ഇന്റർലോക്ക് ഇഷ്ടിക വീടുകളെക്കുറിച്ചു പറഞ്ഞാൽ, എത്ര പറഞ്ഞാലും തീരാത്ത സംശയങ്ങളാണ് പലർക്കും.
അതിൽ മുഖ്യമായുള്ളത് ഇഷ്ടികകൾ വെള്ളം നനഞ്ഞാൽ പൊടിഞ്ഞു പോകുമോ എന്നതാണ്.
ഇതിനെക്കുറിച്ച് ഇതിന് മുൻപുള്ള പല അദ്ധ്യായങ്ങളിലും പറഞ്ഞിട്ടുള്ളതാണങ്കിലും ... വീണ്ടും തുടരുന്ന ഈ ചോദ്യത്തിനുള്ള മറുപടി എന്ന നിലയിൽ പറയട്ടെ. - ഇഷ്ടിക തീർച്ചയായും പൊടിയും. ഒരു തർക്കവും
വേണ്ട.!
നിർമ്മിച്ചിരിക്കുന്ന ഇഷ്ടിക ഗുണനിലവാരമില്ലാത്തതാണങ്കിൽ മാത്രം !
ഗുണനിലവാരം കുറഞ്ഞ മണ്ണിൽ നിർമ്മിച്ചിരിക്കുന്നവയും, ആവശ്യത്തിനുള്ള അനുപാതത്തിൽ സിമൻറും . വെള്ളവും ചേർത്ത് അതിന്റെ നിർമ്മാണം കൃത്യമായതുമല്ലങ്കിൽ തീർച്ചയായും ഇഷ്ടിക പൊടിയുക തന്നെ ചെയ്യും.
മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം പൂർണ്ണമായും ഇൻറർലോക്ക് ഇഷ്ടികകൾ ഉപയോഗിച്ച് ഏതാണ്ട് രണ്ടായിരം സ്ക്വയർ ഫീറ്റിൽ നർമ്മിച്ചിരിക്കുന്നതാണ്. ഇഷ്ടികയുടെ ഗുണമേൻമ പരിശോധനക്ക് ശേഷം മാത്രമായിരുന്നു, അതിൻറെ നിർമ്മാണം. കേരളത്തിലെ വാസ്തുനിർമ്മാണ രംഗത്തെ പ്രഗത്ഭരായ ഹാബിറ്റാറ്റ് ഗ്രൂപ്പായിരുന്നു ഈ ഇരുനില വീട് നിർമ്മിച്ചത്.
മേൽത്തരം ഇഷ്ടികകൾ ഉപയോഗിച്ച് നിർമ്മിച്ച വീടുകൾ എല്ലാംതന്നെ. ഏതാണ്ട് ഇരുപത്തിയഞ്ച് വർഷങ്ങൾക്കു ശേഷവും ഇപ്പോഴും ഏതെങ്കിലും തരത്തിലുള്ള പുനർ നിർമ്മാണമൊന്നും ആവശ്യമില്ലാതെതന്നെ നില നിൽക്കുന്നു. ചിലയാളുകൾ ഇൻറർലോക്ക് ഇഷ്ടികകൾ വിലക്കുറവിൽ നിർമ്മിക്കുകയും . അതുപയോഗിച്ച് നിർമ്മിച്ച ശേഷം സിമന്റ് പ്ലാസ്റ്റർ ചെയ്യണമെന്നു പറയുന്നതിൻറെ ഉദ്ദേശവും മനസ്സിലാകുന്നില്ല.!
വാങ്ങുന്ന ഇഷ്ടികകൾ നാലോ അഞ്ചോ ദിവസം വെള്ളത്തിലിട്ട് ആദ്യം അതിൻറെ ഗുണനിലവാരം ഉറപ്പു വരുത്തുക. ( വേണമെങ്കിൽ ഒരാൾ പൊക്കത്തിൽ നിന്നും താഴേക്കിട്ട് കട്ട പൊടിഞ്ഞു പോകുന്നുണ്ടോ എന്നും പരീക്ഷിക്കാവുന്നതാണ് ) ഇത്തരം പണികൾ ചെയ്ത് പരിശീലനം സിദ്ധിച്ചവരെക്കൊണ്ടു മാത്രം നിർമ്മാണം തുടക്കം മുതൽ അവസാനം വരെ ചെയ്യിക്കുക, എന്നതാണ് മറ്റൊരു പ്രധാന കാര്യം.!
