Skip to main content

Featured

ലളിതം, പോഷകസമ്പുഷ്ടം ഈ സലാഡ്

വീട്ടിലായാലും, അതിഥികൾക്കായാലും ഭക്ഷണം ഉണ്ടാക്കി നൽകുന്നത് വളരെ സന്തോഷം നൽകുന്ന ഒരു അനുഭവവും, അതൊരു കലയുമാണ്. വീട്ടിൽ വരുന്ന അതിഥികളുടെ അഭിരുചികൾ, അവരുടെ പ്രായം, ആരോഗ്യഘടന, വരുന്ന സമയം. ഇതെല്ലാം കണക്കിലെടുത്ത് ഉണ്ടാക്കിനൽകുന്ന ഭക്ഷണമാണ്. അതിഥികളേയും സന്തോഷിപ്പിക്കുന്നത്. ഉദാഹരണത്തിന് ഉച്ചയൂണിൻ്റെ സമയത്ത് കയറി വരുന്ന വിരുന്നുകാരന് ഒരു ചായയും, ബിസ്ക്കറ്റും നൽകിയാലോ? അതല്ലെങ്കിൽ ഉച്ചയൂണിന് വരുന്ന വെജിറ്റേറിയൻ ഭക്ഷണ പ്രിയരുടെ മുൻപിൽ മട്ടൻ ബിരിയാണിയും, ചില്ലി ചിക്കണുമൊക്കെ കൊണ്ടുവന്നു കൊടുത്താലോ? അപ്പോൾ വരുന്നവരുടെ താത്പര്യമാണ് പ്രധാനം പറഞ്ഞു വരുന്നത് ആധുനിക കാലത്ത് എല്ലാമനുഷ്യരും ഏതെങ്കിലും വിധത്തിലെല്ലാം പലവിധ അസുഖങ്ങളെ നേരിടുന്ന ഇക്കാലത്ത് കൂടുതലായും, എണ്ണയും , കൊഴുപ്പും കലർന്ന ഭക്ഷണങ്ങളെല്ലാം ഒഴിവാക്കി കൂടുതൽ പോഷകസമ്പന്നവും, വളരെ ലളിതവുമായ പഴങ്ങളും, പച്ചക്കറികളുമെല്ലാം ഉപയോഗിച്ചുള്ള സലാഡുകളോ , ജ്യൂസുകളോ ഒക്കെ നൽകുകയാണങ്കിൽ അത് കഴിക്കുന്നവർക്കും നൽകുന്ന ആതിഥേയർക്കുമെല്ലാം വളരെ എളുപ്പവും, സന്തോഷകരവുമായിരിക്കുമെന്ന് തോന്നുന്നു. ലളിതം, പോഷകസമ്പുഷ്ടം ഈ സലാഡ് അതുകൊണ്ടുതന്നെ താഴെപ്പറയുന്ന വെജി...

വീടും, സ്പീച്ച് തെറാപ്പിയും

 വീട്, അല്ലങ്കിൽ കുടുംബമെന്നത് നാലുചുവരുകൾക്കുള്ളിൽ കഴിയുവാനുള്ള വെറും ഇടങ്ങളല്ലന്ന് വീണ്ടും, വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്ന എത്രയേറെ സംഭവങ്ങളാണ് നിത്യേനയെന്നോണം കേട്ടുകൊണ്ടിരിക്കുന്നത്...!



ഈ കഴിഞ്ഞ ദിവസമാണ്, കുറേക്കാലത്തിനുശേഷം പഴയ ഒരു പരിചയക്കാരനെ അവിചാരിതമായി കണ്ടുമുട്ടിയത്.

ഒരുപാട് വിശേഷങ്ങൾ സംസാരിച്ചശേഷം അദ്ദേഹം നഴ്‌സറി സ്‌കൂളിൽ പഠിക്കുന്ന തൻറെ മകൻറെ കുഞ്ഞിനെ എല്ലാദിവസവും, സ്പീച്ച് തെറാപ്പിക്കുവേണ്ടി' കൊണ്ടുപോകുന്ന കാര്യം പറഞ്ഞതുടങ്ങിയത്.

