എന്താണ് ജീവിതം ?
രാവിലെ തുടങ്ങിയ ശരീരം വേദനയാണ്. അതുകൊണ്ടാകാം പതിവില്ലാത്തനേരത്ത് ഒന്നുമയങ്ങിപ്പോയത്.!
![]() |
എന്താണ് ജീവിതം ? |
ഉണർന്നെഴുന്നേൽക്കുമ്പോൾ, മുന്നിലുള്ള ഇടവഴിയിൽ പതിവില്ലാത്ത ആൾപ്പെരുമാറ്റം.!
അതെന്താകും...? ആരോടെങ്കിലും ചോദിക്കാമെന്നു കരുതിയാൽ തീർത്തും അപരിചിതരായ മനുഷ്യർ. പണ്ട് ഒത്തിരി അകലങ്ങളിൽ അഞ്ചോ, ആറോ, വീടുകളാണ് ഉണ്ടായിരുന്നുവെങ്കിൽ ഇന്ന് വഴിനടക്കാൻ പോലും കഴിയാത്തവിധം ഓരോ സെൻറിലും ഓരോവീടുകൾ. ആർക്കും ആരുമായും യാതൊരു പരിചയമോ,ബന്ധങ്ങളോ ഒന്നും തന്നെയില്ല. എങ്കിലും രണ്ടും കല്പ്പിച്ചു തന്നെ, ആദ്യം കണ്ട ഒരാളോടു ചോദിച്ചു.
തൊട്ടയൽപ്പക്കത്തുള്ള അൽപ്പം പ്രായം ചെന്ന ഒരുമനുഷ്യൻ മരിച്ചുപോയത്രെ.! .ചുറ്റുപാടും വെറുതെയൊന്നു കണ്ണോടിച്ചു.
അടുത്തരണ്ടുവീടുകളിലും ടി.വി. ഓൺചെയ്തുവെച്ചിരിക്കുന്നതുകേൾക്കാം. കുട്ടികൾ ആർത്തു വിളിക്കുന്നു. ക്രിക്കറ്റ് കളി ലൈവാണ്. പതിയെ അങ്ങോട്ടു നടന്നു.
ടി.വി.യുടെ ശബ്ദം കുറച്ച് വീട്ടുകാരൻ പുറത്തേക്കിറങ്ങി "അപ്പുറത്തെ വീട്ടിലെ രാജപ്പൻചേട്ടൻ മരിച്ചുവല്ലേ..?"ഞാൻ ചോദിച്ചു.
" അതെ ഞാൻ അൽപ്പംമുൻപ് വാട്സ് ആപ്പിലാ അറിഞ്ഞേ..! അറിഞ്ഞ സ്ഥിതിക്ക് അവിടം വരെപോയി കണ്ടു, തിരിച്ചുപോന്നു. മരണം രാവിലെയായിരുന്നു..., എല്ലാം കഴിഞ്ഞു." കുട്ടികൾ ടി.വി.യിൽ നോക്കി വീണ്ടും ആർത്തുവിളിച്ചു -
"ഓ, അടുത്തവിക്കറ്റും വീണു സൂപ്പർ കളി തന്നെ." അയൽപക്കക്കാരൻ ടി.വി.യിൽ നിന്ന് കണ്ണെടുക്കാതെ ധൃതിയിൽ അകത്തേക്കുതന്നെ തിരിച്ചു പോയി.
- ആലോചിച്ചപ്പോൾ ദേഷ്യവും, സങ്കടവുമെല്ലാം ഒരുമിച്ചു വന്നു . മരണപ്പെട്ട ആ മനുഷ്യൻ ചെറുപ്രായത്തിൽ എത്രയേറെ ചോക്ലേറ്റുകളും, മിഠായികളുമൊക്കെ വാങ്ങിത്തന്നിരിക്കുന്നു....! എന്നിട്ടുമൊന്ന് ഉറങ്ങിയുണർന്നപ്പോഴേയ്ക്കും.....! കഷ്ടം, ഒരാൾ പറഞ്ഞുപോലും അറിഞ്ഞില്ല..-
ഫോൺ ഓൺചെയ്തു. വാട്സ് ആപ്പിൻറെ ഒരറ്റത്ത് മരണപ്പെട്ടയാളുടെ ഒരുപഴയഫോട്ടോ. ചുവട്ടിൽ കണ്ണീർവാർക്കുന്ന ഒരു ഇമോജിയും, ആദരാഞ്ജലികൾ എന്നെഴുതിയ ഒരു കുറിപ്പും.!