ഇഷ്ടിക കെട്ടിയശേഷം അതിൻറെ വിടവുകൾ സുർക്കി, സിമൻറ് എന്നിവ കൂട്ടിക്കുഴച്ച മിശ്രിതം (അതല്ലങ്കിൽ സാധാരണ വാൾ പുട്ടി)ഉപയോഗിച്ച് അടക്കുകയും. എല്ലാ ജോലികളും തീർന്ന ശേഷം വാർണീഷോ , പെയിൻറോ ചെയ്ത് ഭംഗിയാക്കാവുന്നതാണ്.
വാർണീഷാണ് ചെയ്യുന്നതെങ്കിൽ വാട്ടർ ബെയ്സ്ഡ് വാർണീഷുകൾ ഉന്നത ഗുണ നിലവാരം പുലർത്തുന്നവ പല വിലനിലവാരങ്ങളിൽ ലഭ്യമാണ്.
ഇഷ്ടിക പോയൻറിംഗ് ജോലികൾ കഴിഞ്ഞാൽ ഉടൻ തന്നെ വാർണീഷ് ചെയ്യുന്നതാണ് ഉത്തമം. കാരണം വാർണീഷിംഗിന് ശേഷം ഇഷ്ടികകൾക്ക് കൂടുതൽ ഉറപ്പ് ലഭിക്കുകയും, ഒരു ലാമിനേഷൻ കോട്ടിംഗ് പോലെ നിൽക്കുന്നതിനാൽ, വെള്ളം, പൂപ്പൽ, പായൽ എന്നിവയൊന്നും പിടിക്കാതെ കൂടുതൽ തിളക്കവും, സംരക്ഷണവും നൽകുകയും, വർഷത്തിലുള്ള പെയിൻറിംഗ് ചിലവുകൾ ഒഴിവാക്കുകയും ചെയ്യാം. പെയിൻറിംഗാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഉൾവശമുള്ള ഭിത്തികൾക്കെല്ലാം വെളുപ്പ് കൂടുതൽ കലർന്ന നിറങ്ങൾ നൽകിയാൽ മുറികളിൽ കൂടുതൽ വെളിച്ചവും, വലിപ്പവും തോന്നിക്കും.
പിന്നീട് പലരും പങ്കു വെച്ച മറ്റൊരു സംശയം രണ്ടു നില പണിയാൻ കഴിയുമോ എന്നതാണ്.
അപൂർവ്വം ചില വീടുകൾ ഒഴിച്ചാൽ മിക്കവാറും വീടുകളുടെ നിർമ്മാണം എല്ലാം തന്നെ രണ്ടു നില തന്നെയാണ്.
പല കെട്ടിടങ്ങളും പില്ലർ പോലും നൽകാതെയും നിർമ്മിച്ചിരിക്കുന്നതായും കണ്ടിട്ടുണ്ട്.
ഉദാഹരണത്തിന് കാക്കനാട് രണ്ടായിരം സ്ക്വയർഫീറ്റ് ഉടമസ്ഥൻ തന്നെ നേരിട്ട് പണികഴിപ്പിച്ച ഒരുവീട് ഇത്തരത്തിൽ നിർമ്മിച്ചവയാണ് ( ഈ ബ്ളോഗിൻറെ തന്നെ ഭാഗമായ യൂ ട്യൂബ് ചാനലിൽ ആ കെട്ടിടത്തിൻറെ വിശദമായ വീഡിയോ കാണാവുന്നതാണ്. )
ഓപ്പൺ കിച്ചണും, നാല് ബെഡ്റൂമുകളോടും കൂടിയ ആ വീട് ഏകദേശം രണ്ട് വർഷം മുൻപ് ഇരുപത്തിരണ്ട് ലക്ഷം രൂപയ്ക് പണികഴിപ്പിച്ചതാണ്.