"സ്പീച്ച് തെറാപ്പിയോ..?. അതെന്തേ... കുഞ്ഞിന് സംസാരിക്കാനെന്തെങ്കിലും..?!" ഞാൻചോദിച്ചു..!

"അതെ ചെറിയ സംസാര വൈകല്യം...! വൈകല്യമെന്നല്ല... മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സംസാരിക്കുകയേ ഇല്ലന്ന് പറയാം...!"

"തലച്ചോറിൻറേയോ, മറ്റേതെങ്കിലും, നാഡീ ഞരമ്പുകളുടേയോ പ്രശ്നങ്ങളാണോ എന്നറിയാൻ ഒരുപാടു ടെസ്‌റ്റുകളും, ഡോക്ടർമാരേയും സമീപിച്ചു... എന്നാൽ യാതൊരുവിധ കുഴപ്പങ്ങളുമില്ല. ഫലവുമുണ്ടായില്ല."

 "താനും, ഭാര്യയും, മകനും കുഞ്ഞും, മരുമകളുമടങ്ങുന്ന ആ ചെറിയ കുടുബത്തിൽ, രാവിലെ എല്ലാവരും ജോലിക്കായി പുറത്തേയ്‌ക്കുപോകും,പിന്നീട് വീട്ടിലുള്ളത്, വളരെ ചെറിയ ആ കുഞ്ഞും തൻറെ ഭാര്യയായ അമ്മൂമ്മയും മാത്രമാണ്."

"ഏതുനേരവും, കുട്ടിയുടെ അരികിൽ പോയിരുന്ന് അതിനെ ശ്രദ്ധിക്കുവാനുള്ള മടികൊണ്ടോ എന്തോ... ഒരു മൊബൈൽ ഫോണെടുത്ത് തൻറെ ഭാര്യ കുഞ്ഞിൻറെ കൈയിൽ സ്ഥിരമായി, കളിയ്ക്കാൻ കൊടുക്കുന്നതിലാണ് തുടക്കം...!

പിന്നീട് ഫോൺ എടുത്ത് അമ്മൂമ്മയും സോഫയിൽ ചാഞ്ഞു കിടക്കും. അതിനിടയിൽ ആകെ കുഞ്ഞുമായി എന്തെങ്കിലും  കഴിക്കുന്ന സമയത്തുമാത്രവും  സംസാരം."

  "ഇത് ഒരു സ്ഥിരം പ്രകൃതം എന്നത് മാത്രമല്ല... അച്ഛനമ്മമാർ വന്നാലും സ്ഥിതി മറ്റൊന്നുമല്ല.

 അവരും, അവരുടെ തിരക്കുകളെല്ലാം കഴിഞ്ഞാൽ, സ്വന്തം ലോകത്തിലേക്കുതന്നെ...!

 " ഒരു പക്ഷേ... കുഞ്ഞ്, ഇത്രയും കാലത്തിനിടയിൽ ആൾക്കൂട്ടങ്ങളോ, ബഹളങ്ങളോ.. എന്തിന്,ശരിയായ രീതിയിൽ പുറംലോകം തന്നെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ... അതും ,സംശയമാണ്.! 

ഇതിനിടയിലാണ് കോവിഡ് എന്ന മഹാമാരിയും വന്നുപെട്ടത്... അതോടെ സംഗതി പൂർണ്ണമായി...! അൽപ്പമെങ്കിലും ഉണ്ടായിരുന്ന ഇടപഴുകലും, സംസാരങ്ങളുമെല്ലാം പൂർണ്ണമായും നിലച്ചു..!" 

 "തെറാപ്പി സെൻറർ കാണേണ്ടതുതന്നെയാണ്,... "-അദ്ദേഹം തുടർന്നു -

 "എത്രയേറെ കുഞ്ഞു കുട്ടികളെക്കൊണ്ടാണ് അത് നിറഞ്ഞിരിക്കുന്നത്..! സങ്കടം തോന്നിപ്പോകും.."

