീയം?

ഇക്കാലയളവിൽ മനുഷ്യരൊന്നാകെ, വലിയരീതിയിൽ തെറ്റിദ്ധരിച്ചിട്ടുള്ളതും, അതല്ലങ്കിൽ ഓരോ മനുഷ്യരുടെയും ജീവിതവും, ഭാവിയും, എന്തായിരിക്കണമെന്നും, നാളെ, ഈ സമൂഹവും രാഷ്ട്രവും എങ്ങിനെയാകണമെന്നുമെല്ലാം, സ്വയം നിശ്ചയിക്കുവാൻ കൽപ്പിച്ചു നൽകിയിട്ടുള്ള വലിയൊരവകാശത്തേയാണ് യഥാർത്ഥത്തിൽ രാഷ്ട്രീയമെന്ന് നമ്മൾ ഒറ്റവാക്കിൽ പറയുന്നത്.


രാഷ്ട്രീയം എന്താണ് ലക്ഷ്യം വെയ്ക്കുന്നത് ?

 നമുക്ക് ഇന്ന് കഴിക്കാനുള്ള ഭക്ഷണവും, അതിനാവശ്യമായ തൊഴിലും, കൂലിയും,  ജീവിത പശ്ചാത്തലങ്ങളും, സാഹചര്യങ്ങളും എവിടെനിന്ന്...? എന്ന ആശങ്കപ്പെടുത്തുന്ന ഒരു വലിയ ചോദ്യത്തിനുള്ള മറുപടിയാണ് രാഷ്ട്രീയം.'

 അത് രാജ്യത്തെ ഭൂരിപക്ഷം വരുന്നജനത, ഇന്നും, തിരിച്ചറിയാതെ പോകുന്നുവെന്നതാണ് രാജ്യം നേരിടുന്ന ഗൗരവതരമായ വലിയ പ്രതിസന്ധിയും, സ്ഥിതിവിശേഷവും. !
 മാത്രമല്ല
ഇത്തരം ചിന്തകളിൽ നിന്ന് രാജ്യത്തെ  പൗരസമൂഹം മാറി നടക്കുവാൻ തുടങ്ങുമ്പോഴാണ്  മനുഷ്യർ വീണ്ടും നൂറ്റാണ്ടുകൾക്ക് മുൻപേ തുടച്ചുനീക്കപ്പെട്ട അടിമത്ത വ്യവസ്ഥയിലേക്കോ, ഏകാധിപത്യത്തിലേക്കോ വഴുതി വീഴുന്ന സംഭവങ്ങളും , സാഹചര്യങ്ങളുമെല്ലാം ഏതൊരു രാജ്യത്തും വീണ്ടും സൃഷ്ടിക്കപ്പെടുന്നത്.


 ദൈവമെന്ന വിശേഷണം പോലെതന്നെ, രാഷ്ട്രീയവും സർവ്വ വ്യാപിയാണ്. അത് ഒരു രാജ്യത്തേയോ, ലോകത്തേയോ മാത്രമല്ല.ഓരോമനുഷ്യൻ്റെയും ജീവിതത്തിൻറെ സമസ്തമേഖലയേയും, വരാനിരിക്കുന്ന തലമുറകളുടെ ഭാവിയേയും, ഒരു രാഷ്ട്രത്തിൻറെ തന്നെ നില നിൽപ്പിനെയും ബാധിക്കുന്നു.  

കക്ഷിരാഷ്ട്രീയം രാഷ്ട്രീയമല്ല 


  എങ്കിലും രാഷ്ട്രീയമെന്നു പറയുമ്പോൾ, പൊതുവിൽ എല്ലാവരും നെറ്റിചുളിക്കുന്നത്, കാലുമാറ്റവും, അധികാരത്തർക്കങ്ങളും, വിലപേശലുകളും, കച്ചവടവും നിറഞ്ഞ നെറികേടുകളുടെ ചവറു കൂമ്പാരവും, അധികാര രാഷ്ട്രീയത്തെ മാത്രം ലക്ഷ്യം വെയ്ക്കുന്നതുമായ കക്ഷിരാഷ്ട്രീയത്തേയാണ്. 

