ആത്മീയതയിൽ മതത്തിൻറെ സ്ഥാനമെന്താണ്?
സ്വന്തം വീടുകളിലെ പ്രാർത്ഥന, അല്ലങ്കിൽ സന്ധ്യാനാമജപം മുതൽ ഒരുമനുഷ്യജീവിതത്തിൻറെ അന്ത്യംവരെ വ്യാപിച്ചു കിടക്കുന്ന ഒന്നാണ് നമ്മുടെ ആത്മീയസങ്കൽപ്പങ്ങൾ.
അതിൽ, ചാത്തനും, മറുതയും, ഭൂതപ്രേത പിശാചുക്കൾ മുതൽ അതീന്ദ്രിയ അനുഭവങ്ങളും,പുനർജന്മ കഥകൾ വരെ പരന്നുകിടക്കുന്നു. സത്യത്തിൽ എന്താണ് ഈ ആത്മീയത?
ഈ ചോദ്യത്തിന് പലരും തരുന്ന ഉത്തരം പലതാണ്.കാരണം അവനവന് താത്പര്യമുള്ള മതത്തെ ചേർത്തുനിർത്തിക്കൊണ്ടാകും പലവ്യാഖ്യാനങ്ങളും . അവിടേയും സ്വന്തം മതം മാത്രമാണ് ശരിയെന്ന് ആവർത്തിച്ചുറപ്പിക്കലാണ് ലക്ഷ്യം വെയ്‌ക്കുന്നത്. യഥാർത്ഥത്തിൽ തീർത്തും, വ്യക്തിധിഷ്ഠിതമായ ആത്മീയതയിൽ മതത്തിൻറെ സ്ഥാനം എന്താണ് ?
അല്ലങ്കിൽ ഹിന്ദു ആത്മീയത, മുസ്ലീം ആത്മീയത, ക്രിസ്ത്യൻ ആത്മീയത അങ്ങിനെയെല്ലാമുണ്ടോ..? ഈ പറയുന്ന തന്ത്രങ്ങളും മന്ത്രങ്ങളും വിഗ്രഹാരാധനകളുമെല്ലാം ഈ ആത്മീയതക്കുള്ളിൽ വരുമോ? ഇൻഡ്യ കണ്ട ഏറ്റവും വലിയ യോഗിവര്യന്മാരും, മഹാത്മാക്കളുമെല്ലാം ആത്മീയതയെകണ്ടെത്തുന്നതെങ്ങിനെയാണ്?
കുറേക്കാലമായുള്ള ഇത്തരം കുറേ സംശയങ്ങളുമായി കടന്നുചെന്നത് ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി.ധർമ്മചൈതന്യയുടെ അരികിലേക്കായിരുന്നു.
എന്താണ് ആത്മീയത?
ചോദ്യം കേട്ട് സ്വാമി പുഞ്ചിരിച്ചു.
![]() |
സ്വാമി.ധർമ്മചൈതന്യ |
" സത്യത്തിൽ ആത്മീയതയും, മതവുമായി യാതൊരു ബന്ധവുമില്ല.മാത്രമല്ല അതിന് പൂജാദികർമ്മങ്ങളോടോ, ഏതെങ്കിലും ആചാരാനുഷ്ഠാനങ്ങളോടോ തന്ത്രമോ, മന്ത്ര വിദ്യകളുമായോ ചേർത്തുവെക്കേണ്ടതുമില്ല."
'ആത്മീയത എന്നവാക്കിൻറെ അർത്ഥംതന്നെ, നമുക്ക് നമ്മെക്കുറിച്ചുള്ള അറിവ് എന്നാണ്.അല്ലങ്കിൽ ഞാൻ ആരാണ് എന്ന അറിവാണ്".
"എന്റെ നിലനിൽപ്പിന് ആധാരമായ പൊരുൾ എന്താണന്നറിയുന്നതിനേയാണ് ആത്മജ്ഞാനം എന്നുപറയുന്നത്." നമ്മൾ മനുഷ്യർ ഈ ഭൂമിയിൽ ജനിച്ച്, ജീവിച്ച്, മരിച്ചുപോകുമ്പോൾ - ഇവിടെ നമ്മുടെ നിലനിൽപ്പിന് ആധാരമായ പൊരുളിനെക്കുറിച്ച് ഒരു ബോധമുണ്ടായിരിക്കണം."
"എന്താണ് എൻറെ നിലനിൽപ്പിന് ആധാരമായ ആ പൊരുൾ? ഞാൻ ഈ ലോകത്തേയ്ക്ക് പിറന്നുവീഴും മുമ്പ് എനിക്കൊരു നിലനിൽപ്പുണ്ടായിരുന്നോ? ഞാൻ ഈ ലോകത്ത് ഇങ്ങിനെ നിലനിൽക്കുമ്പോൾ എന്നിൽ പൊരുളായി നിൽക്കുന്നു ആ സത്യമെന്താണ് ? മരണാനന്തരം എനിക്ക് എന്ത് സംഭവിക്കുന്നു? മരണശേഷം ഞാൻ ഈ ഭൂമിയിൽ എന്തെങ്കിലും അവശേഷിപ്പിക്കുന്നുണ്ടോ?"
"അതായത് അവനവനെക്കുറിച്ചും, ഈ ലോകത്തെക്കുറിച്ചുമുള്ളഅറിവും കൂടിച്ചേരുമ്പോഴാണ്അറിവിൻറെ പൂർണ്ണതയായ ആത്മജ്ഞാനം നേടുന്നതും അതുവഴി ആത്മീയതയിലേയ്ക്കു പ്രവേശിക്കുന്നതും."
മതവും, ആത്മീയതയും.
" ഗുരുദേവൻ ഉയർത്തിപ്പിടിച്ച ആശയം തന്നെ മതതീതമായ ആത്മീയതയാണ്."
Comments