"നമ്മുടെ കാലത്ത് എവിടെയായിരുന്നു ഈ തെറാപ്പി സെൻററുകളെല്ലാം...? ലോകത്തിൻറെ തന്നെ നെറുകയിൽ ഉന്നത സ്ഥാനം വഹിക്കുന്ന നമ്മുടെ ചുണക്കുട്ടികളായ മിടുക്കൻമാരെല്ലാം ഏതെങ്കിലും തെറാപ്പി സെൻററിൻറേയോ, സ്പെഷ്യൽ കോച്ചിംഗ് സെൻററിൻറേയോ ഭാഗമാണോ..?!" " .... പറഞ്ഞാൽ ഒട്ടനവധി ഇനിയും പറയുവാനുണ്ട്...!" - ആ മനുഷ്യൻ നിരാശയോടെ നീങ്ങി -

ആലോചിച്ചാൽ അയാളുടെ, രോഷത്തിലും, വേദനയിലും ഒരുപാടു കാര്യങ്ങളുണ്ട്. ഓർമ്മയിലേയ്ക് പെട്ടെന്ന് ഓടിവന്നത്,... വീടിനടുത്തുള്ള, പ്രശസ്ത വാഗ്മിയും, എഴുത്തുകാരനുമായ പഴയ ഒരുപ്രൊഫസറെയാണ്. ആവശ്യത്തിലധികം സമ്പത്തും, സൗകര്യങ്ങളുമെല്ലാമുണ്ടായിട്ടും ആ മനുഷ്യൻ തൻറെ കുട്ടികളെ, പഠനത്തിനായ് പറഞ്ഞയച്ചത്, തൊട്ടടുത്തുള്ള സർക്കാർ സ്ക്കൂളിലേയ്ക്കായിരുന്നു

.ചോദിച്ചവരോടെല്ലാം അദ്ദേഹം പറഞ്ഞു, "ഞാൻ കോളേജിൽ, എൻറെ കുട്ടികളെ ഇംഗ്ലീഷും, ഇംഗ്ലീഷ് സാഹിത്യവുമെല്ലാം പഠിപ്പിക്കുന്നത്, ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലും പോയി പഠിച്ചിട്ടൊന്നുമല്ല. എല്ലാവരേയും പോലെ, ഏറെ നടന്ന് ഒരുപാട് പരിമിതികൾ മാത്രമുണ്ടായിരുന്ന ഒലമേഞ്ഞ സാധാരണ സർക്കാർ സ്കൂളിൽ തന്നെയായിരുന്നു...! 

"അതുകൊണ്ട് ഒരു സ്കൂളിലും, സിലബസിലും കാണിച്ചുതരാത്ത ഒരുപാടു മനുഷ്യരേയും, ചുറ്റു പാടുകളേയും,, കാഴ്ച്ചകളേയും ജീവിതത്തിൽ അത് സമ്മാനിക്കുകയുംചെയ്തു. അതൊരു മുതൽക്കൂട്ടാവുകയും ചെയ്തു.ഇന്ന് തീരെ ലഭിക്കാത്തതും, ഞാൻ എൻറെ ജീവിതം പടുത്തുയർത്താൻ ഉപയോഗിച്ചതുമായ മുഖ്യ മൂലധനവും അതുതന്നെ."

ഒരുപാട് സത്യസന്ധമായ വാക്കുകളായിരുന്നു അത്.

 പുറം ലോകത്തെ യാഥാർത്ഥ്യങ്ങളും, കാഴ്ചകളുമായി മനസ്സിനെ കൂട്ടിയിണക്കാനും, പരുവപ്പെടുത്താനും കഴിയുക എന്നത് ജീവിതത്തിൻറെ പ്രധാന പാഠങ്ങളിൽ ഒന്നുതന്നെ... മുൻപ് പറഞ്ഞതുപോലെ ..ഒരു പാഠശാലയ്ക്കും ഒരിക്കലും പഠിപ്പിച്ചു തരുവാൻ കഴിയാത്തതും, ഒരു സിലബസ്സിലും പെടാത്തതുമായ പാഠങ്ങൾ നമ്മുടെ കൈമുതലായി സൂക്ഷിക്കാൻ കഴിയുക എന്നത്, ഏതൊരു കനത്തവെല്ലുവിളികളേയും നേരിടുവാനുള്ള ഒറ്റമൂലിയെന്നുതന്നെ വിശേഷിപ്പിക്കേണ്ടിവരും.