 എന്നാൽ അതാണോ ഒരു രാജ്യത്തിൻ്റെ രാഷ്ട്രീയം. ? കക്ഷി രാഷ്ട്രീയം പലപ്പോഴും ശ്രമിക്കുന്നതും, വിഭാവനം ചെയ്യുന്നതും, എങ്ങിനെ രാജ്യത്തെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് അധികാരം പിടിച്ചടുക്കി  തങ്ങൾക്കനുകൂലമായി കാര്യങ്ങൾ സാധിച്ചെടുക്കാമെന്നതുമാത്രമാണ്. 

അവിടെ രാജ്യമോ, നിയമങ്ങളോ, ജനങ്ങളോ പോലും പ്രശ്നമല്ലാത്ത ഒരുകൂട്ടം ആളുകളടങ്ങിയ ഒരുതാത്ക്കാലിക സംവിധാനത്തിൻ കീഴിൽ നടക്കുന്ന എന്തെല്ലാമോ ചില പ്രവർത്തനങ്ങൾ  മാത്രമാണ് . അതിന് രാജ്യത്തെ ജനാധിപത്യസംവിധാനങ്ങളെ ഉപയോഗപ്പെടുത്തുകയും, എന്തെക്കെയോ ചെയ്തുവെന്ന് വരുത്തി തീർക്കലുമാണ് സംഭവിക്കുന്നത്. കാരണം രാജ്യത്തെ കോർപ്പറേറ്റ് മൂലധനത്തിൻറെ വളർച്ചയും, കിടമത്സരങ്ങളും ഇപ്പോൾ  പലയിടത്തും ഭരണ സാരഥ്യം കൈയ്യടക്കുന്നതിൽ വരെ എത്തി നിൽക്കുന്നുവെന്നാണ് പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത്. മറ്റൊരു വിധത്തിൽ മത- ജാതി - സമൂഹത്തിൻറെ നോമിനികൾ എന്ന പോലെ കോർ
പ്പറേറ്റ് സ്ഥാപനങ്ങളുടെ പ്രതിനിധികളും ഇപ്പോൾ പലയിടങ്ങളിലും നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്യുന്നുണ്ടന്നുള്ളതാണ് യാഥാർഥ്യം!
  
 ഇവിടെ, ആര് ഭരിക്കുന്നുവെന്നതിലുപരി, ആരാണോ ഭരിക്കുന്നത് അവർനടപ്പാക്കുന്ന ആശയങ്ങളും, അവരുടെ പോളിസികളുമാണ് പ്രധാനമായുള്ളത്.  ആപോളിസികൾ തെറ്റായാലും, ശരിയായാലും അത് രാജ്യത്തെ  ഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യരുടെ ജീവിത പ്രയാസങ്ങളെ ഉൾക്കൊള്ളുന്നുണ്ടോ എന്നുള്ളതാണ് മുഖ്യ ചോദ്യവും . അല്ലാത്തപക്ഷം അതിനെ തിരുത്തിയെഴുതിക്കുവാനും, ഭരണകൂടത്തെക്കൊണ്ട്  ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുത്തുവാനോ, അവരെ മാറ്റിമറിക്കാനോ ഉള്ളതാണ് മഹത്തായ ഭരണഘടനയും, നിലവിലുള്ള ജനാധിപത്യവും.

 പറഞ്ഞുവരുന്നത് ഇന്ന് സമൂഹമാദ്ധ്യമങ്ങളിലും, വാട്സ്ആപ്പുകളിലുമെല്ലാം പടച്ചുവിടുന്ന ഇല്ലാവചനങ്ങളുടേയോ, വ്യക്തിഹത്യകളുടേയോ, വിദ്വേഷപ്രചരണങ്ങളിലോ എല്ലാം അധിഷ്ഠിതമായ കക്ഷി രാഷ്ട്രീയ ഗൂഢാലോചനകൾ  പലപ്പോഴും സംശുദ്ധ രാഷ്ട്രീയത്തെ അപഹാസ്യമാക്കുന്നതിനും, വലിയ രീതിയിൽ രാഷ്ട്രീയമെന്നത്  ഒരു ശുദ്ധ തട്ടിപ്പാണന്നുമാണന്ന പതീതി ജനിപ്പിച്ച് ഭൂരിപക്ഷത്തെ അരാഷ്ട്രീയ വാദത്തിലേ ക്കെത്തിച്ച്  അധികാരത്തിൻറെ സുഖഭോഗങ്ങൾ ഏതാനും ചിലർക്കു മാത്രമായി എല്ലാക്കാലവും അനുഭവിക്കാമെന്ന മൂഢ സങ്കൽപ്പങ്ങളുടേയും ഭാഗമാണ്.   അതുകൊ ണ്ടാണ് കക്ഷി രാഷ്ട്രീയ ബഹളങ്ങൾക്ക് നാടിൻ റെ രാഷ്ട്രീയവുമായി ബന്ധമില്ലന്ന് ആദ്യമേ പറഞ്ഞത്.

