<ലിങ്ക് href='https://www.vlcommunications.in' rel='canonical'> Skip to main content

Featured

ബോച്ചേ ഷാപ്പും, പാൽക്കപ്പയും !

 എങ്ങോട്ടെന്ന് നിശ്ചയമില്ലാത്ത ഒരു യാത്രയായിരുന്നു അത്. ചിലപ്പോഴെല്ലാം മനസ്സ് അങ്ങിനെ കൂടിയാണ്. സുഹൃത്തുക്കൾ ഒരുമിച്ച് കൂടിയിരിക്കുമ്പോൾ പോലും മനസ്സ് ചിലപ്പോഴെങ്കിലും എന്തെന്നറിയാതെ കട്ടി പിടിച്ചു പോകും. ഒരു വിധത്തിൽ സ്ഥിരം കാണുന്ന കാഴ്ചകളും, വർത്തമാനവും, ചിന്തകളുമൊക്കെയാകാം അതിനുള്ള കാരണവും.  അപ്പോഴാകും മേൽ പറഞ്ഞതുപോലെ എങ്ങോട്ടെന്നില്ലാതെ ചില യാത്രകൾ രൂപം കൊള്ളുന്നതും. എങ്കിലും എവിടേയും എപ്പോഴും മാറ്റമില്ലാതെ തുടരുന്ന പ്രകൃതിദൃശ്യങ്ങളും, കടലും, കരയും എല്ലാം തന്നെ. വണ്ടിയിലിരുന്ന് അപ്പുവാണത് പറഞ്ഞത്. നമുക്ക് വൈപ്പിൻകരയിലേയ്ക്കു പോകാം. അവിടെ ബോച്ചേ (ബോബി ചെമ്മണ്ണൂർ) യുടെ ടോഡി ഷോപ്പുണ്ട്. നല്ല കായൽ സൗന്ദര്യവും . ! എറണാകുളം വൈപ്പിൻകരയിലെ ബോച്ചേ ഷാപ്പ്. കൂടെയിരുന്നവരിൽ പലരും അത് ഗൗരവമായെടുത്തില്ല . കാരണം അതിൽ പലർക്കും കള്ളിനോട് വലിയ താത്പര്യമൊന്നുമില്ല. വളരെയേറെ വർഷങ്ങൾക്കു മുൻപാണെങ്കിൽ കേരളത്തിലെ മിക്കവാറും എല്ലാ ഗ്രാമങ്ങളിലും വളരെ ശുദ്ധമായ തെങ്ങിൻ കള്ള് കിട്ടുമായിരുന്നു. കാലങ്ങൾ അകന്നുപോകെ തെങ്ങുകളും, അതോടൊപ്പം ചെത്ത് തൊഴിലാളികളും അപ്രത്യക്ഷമായി . പിന്നീട് ഇപ്പോൾ വരുന്ന കള്ളിനോട...

ഉടമ സ്വന്തമായി നിർമ്മിച്ച ഹുരുഡീസ് വീട്

 ഒരുപാട് വ്യത്യസ്തമായ ചിന്തകളുടേയും, അനുഭവങ്ങളുടേയും ആകെ തുകയാണ്, എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, പുതിയകാവിലുള്ള ശ്രീ. ഷൺമുഖൻറെ രണ്ടായിരത്തി എഴുന്നൂറ് സ്ക്വയർ ഫീറ്റിലുള്ള" ജാനു "എന്ന പേരിലുള്ള വീട്.

https://www.vlcommunications.in/


 വീട് ഒരു പിന്തുടർച്ചയാണന്നും, അത്, കടന്നുവന്ന വഴികളെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാകണം എന്ന് ഉറച്ചു വിശ്വസിക്കുന്ന ഈ മനുഷ്യൻ അങ്ങനെയാണ്, തന്റെ അമ്മയുടെ ഓർമ്മകൾക്കായി വീടിന് ജാനു എന്ന പേര് നൽകിയത്.

വീട് എന്നത് കേവലം നമ്മുടെ സാമ്പത്തിക ഭദ്രതയോ പ്രൗഢിയോ കാണിക്കുവാനുള്ളതല്ലന്നും, കലഹിക്കുവാനുള്ളതാണങ്കിൽ, കലഹിക്കുവാനും, സ്നേഹിക്കുവാനുള്ളതാണങ്കിൽ സ്നേഹിക്കുവാനും, പരസ്പരം പങ്കുവെയ്ക്കപ്പെടേണ്ടതാണങ്കിൽ, പങ്കുവെയ്ക്കപ്പെടാനുള്ള ഇടം കൂടിയാകണം.എന്നതാണ് അദ്ദേഹത്തിന്റെ.. പക്ഷം.

 ഇത്തരം ഒരു ചിന്തയിലൂടെയാണ് വർഷങ്ങളായി ,ചെന്നെയിൽ വാസമുറപ്പിച്ച ഷൺമുഖനും, ഭാര്യയും, സിവിൽ എഞ്ചിനീയറായ മകൻ സരോദ് ഷായും നാട്ടിലെത്തി സ്വന്തം ഭൂമിയിൽ ഒരു വീട് നിർമ്മിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.