 മനുഷ്യനെന്ന നിലയിൽ സ്വന്തം കാലിൽ നിൽക്കുവാനുള്ള ആത്മധൈര്യവും.മുന്നോട്ടുള്ള പാതയിൽ അടിപതറാതെ ധൈര്യപൂർവ്വം നടന്നു നീങ്ങുവാനുമുള്ള ശേഷിയും പലപ്പോഴും പ്രദാനം ചെയ്യുന്നത് നമുക്കു ചുറ്റുമുള്ള ഇത്തരം, വൈവിധ്യം നിറഞ്ഞ കാഴ്ചകളേയും, മനുഷ്യരേയും തിരിച്ചറിയുമ്പോൾ മാത്രമാണ്. 

 ഇന്നിപ്പോൾ പലരും, മോട്ടിവേഷൻ ക്ലാസുകൾക്കും, പലതരം മനശാസ്ത്ര ചികിത്സാ ഉപദേശങ്ങൾക്കുമെല്ലാം പിറകേപായുന്നതും..മികവാറും,. ഇത്തരം സാമൂഹിക ബന്ധമില്ലായ്‌മയിൽ നിന്നുണ്ടാകുന്ന അസ്വസ്ഥതകളിൽ നിന്നുതന്നെ.

 ഏതായാലും മുകളിൽ സൂചിപ്പിച്ച പ്രൊഫസറുടെ, ഒരുമകൻ, ഇപ്പോൾ രാജ്യത്തെ ഒരു പ്രധാന ഇംഗ്ലീഷ് പത്രത്തിൻറെ ലേഖകനും, മറ്റേയാൾ ഡോക്ടറുമായി തീർന്നു എന്നതാണ് അതിൻറെ മറ്റൊരു രസകരമായ സത്യം. !

യഥാർഥത്തിൽ, വാക്കുകൾക്കും, ചിന്തകൾക്കും, മറു ചോദ്യങ്ങളുണ്ടാകുമ്പോൾ മാത്രമേ നമുക്ക്, സ്വതന്ത്രമായ ചിന്തകളിലേക്കും, നമ്മുടേതായ ഉത്തരങ്ങളിലേയ്ക്കും മനസ്സിനെ ചലിപ്പിക്കുവാൻ  കഴിയൂ എന്നതാണ് സത്യം!

അതിനാൽ, കുഞ്ഞുങ്ങൾ, ശൈശവാവസ്ഥയിൽ തന്നെ പുറം ലോകത്തെ വെളിച്ചം ആസ്വദിക്കുകയും, ലോകത്തോടും, പ്രപഞ്ചത്തോടും സംവദിക്കുകയും, സ്വതന്ത്രമായി ഓടിനടക്കുകയും, ബഹളം വെക്കുകയും ചെയ്യട്ടെ.

.അതിന് സമൂഹത്തിൻറെ പുറം കാഴ്ചകളിൽ നിന്നുതന്നെ  ആവശ്യമായ വെള്ളവും, വെളിച്ചവും നൽകലാകട്ടെ നമ്മുടെ ഓരോരുത്തരുടെയും കടമ. അക്ഷരങ്ങളും, വാക്കുകളും കാണാപ്പാഠം പഠിക്കുവാനല്ല... ചുറ്റപാടുമുള്ളവയോട് സ്വതന്ത്രമായി സംവദിക്കുകയും, പ്രതികരിക്കുകയും ചെയ്യുന്ന നല്ല ഒരു തലമുറയുടെ ബാല്യത്തേയാണ് നമ്മൾ വാർത്തെടുക്കേണ്ടത്. ഓരോ കുഞ്ഞുങ്ങളും വീടിൻറെ നിറ ദീപങ്ങളും, നാളത്തെ വാഗ്ദാനങ്ങളും തന്നെ.



.



Comments