- തീർന്നു... !ഒരു മനുഷ്യ ജന്മത്തിൻറെ വിടവാങ്ങൽ...! ഒരുദിവസം ഇൻറർനെറ്റില്ലങ്കിൽ തീരും, എല്ലാ ബന്ധങ്ങളും. ലോകവും തന്നെ -
എങ്കിലും മരിച്ചവീട്ടിലേയ്ക്കുതന്നെ നടന്നു. വീടിൻറെ നീണ്ട വരാന്തക്കൊരുകോണിൽ മരണപ്പെട്ട മനുഷ്യൻറെ മകൻ.
നരകൾ പടർന്നുകയറി, എല്ലുന്തി ക്ഷീണിച്ച അയാൾ, കുറച്ചു കനലും, പുകയുമായവശേഷിച്ച ഒരു മനുഷ്യജൻമത്തിൻറെ ഓർമ്മകൾക്കുമുന്നിൽ കൂട്ടിരിക്കുന്നപോലെ.
" ഇപ്പോൾ, അറിഞ്ഞതേയൊള്ളൂ... നല്ല സുഖമുണ്ടായില്ല. ഒന്നു മയങ്ങിപ്പോയി." - ഞാൻ പറഞ്ഞു -
"ങ്ങും..!! പ്രത്യേകിച്ച് അസുഖമൊന്നുമുണ്ടായില്ല. പെട്ടെന്നായിരുന്നു."- നീണ്ട താടിരോമങ്ങളിൽ വിരലോടിച്ചുകൊണ്ട് അയാൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
- ചുറ്റുപാടുമൊന്നു കണ്ണോടിച്ചു. കനത്തവെയിലിൽ, ചിതയിലെ തിളങ്ങുന്നകനൽകട്ടകളും, വീടിൻറ അകത്തളങ്ങളിൽ അയാൾക്കായി കാവലിരിക്കുന്ന മൂടിക്കെട്ടിയ ഇരുളും. ! ഞാനോർത്തു. ഒരു മരണ വീടുപോലും എത്ര പെട്ടെന്നാണ് ഒരാളനക്കമില്ലാതെ കാലിയാകുന്നത് ..!
ഏതാനും വർഷം മുൻപുള്ള നാട്ടിലെ ചില മരണ വീടുകളുടെ ചിത്രമാണ് അപ്പോൾ വളരെപ്പെട്ടെന്ന്, അറിയാതെ മനസ്സിലേക്കോടിയെത്തിയത്.!
മരണമടഞ്ഞത് ആരായാലും, എപ്പോഴായാലും, എങ്ങിനെയെങ്കിലുമൊക്കെയായി , മരണ അറിയിപ്പെത്തും. പ്രത്യേകിച്ച് രാത്രികാലമാണങ്കിൽ പിന്നീട് ഓരോ ഇടവഴികളിലും ടോർച്ചും , കുറേ പന്തങ്ങളുമൊക്കെ മിന്നിമറയുന്നതാകും കാഴ്ച്ച. മരണ വീട് നിമിഷ നേരം കൊണ്ട് തന്നെ ആൾക്കൂട്ടത്താൽ നിറഞ്ഞു കവിയും.
അന്ന്, മരിച്ചവനെക്കുറിച്ചുള്ള ഓർമ്മകളും , കഥകളും, കണ്ണീരുമൊക്കെയായിട്ടാകും ആ രാത്രി കടന്നുപോവുക , അതിനിടെ വരാനുള്ള ബന്ധുക്കളെക്കുറിച്ചുള്ള അന്വേഷണങ്ങൾ, വന്നുചേർന്ന ബന്ധുക്കളുടെ ദൈന്യമായ തേങ്ങലുകൾ....! കട്ടൻ ചായയും ഭക്ഷണങ്ങളുമൊക്കെയായി ഓടി നടക്കുന്ന അയൽപക്കത്തെ വീട്ടുകാർ. !