 കൂടാതെ ചെറു രാഷ്ട്രീയ പ്രസ്ഥാനങ്ങളായി രൂപം കൊള്ളുകയും, പിന്നീട് ഏതെങ്കിലുമൊരു കക്ഷിയുടെ പിൻബലത്തിൽ ഭരണത്തിൽ പങ്കാളികളാവുന്ന പല ചെറുതും , വലുതുമായ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് പല കോർപ്പറേറ്റുകളും, അവർ നിയന്ത്രിക്കുന്ന മാദ്ധ്യമ സ്ഥാപനങ്ങളുമെല്ലാം വലിയ തോതിൽ സഹായ ഹസ്തങ്ങൾ നൽകുന്നുമുണ്ടന്നാണ് ഇലക്ക്ട്രൽ ബോണ്ടു വഴിയും, അല്ലാതെയുമെല്ലാം പുറത്തുവരുന്ന പല മാദ്ധ്യമ വാർത്തകളും ചൂണ്ടിക്കാട്ടുന്നത്.

  അതിനാൽത്തന്നെ അതിന് രാഷ്ട്രീയപ്രവർത്തനമെന്നവാക്കായോ, രാജ്യത്തെ ജനങ്ങളുടെ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ടീയമായോ എങ്ങിനെ യാണ്ബന്ധമെന്ന് ചോദിച്ചാൽ അതിന് മറിച്ചൊരു ഉത്തരമുണ്ടാകുവാനും ഇടയില്ല. 

അത് കുറേയേറെ പണം വാരിയെറിഞ്ഞുള്ള ഒരു അധികാര കൈമാറ്റമോ, അതല്ലെങ്കിൽ അധികാര സ്ഥാപനത്തിനോ മാത്രമായുള്ള ചില പ്രവർത്തനങ്ങൾ മാത്രമായാണ്. ബോധ്യപ്പെടുന്നതും . കാരണം  കാലുമാറ്റ രാഷ്ടീയത്തിൻെറ ഇക്കാലത്ത് , ജയിച്ചു വന്ന സ്വന്തം മുന്നണിക്കാർ, എതിർപാർട്ടിയിലേക്ക് പോകാതിരിക്കുവാൻ  റിസോർട്ടുകൾ വാടകയ്ക്കെടുത്ത്  മാറ്റിത്താമസിപ്പിക്കുന്നതുവരെ ഇക്കാലങ്ങളിൽ കണ്ടിട്ടുണ്ട്.
 ഇതിനെയെല്ലാം  ഒരു  രാഷ്ട്രീയ പ്രവർത്തനമായി എങ്ങിനെയാണ് അംഗീകരിക്കുക?  
  