ആ വീടിൻറെ ഒരു മുഖ്യ പ്രത്യേകതയും, ഏവർക്കും സ്വീകരിക്കാവുന്ന ഒരു മാതൃകയുമായി തോന്നിയത് , ഏറ്റവും മുകളിലായി നൽകിയിരിക്കുന്ന പർഗോളയാണ്. സിമൻറ് പ്ളാസ്റ്ററിംഗ് ഇല്ലാത്ത വീടുകളിൽ ഇതുമൂലം, ഇഷ്ടികയുടെ അരണ്ട വെളിച്ചം മാറിക്കിട്ടുവാനും, പകൽ സമയങ്ങളിൽ നല്ല പ്രകാശം കിട്ടുവാനും ഇടവരുത്തുന്നു. ഇപ്പോൾ പർഗോളക്ക് പകരമായി, വളരെ ചുരുങ്ങിയ വിലക്ക് ലഭ്യമാകുന്ന ഗ്ളാസ് ബ്രിക്കുകളും ലഭ്യമാണ്.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ടകാര്യം, നിങ്ങൾക്കും അവിടെ താമസിക്കുന്ന കുടുബാംഗങ്ങൾക്കും ഇത്തരം നിർമ്മാണത്തിൽ താത്പര്യമുണ്ടോ എന്നതാണ്. ഇല്ലാത്തപക്ഷം ധനലാഭം മാത്രം നോക്കാതെ മറ്റു മാതൃകകൾ പിൻ തുടരുന്നതാകും ഉചിതം.
കാരണം സാമ്പ്രദായിക മാതൃകകൾ ഇത്തരം നിർമ്മിതികൾക്ക് അന്യമായതുകൊണ്ടും. പൊതുധാരണകൾക്ക് വിപരീതമായതുകൊണ്ടും...പലരും ഇതിനെ പിൻതുണക്കണമെന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം വീടുകൾ നിർമ്മിച്ചിരിക്കുന്നത് നേരിട്ട് ബോദ്ധ്യപ്പെട്ടും, അതിൻറെ ഗുണദോഷങ്ങൾ മനസ്സിലാക്കിയും, കൂടുതൽ ചിലവുകൾ എങ്ങിനെ കുറക്കാമെന്നും... അൽപ്പം കൂടി പ്രകൃതിയോടുചേരുന്ന രൂപത്തിലും, നമ്മുടെ ആവശ്യങ്ങളെ പൂർണ്ണമായി ഉൾക്കൊള്ളുന്നതുമായ രീതിയിൽ എങ്ങിനെ മാറ്റിത്തീർക്കാമെന്നും ആലോചിക്കുന്നവരാണങ്കിൽ വീട് കൂടുതൽ പ്രകൃതിയോട് ഇണങ്ങുന്നവയും, വലിയരീതിയിൽ നിർമ്മാണച്ചിലവ് കുറക്കുവാനും അത് കൂടുതൽ ഉപകരിക്കും.!
ഉദാഹരണത്തിന്...സിമൻറ് പ്ളാസ്റ്ററിംഗിന് പകരം, മണ്ണുകൊണ്ടുള്ള പ്ളാസ്റ്ററിംഗുും, ടൈലുകളിൽ ചവിട്ടി നടന്ന് കാലുകൾക്ക് അസ്വസ്ഥകൾ സംഭവിക്കുമോ എന്ന് ചിന്തിക്കുന്നവർക്ക് കളിമണ്ണുകൊണ്ടുള്ള ടെറാക്കോട്ട കട്ടകളും എല്ലാം ഉപയോഗിച്ച് ഫ്ളോറിംഗ് തുടങ്ങിയവ ചെയ്യാവുന്നതാണ്.
അതുപോലെ ഇൻറീരിയറിൽ ട്രീറ്റ് ചെയ്ത മുളകൾകൊണ്ടുള്ള മനോഹരമായ അലമാരികളും, സ്റ്റെയർ കെയ്സ് കൈവരികളുമൊക്കെ ഇപ്പോൾ പലരും നിർമ്മിച്ചുവരുന്നു.