ഒരു മെട്രോ നഗരത്തിൻറെ തിരക്കുകളിൽ നിന്നും, ഇടുങ്ങിയ ജീവിതച്ചുവരുകളുടെ ഇരുളിൽ നിന്നും വ്യത്യസ്തമായി, വളരെ തുറസ്സായതും, വെളിച്ചവും, കാറ്റും, മഴയുമെല്ലാം യഥേഷ്ടം കയറിവന്ന് ഇറങ്ങിപ്പോകുന്നതുമായ ഒരു കോർട്ട്യാടാണ് ഈ വീടിനുവേണ്ടി ആദ്യം പ്ലാൻ ചെയ്തത്. അതിനുശേഷം മാത്രമാണ് വീടിൻറെ സ്ഥലങ്ങളെക്കുറിച്ചും, ബജറ്റിനെക്കുറിച്ചുമെല്ലാം ചർച്ചപോലും തുടങ്ങി വെച്ചത്.മകൻ സരോദ് ഷാ പറഞ്ഞു.

https://www.vlcommunications.in/


കയറിച്ചെല്ലുമ്പോൾ, വീടിന്റെ സിറ്റൗട്ടും കടന്ന് പ്രധാന ഹാളിലേയ്ക്കു പ്രവേശിക്കുമ്പോൾ ഇടതുവശത്തായി, തുറന്ന കിച്ചനോട് ചേർന്ന് നിൽക്കുന്ന കോർട്ട്യാർഡ് തന്നെയാണ് ഈ വീടിന്റെ പ്രധാന ഹൈലൈറ്റ്. മാത്രമല്ല എപ്പോഴും വീടിനുള്ളിൽ നിറഞ്ഞ പ്രകാശവും, വായുവും, കാറ്റുമെല്ലാം കടന്നുവരുന്നതിനനുസൃതമായി വല്ലാത്ത ഒരു പോസിറ്റീവ് എനർജി നിറയ്ക്കാനും ഈ കോർട്ട്‌യാർഡിൻറെ നിർമ്മാണം വഴി സാധിച്ചു.

ഇൻറർലോക് ഇഷ്ടികകൾ ഉൾപ്പടെ പല വസ്തുക്കളും വീടിന്റെ നിർമ്മാണത്തിനായി ആലോചിച്ചുവെങ്കിലും പലകാരണങ്ങൾ കൊണ്ടും അവസാനം പൊറോത്തം (ഹുറുഡീസ്) ബ്രിക്സുകളിൽ ചെന്നെത്തുകയായിരുന്നു. 

അതിൽ പ്രധാന കാര്യം ചൂടിനെ കുറയ്‌ക്കുക എന്നത് തന്നെ. രണ്ടാമതായി പ്ളാസ്റ്ററിംഗോ, പെയിൻറിംഗോ ആവശ്യമില്ല എന്നതും, ഈർപ്പം വലിച്ചെടുക്കുകയുമില്ലന്നുള്ളതും പൊറോത്തം ബ്രിക്സുകളെ ഇപ്പോൾ പ്രിയങ്കരമാക്കുന്നു.

ഓപ്പൺ കിച്ചൺ, ഹാൾ ,ഡൈനിംഗ്, വർക്ക് ഏരിയ, കോർട്ട്യാർഡ്, ബാൽക്കണി, എന്നിവ ചേർന്നതാണ് രണ്ടായിരത്തി എഴുന്നൂറ് സ്‌ക്വയർഫീറ്റിൽ രണ്ട് നിലകളിലായി നിർമ്മിച്ചിരിക്കുന്ന ഈ വീട്

https://www.vlcommunications.in/



കൂടാതെ ഓരോ ബഡ്‌റൂമുകൾക്കും മൺ മറഞ്ഞുപോയ മാതാ പിതാക്കളുടെ പേരു നൽകിയതും വളരെ കൗതുകകരമായിതോന്നി.

ചിലവ് വളരെ നന്നായി കുറച്ച്, എങ്ങനെ മനോഹരമാക്കാം എന്നതായിരുന്നു ആദ്യത്തെ ചിന്ത. അതിനായി നല്ല രീതിയിലുള്ള ഗൃഹപാഠം നടത്തി മികച്ച തൊഴിലാളികളെ ഉപയോഗിച്ച് സ്വന്തം നിലയിൽ തന്നെ നിർമ്മാണം നടത്തുകയായിരുന്നു. രണ്ടാമതായി മരം പൂർണ്ണമായി ഒഴിവാക്കി പകരം ഇരുമ്പ്, ജി.ഐ. ഷൂ, എന്നിവ കൂടുതലായി ഉപയോഗിച്ചു.

അടുക്കളയുടെ ഇൻറീരിയർ വർക്കുകൾക്ക് എസ്.സി.പി. കബോർഡുകളും, ബെഡ്‌റൂമുകളും എൻ.പി.സി. ഡോറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്.