എന്നാലിപ്പോൾ ജനാധിപത്യത്തിൻറെ തണൽ ഉപയോഗിച്ചും , ജനാധിപത്യ സ്ഥാപനങ്ങളുടെ മറവിലുമായി      അത്യന്തം നിഗൂഢപദ്ധതികളാൽ  തയ്യാറാക്കപ്പെടുന്ന  ഭരണകൂട അട്ടിമറികളും കാണേണ്ടി വരുന്നുവെന്നതാണ് പുതിയ കാല രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഇരുണ്ട വശം.   
 അവിടെ ഭരണഘടനയോ,  ജനങ്ങളുടെ ആവലാതികളോ, താത്പ്പര്യങ്ങളോ, ദാരിദ്ര്യമോ, സാമ്പത്തിക പ്രതിസന്ധികളോ ഒന്നും അവരുടെ പ്രശ്നങ്ങളേയല്ല. മറിച്ച്, പണ്ട് കച്ചവടത്തിനായ് ഇൻഡ്യയിൽ വന്നിറങ്ങി അധികാരം സ്ഥാപിച്ച് ജനങ്ങളെ അടിമളാക്കി നാടുകൊള്ളയടിച്ച ഒരു ചരിത്രകഥയെ ഓർമ്മിപ്പിക്കും വിധമാണ്  പല ഭരണകൂടങ്ങളുടേയും പ്രവർത്തന മെന്നതുകൊണ്ട് രാജ്യത്തെ ജനാധിപത്യത്തെ  എന്തുവിലനൽകിയും സംരക്ഷിക്കുക എന്ന ഒരു വലിയ ബാദ്ധ്യത കൂടി പുതിയ കാലത്തെ രാഷ്ട്രീയ പ്രവർത്തനം ആവശ്യപ്പെടുന്നു.
അപ്പോൾപ്പിന്നെ എന്താണ് രാഷ്ട്രീയം ?   രാഷ്ട്രത്തെ സംബന്ധിക്കുന്നതാണ് രാഷ്ട്രീയം.
മാത്രമല്ല അത് ഒരു രാജ്യത്തെ ജനങ്ങളെയാകെ ചേർത്തുപിടിക്കുന്നതും,
 സാമാന്യജനതയുടെ  ജീവിതപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതുമാകണം.

അതായത്, നിങ്ങളുടെ പട്ടിണിക്കും, ദാരിദ്ര്യത്തിനും, സാമ്പത്തികഉച്ചനീചത്വങ്ങൾക്കുമെല്ലാം, ഒരു ഭരണകൂടത്തിൻ്റെ നയങ്ങൾ ഗുണകരമാകുന്നുണ്ടോ,...? അതല്ലങ്കിൽ നിങ്ങൾ ഒരു പൗരനെന്ന നിലയിൽ പരിഗണിക്കപ്പെടുന്നുണ്ടോ? നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടോ?, നിങ്ങൾക്ക് നീതിയും, തുല്യതയും , ഉറപ്പാകുന്നുണ്ടോ? നിങ്ങൾക്ക് ഭയലേശമന്യേ അഭിപ്രായങ്ങൾ പറയുവാനും , ജീവിക്കുവാനും കഴിയുന്നുണ്ടോ? മറ്റാരെയും പോലെ
 ജാതി, മത, വർണ്ണ, വർഗ്ഗ, ലിംഗവ്യത്യാസമില്ലാതെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും മറ്റാരേയും പോലെ മാന്യമായ പരിഗണന ലഭ്യമാകുന്നുണ്ടോ? വരാനിരിക്കുന്ന ഒരു തലമുറയുടെ ഭാവി അത് ഭദ്രമാക്കുന്നുണ്ടോ?

 സൗജന്യ വിദ്യാഭ്യാസവും, ആരോഗ്യ പരിരക്ഷയും, നിങ്ങൾക്ക് ലഭിക്കുന്നുണ്ടോ..? പാർപ്പിടം, വസ്ത്രം, ഭക്ഷണം, വൈദ്യുതി, ജലം ഇതെല്ലാം നിങ്ങൾക്ക് ലഭ്യമാണോ..? കൃഷി, വ്യവസായം എന്നിവയിൽ സർക്കാർ ഇടപെടലുകളുണ്ടോ.... എന്നിങ്ങിനെ ഒരു നാടിൻറെ, സമസ്തമേഖലയിലുള്ള ഭരണകൂടത്തിൻറെ രാജ്യത്തെ പൊതുവായ ഇടപെടലുകളും, അതുവഴി രാജ്യത്തെ സാധാരണമനുഷ്യൻ ഉയർന്നതാഴ്ച്ചകളുമെല്ലാമാണ് രാഷ്ട്രീയം മുന്നോട്ടു വെയ്ക്കുന്നത്.   

അതിനാൽ ഓരോമനുഷ്യരുടെയും നിത്യജീവിതത്തിൽ പലരൂപത്തിലും, പലഭാവങ്ങളിലും ഇടപെട്ടുകൊണ്ട്, നാം എന്തുഭക്ഷിക്കണമെന്നും, എന്തു സംസാരിക്കണമെന്നും, ജീവിതത്തിൻറെ ഉയർച്ചതാഴ്ച്ചകൾ പോലും നിർണ്ണയിക്കപ്പെടുന്ന, ഒരു നാടിൻറെ രാഷ്ട്രീയത്തിൽ നിന്ന് ആർക്കാണ് ഒഴിഞ്ഞുമാറി നിൽക്കുവാനാകുന്നത്.? 

https://www.vlcommunications.in/2023/12/blog-post_10.html
രാഷ്ട്രീയം ആരാണ് ഒഴിവാക്കേണ്ടത് ?