മരണശേഷം അനന്തരമുള്ള കർമ്മങ്ങളും, ക്രിയകൾക്കുമെല്ലാം ശേഷം കുടുംബാംഗങ്ങളുടേയും, ബന്ധുജനങ്ങളുടേയും സാന്നിദ്ധ്യത്തിലുള്ള ഒത്തുചേരൽ. പലപ്പോഴും ആ കുടുംബത്തിൻ്റെ നിലവിലുള്ള ശോചനീയാവസ്ഥകളെക്കുറിച്ച് മറ്റുള്ളവർ മനസ്സിലാക്കുന്നതുപോലും അപ്പോഴാകും.
പ്രത്യേകിച്ച് ആർക്കും ഒന്നും ചെയ്യുവാൻ കഴിയുന്നത്ര ത്രാണിയില്ലങ്കിൽ പോലും, ആ കൂട്ടായ്മയും, ഒത്തുചേരലുമെല്ലാം മരിച്ചു പോയയാളുടെ കുടുംബത്തിന് വല്ലാത്തൊരു ആത്മധൈര്യവും, വിശ്വാസവും, തങ്ങൾ സമൂഹത്തിൽ ഒറ്റപ്പെട്ടവരല്ലന്നെല്ലാമുള്ള, ഒരു വലിയ ധാരണകളുമൊക്കെ ഉണ്ടാക്കിയെടുക്കുവാൻ തക്ക പര്യാപ്തതവുമായിരുന്നു.
എരിഞ്ഞടങ്ങാറായ ചിതയിലേയ്ക്ക് നോക്കി അയാളുടെ മകൻ ആരോടൊന്നില്ലാതെ പറഞ്ഞു.
" ജീവിച്ചിരുന്നപ്പോൾ അനുഭവിക്കാത്ത വല്ലാത്ത വലിയൊരു ശൂന്യത ! ഒരു സമാധാനത്തിനെങ്കിലും, എന്തു കാര്യത്തിലും വെറുതെയെങ്കിലും ഒരു അഭിപ്രായം ചോദിക്കാൻ ഒരാളുണ്ടായതാ ..! അതും തീർന്നു."
- അയാളുടെ കണ്ണുകളിൽ നിരാശയുടെയും, ഏകാന്തതയുടെയും കനത്ത പുകച്ചുരുളുകൾ കൂടുകെട്ടി.- ഉച്ച വെയിലിൽ ഒരു മനുഷ്യ ജീവിതത്തിൻ്റെ അവസാന ഓർമ്മകളും ചാരനിറത്തിൽ ആകാശത്തിലേയ്ക്കെന്ന പോലെ പറന്നുയർന്നു.
- അതെ, അതൊരു ശൂന്യത തന്നെയാകും, ... ! എന്തിലും, ഒറ്റയ്ക്കല്ലന്ന ഒരു ധൈര്യം, ഒരു ആശ്വാസത്തിനെങ്കിലുമായുള്ള ചേർത്തുപിടിക്കൽ,! അത്രയൊക്കെതന്നെയേ, ഈ ഒരു കെട്ടകാലത്ത് ഏതൊരു മനുഷ്യനും അറിയാതെ, ഒരു നിമിഷമെങ്കിലും ആഗ്രഹിക്കുന്നുണ്ടാകൂ .!
തീരെ ,നിനച്ചിരിക്കാത്ത ഒരു സമയത്താകും, ഒരു കാലത്തിൻ്റെ തീഷ്ണാനുഭവങ്ങളുടെ വലിയ ഭാണ്ഡക്കെട്ടുമായ് ഒരു തലമുറ മറ്റുള്ളവരെ ഒറ്റയ്കാക്കി വളരെ പെട്ടെന്ന് പടിയിറങ്ങിപ്പോകുന്നത്, പക്ഷെ, അത് ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൻ്റെ ആദ്യാക്ഷരങ്ങൾ ഒന്നുപോലും വായിച്ചെടുക്കുവാനോ, മനസ്സിലാക്കുവാനോ പണിപ്പെടുന്ന രണ്ടു കാലഘട്ടങ്ങൾക്കിടക്ക് പിറന്നുപോയ ഒരുപാട് മനുഷ്യജന്മങ്ങളെ, അനാഥത്വത്തിലേയ്ക്ക് വലി ച്ചെറിഞ്ഞുകൊണ്ടായിരുന്നെന്നുള്ളതാകും,ഏറ്റവും വേദനാജനകമായ സത്യവും.!