ഏകദേശം ആയിരത്തോളം ബിയർ കുപ്പികൾ ഈ വീടുനിർമ്മാണത്തിന് ഉപയോഗിച്ചതായി പറയപ്പെടുന്നു. വിവിധ ഇടങ്ങളിൽ, പ്രകാശം കടത്തിവിടാൻ അനുയോജ്യമായ രീതിയിൽ വളരെ ഭംഗിയായി നിരത്തിവെച്ചതാണ് ഇത് സാദ്ധ്യമാക്കിയത്. 

മുകൾ നിലയിൽ വളരെ സൗകര്യത്തോടെ, മനോഹരമായി ഒരുക്കിയിരിക്കുന്ന ബാൽക്കണിയാണ് ഇതിന്റെ മറ്റൊരാകർഷണം. പൊറോത്തം ബ്രിക്കുകളും, ഇഷ്ടികകളും, ബിയർകുപ്പികളും വ്യത്യസ്തമായ ഡിസൈനുകളിൽ അടുക്കി അതിന്റെ മനോഹാരിതയും പൂർണമാക്കിയിരിക്കുന്നു.കൂടാതെ മുകൾ നിലയിലുള്ള ഹാൾ, ചെറിയ കുടുംബ സംഗമം പോലുള്ളവ നടത്താവുന്ന രീതിയിലാണ് വിശാലമാക്കിയിട്ടുള്ളത്.

https://www.vlcommunications.in/


 സ്‌പേയ്‌സുകൾ നന്നായി ഉപയോഗിക്കുകയും, അതിന് യോജിച്ച വിധത്തിലുള്ള നിർമ്മാണ വസ്തുക്കൾ കണ്ടെത്തുകയും, കാറ്റും, വെളിച്ചവും വീടിനുള്ളിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന രീതിയിലുള്ള ഈ വീടിന്റെ നിർമ്മാണ വൈദഗ്ദ്ധ്യം തന്നെയാണ് വീടിന്റെ വലിയ പ്രത്യേകതയും.

 നിർമ്മാണത്തിന് ആവശ്യമായ ബ്രിക്കുകളെല്ലാം ബാംഗ്ലൂരിൽ നിന്നാണ് വരുത്തിയത്. 

 നമ്മുടെ ഏതൊരു നിർമ്മിതി എടുത്തുനോക്കിയാലും, അതിലെല്ലാം ചില പഴയകാല രാജകൊട്ടാരങ്ങളുടെ നിർമ്മാണരീതിയുടെ ശേഷിപ്പുകളും കാണുവാൻ കഴിയുന്നു എന്നതാണ് പലവീടുകളുടേയും ഡിസൈനുകളിൽ ഒരു പോരായ്മയായി പലപ്പോഴും തോന്നിയിട്ടുള്ളതെന്ന് വീട്ടുടമയുടെ നിഗമനം.

 പ്രത്യേകിച്ച് ഇപ്പോൾ എല്ലാവീടുകളിലും കണ്ടുവരുന്ന ചാരുബെഞ്ചുകൾ, ഗോവണികൾ, ആർച്ചുകൾ, എന്നുവേണ്ട തൂണുകൾ പോലും നമ്മൾ അറിഞ്ഞോ, അറിയാതെയോ നിർമ്മിക്കുന്നത് അത്തരം ചില മാതൃകാ സങ്കൽപ്പങ്ങളുടെ ഭാഗമാകണം.

എങ്കിൽപ്പോലും പലരുടേയും അഭിപ്രായങ്ങളിൽ വീണ്ടും ഉയർന്നു വന്ന ഇത്തരം മാതൃകകൾ ബോധപൂർവ്വം ഉപേക്ഷിച്ച്. ഈ വീടിനെ മറ്റൊരു തരത്തിൽ നിർമ്മിക്കുകതന്നെയായിരുന്നു.

 വീട് എന്നത് ഒരു തുറന്ന മനസ്സിൻറെ ഇടംകൂടി ആയതിനാൽ, ഇവിടെ ബഡ്‌റൂമുകൾ ഒഴിച്ച് സ്വകാര്യ ഇടങ്ങൾ കുറവാണന്നും. ബാൽക്കണിയിലായാലും, അടുക്കളയിലായാലും, ഹാളിലായാലും, ആരെയും നേരിൽ കണ്ട് സംവദിക്കാമെന്നതുമാണ് ഈ വീടിന്റെ മറ്റൊരു പ്രത്യേകതയെന്നാണ് വീട്ടുടമയുടെ പക്ഷം. എന്തായാലും വളരെ മനോഹരമായി തന്നെ നിർമ്മിച്ചിരിക്കുന്ന ഈ വീടിന്റെ മൊത്തം നിർമ്മാണച്ചിലവ് ഏകദേശം നാല്പത്തിയേഴ് ലക്ഷമാണ്.

Comments