  
എന്നാൽ രാഷ്ട്രീയത്തെക്കുറിച്ചു  ചിന്തിക്കുമ്പോൾ   ലോകത്തുതന്നെ ഏതൊരു മനുഷ്യനും ഒരൊറ്റ രാഷ്ട്രീയമുണ്ടാകുവാനേ നിർവാഹമൊള്ളൂ. കാരണം ,  അത് മനുഷ്യൻ്റെ നിലനിൽപ്പും, ജീവിതവും, വിശപ്പുമായി ബന്ധപ്പെട്ടതാണ്,  അതല്ലങ്കിൽ മനുഷ്യനെ മനുഷ്യനായികാണുന്നതും, എല്ലാവർക്കും തുല്യതഉറപ്പാക്കുന്നതും  മികച്ച ജീവിത സുരക്ഷിതത്വവും, സൗകര്യങ്ങളും, സാമൂഹിക സാഹചര്യങ്ങളും ഉണ്ടായിത്തീരുവാനും പര്യാപ്തമായ ഒരു ആശയഗതിയിലുള്ള രാഷ്ട്രീയത്തെ മാത്രമേ ആരും അംഗീകരിക്കുവാനും തരമൊള്ളൂ.

എന്നാൽ  ഖേദകരമെന്നു പറയട്ടെ , ഇന്ന് ലോകത്തിൽ തന്നെ ഇന്ന് വിരലിലെണ്ണാവുന്ന ചില രാജ്യങ്ങളൊഴിച്ചാൽ മറ്റെവിടെയും നിലനിൽക്കുന്ന ഒരു രാഷ്ട്രീയ പരിതസ്ഥിതിയും ആശ്വാസജനകമല്ല എന്നതാണ് സത്യം.

കാരണം, ചരക്കിനേയും സമ്പത്തിനേയും മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള ഒരു  രാഷ്ട്രീയ സിദ്ധാന്തം തന്നെയാണ് മിക്കവാറും രാജ്യങ്ങളെല്ലാം തന്നെ ഇന്ന് കൈകാര്യം ചെയ്യുന്നത്. മാത്രമല്ല അടിസ്ഥാനവികസനമെന്നത് ഒരു അജണ്ടപോലുമല്ലാത്തതിനാൽ പലമുതലാളിത്ത രാജ്യങ്ങൾ എന്നു പറയപ്പെടുന്നവപോലും ഇന്ന് അത്യന്തം അപകടകരമായ പ്രതിസന്ധികളേയും അഭിമുഖീകരിക്കുന്നുമുണ്ട്. അതിനെ തരണം ചെയ്യുന്നതാകട്ടെ, രാജ്യത്തിനകത്ത് മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്തുകൊണ്ടാണങ്കിൽ, രാജ്യങ്ങൾ മറ്റുരാജ്യങ്ങളെ ചൂഷണം ചെയ്തും യൂദ്ധം ചെയ്ത് കീഴ്പ്പെടുത്തിയുമാണ് നിലനിൽപ്പിനായി പൊരുതുന്നത്. അപ്പോഴും ഇത് എത്രകാലമെന്ന വലിയചോദ്യത്തിലേക്കുതന്നെയാണ് ലോകം ഉറ്റു നോക്കുന്നത്.
ഇങ്ങിനെ ലോക രാഷ്ട്രീയവും, രാജ്യ രാഷ്ടീയവുമെല്ലാം അത്യന്തം പ്രചനാതീതവും, അപകടകരവും, സംഘർഷഭരിതവുമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ്.  എന്താണ് രാഷ്ട്രീയമെന്നും, അത് സമൂഹത്തിലും, മനുഷ്യജീവിതത്തിൻറെ സ്വാതന്ത്ര്യത്തിൽപ്പോലും എങ്ങിനെയെല്ലാമാണ് ഇടപെടുന്നതെന്നും ചിന്തിച്ചുപോകേണ്ടതായി വരുന്നതും.


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