വൃദ്ധസദനമെന്ന ആധുനിക ജയിലുകൾ കേരളത്തിൻ്റെ ഭോഷ്ക്ക് സംസ്ക്കാരങ്ങൾക്കിടയിൽ അന്തസ്സോടെ തലയുയർത്താൻ തുടങ്ങുന്നതിനും മുൻപ്, കേരളത്തിലെ ഏതൊരു വീടുവരാന്തകളുടെയും ചാരുകസാലകളിൽ വാർദ്ധക്യത്തിൻറെ, ഒരു ചെറുപുഞ്ചിരി അവിടെ സമൃദ്ധമായി പ്രകാശം പരത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു.
ഒരു തലമുറയുടെ അനുഭവവും, ശക്തിയും, സംസ്ക്കാരവുമെല്ലാം മറ്റൊരു തലമുറയിലേയ്ക്ക് മനോഹരമായി പകർന്നിരുന്നകാലം... ! അവിടെ ആ കഥകളിലെല്ലാം, മനുഷ്യരും, മനുഷ്യബന്ധങ്ങളും, കാരുണ്യവും, സ്നേഹവുമെല്ലാമായിരുന്നു പ്രതിപാദ്യ വിഷയം. കൊടിയ ദുരിതങ്ങൾക്കിടയിലും, മനുഷ്യർ ഒന്നിനോടൊന്ന് കൈ ചേർത്തു പിടിച്ചിരുന്നൊരുകാലം.
ഇന്ന്, പലപ്പോഴും ഓരോന്നാരോന്നായി ഓരോദിവസവും അണഞ്ഞു തീരുന്നതും ആകാലത്തിൻറെ ഓരോ വലിയ ചിതകൾ തന്നെയാണ്..
തിരിഞ്ഞുനോക്കുമ്പോൾ , മരണമൂഹൂർത്തത്തിലെങ്കിലും മനഃസമാധാനത്തോടെയും, സന്തോഷത്തോടെയും മനുഷ്യന് മരിക്കാനാകണം.! താനൊരു മനുഷ്യനായിത്തന്നെ ജീവിച്ചുവെന്നഭിമാനിക്കുവാൻ കഴിയണം.! തൻറെ കൂടെ നിന്നവരെ ചേർത്തുപിടിക്കുവാനും, അവർക്ക് തണലാകുവാൻ കഴിഞ്ഞെന്നും, തോന്നണം. !കുറഞ്ഞ ദിനരാത്രങ്ങൾകൊണ്ട് തനിക്കും, തൻറെ സഹജീവികൾക്കുമെല്ലാം, എന്തെങ്കിലുമൊക്കെ നന്മകൾ ചെയ്യുവാൻ കഴിഞ്ഞന്ന ചാരിതാർഥ്യത്തിൽ അവസാനശ്വാസവും വലിക്കുവാൻ കഴിയുന്നതാകണം ഒരു മനുഷ്യ ജന്മം. അല്ലങ്കിൽ ജീവിതം.
തനിക്കൊപ്പം, സമൂഹമോ മറ്റൊരാളോ ഇല്ലങ്കിൽ, താനെന്ന അഹങ്കാരമില്ലന്ന വലിയൊരു തിരിച്ചറിവിലാണ് ഓരോ മനുഷ്യജൻമവും പൂർണ്ണതയിലേയ്ക്കെത്തുന്നത്. കാരണം, എപ്പോൾവേണമെങ്കിലും അസ്തമിച്ച് മണ്ണിനോടുചേരുന്ന മനുഷ്യാഹങ്കാരങ്ങൾക്കിടയിലും, തന്നെയോർത്ത് വിലപിക്കാൻ ഒരാൾ പോലും ബാക്കിയില്ലാത്ത ഈലോകത്ത് താൻ ഇത്രയേറെ കഷ്ട്ടപ്പെട്ട് ഇത്രയും കാലം എന്തിന് ജീവിച്ചു എന്നതാണ് പ്രധാനമായ കാര്യം.
എങ്കിൽ തന്നെയും, വിധിവൈപരീത്യത്താൽ, മനുഷ്യ ജീവിതമെന്തെന്നും, സ്നേഹത്തിൻറെ വർണ്ണകൂട്ടുകളിൽ ചാലിച്ചെഴുതിയ കുടുംബജീവിതത്തിൻറെ കഥകൾ സ്വാനുഭവത്തിലൂടെ നിരന്തരം പറയുവാൻ ശ്രമിച്ച ആ ഒരു വലിയ തലമുറ സംസ്കാരമാണ് ഇന്ന് അനവധി ക്ഷേത്ര നടകളിൽ പുറംതള്ളി ഗതികിട്ടാ പ്രേതങ്ങളെപ്പോലെ, മരണം കാത്ത് അലഞ്ഞുതിരിയുന്നതെന്നാണ് ആധുനിക കേരളത്തിൻറെ ഏറ്റവും വലിയ പ്രത്യേകത..!
ചിന്തകളിൽ നിന്നുണർന്ന് , മരണപ്പെട്ട മനുഷ്യൻറെ മകൻറെ മുഖത്തേയ്ക്കു സൂക്ഷിച്ചുനോക്കി.
- ആർക്കെല്ലാമോ വേണ്ടി , നിരർത്ഥകമായി ഒരുപാടുകാലം യൗവനം പണയപ്പെടുത്തി ജരാനരകളിലേയ്ക്കു നയിക്കപ്പെട്ടവൻ്റെ ദൈന്യത ആ കണ്ണുകളിൽ വ്യക്തമായിരുന്നു- എരിഞ്ഞുതീരാറായ ശൂന്യമായ ജീവിതത്തിൻറെ ചിതയിലേക്കുനോക്കി അയാൾ നിശബ്ദനായിരുന്നു.-
- എന്തിന് ഒരു മനുഷ്യ ജന്മം..?
എന്തിനെന്നറിയാതെ ഒരു തലമുറയെ സൃഷ്ടിക്കുകയും, എല്ലൊടിഞ്ഞ് പണിയെടുത്ത് രോഗാവസ്ഥയുടെ മൂർദ്ധന്യത്തിൽ മരണപ്പെടുക എന്നതും മാത്രമാണോ...ഒരു ജന്മത്തിൻറെ പ്രധാനലക്ഷ്യം ? അതോ ജീവിതത്തെ സ്നേഹമസൃണമായി വാരിപ്പുണരുകയും, ആസ്വദിക്കുകയും ചെയ്യുക എന്നതോ?
ഇതൊന്നുമല്ലങ്കിൽ തൻ്റേതായ ഒരിടം വരും തലമുറയ്ക്കായി ഇവിടെ മനോഹരമായി കോറി വെയ്ക്കുക എന്നതോ...? ഏതായാലും ഓരോ നിമിഷവും തൻ്റേതായ രീതിയിൽ ജീവിതത്തെ സ്നേഹിക്കുകയും, അതിനെ ആഘോഷിക്കുകയും ചെയ്യുക എന്നതിനപ്പുറം വെറും നിസ്സാരനായ ഒരുമനുഷ്യന് ഈ അനന്തമായ ഭൂഗോളത്തിനുകീഴിൽ മറ്റെന്താണ് ചെയ്യാൻ കഴിയുക....!
പരകോടികളുടെ ജനിമൃതി കളുടെ പൊരുൾ തേടിയുള്ള അയാളുടെ മനസ്സിൻറെ യാത്ര, കത്തിയമരുന്ന ചിതയുടെ കറുപ്പും, വെളുപ്പും ചേർന്ന പുകച്ചുരുളുകൾക്കിടയിലൂടെ അനന്തമായി നീണ്ടുപോകുന്നത് , അപ്പോഴും വ്യക്തമായിതന്നെ കാണാമായിരുന്നു.!
Comments