എന്തായാലും, ചിലവിൻറെ കാര്യത്തിലും, വീടിൻറെ മുഴുവൻ കാര്യങ്ങളിലുമുള്ള ലാഭനഷ്ടങ്ങൾ എല്ലാം തന്നെ ,നമ്മുടെ താത്പര്യങ്ങൾക്കും, ചിന്തകൾക്കും അനുസരിച്ച് മാത്രമായിരിക്കും.
അത് പ്രത്യേകിച്ച് പറയുവാനുള്ള ഒരുകാരണം, പലരും എപ്പോഴും ചോദിക്കുന്ന ഒരുചോദ്യമാണ്, സ്ക്വയർ ഫീറ്റ് റേറ്റ് എത്രവരും എന്നത്...? അതിനുള്ള ഉത്തരം നമ്മുടെ താത്പര്യങ്ങൾ എന്ത് എന്നത് മാത്രമാണ്. ഈയിടെയായി കണ്ടുവരുന്ന രസകരമായ ഒരു കാഴ്ചയും അതുതന്നെയാണ്. -ലോ കോസ്റ്റുവീടുകൾ ഹൈ കോസ്റ്റാക്കി പണിയുന്ന മനോഹരമായ കാഴ്ച്ചകൾ.!
കൂടുതൽ സ്ഥലസൗകര്യമുള്ളയിടങ്ങളിലും... നാലുകെട്ടു മാതൃക വീടുകൾ നിർമ്മിക്കാനുദ്ദേശിക്കുന്നവർക്കും, ഇത്തരം പ്രകൃതിയോട് ചേർന്ന വീടുകൾ എന്ന ആശയം മികച്ച രീതിയിൽ പ്രയോജനപ്പെടുത്താവുന്നതു തന്നെയാണ്..
സർക്കാർ ഫണ്ടുകളുപയോഗിച്ച് ഏറ്റവും കുറഞ്ഞ ചിലവിൽ ഒരുവീട് എന്നസ്വപ്നം പൂർത്തീകരിക്കുവാൻ ശ്രമിക്കുന്നവർകും, ഒരുപക്ഷേ ഏറ്റവും നല്ല ഒരു മാതൃക തന്നെയാണ് ഇൻറർ ലോക്ക് ഇഷ്ടിക വീടുകൾ
കാരണം സൺഷൈഡ് വാർക്കയുടേയും, മെയിൻ വാർക്കയുടേയും, കാലതാമസം ഒഴിവാക്കിയാൽ നാലോ, അഞ്ചോ ദിവസം കൊണ്ട് ഇഷ്ടികകെട്ടിത്തീരുമെന്നുള്ളതുകൊണ്ട് തീർത്തും ഭവന രഹിതരായവർക്ക് അതിൽ താമസിച്ചുകൊണ്ടുതന്നെ കയ്യിൽ വരുന്ന പണത്തിന് അനുസൃതമായി പണി പൂർത്തീകരിക്കാമെന്ന സൗകര്യം കൂടി ഇതിനുണ്ട്.
എന്തൊക്കെ തന്നെയായാലും, ഇഷ്ടികകളുടെ ഗുണനിലവാരവും, വിദഗ്ദ്ധരായ പണിക്കാരും, അതിന് യോജിച്ച രീതിയിലുള്ള ഫിനിഷിംഗ് വർക്കുകളും ചെയ്തു കഴിഞ്ഞാൽ, ഉയർന്നു വരുന്ന ചൂടേറിയ കാലാവസ്ഥയെ പ്രതിരോധിക്കുവാനും, കുറഞ്ഞ ചിലവിലും, കൂടുതൽ പ്രകൃതിയോട് ചേർന്നു നിൽക്കുന്നതുമായ ഒരു അന്തരീക്ഷത്തിൽ സുഖകരമായി ജീവിക്കാം എന്നതു തന്നെയാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത.
നമ്മൾ ഏതായാലും ഈബ്ളോഗിലൂടെ പറയുവാൻ ഉദ്ദേശിക്കുന്നത്, പാവപ്പെട്ടവന് കുറഞ്ഞചിലവിൽ ഒരു വീട് എന്നത് മാത്രമാണ്.
അത് പ്രകൃതിചൂഷണം കുറഞ്ഞതും , പ്രകൃതിയോടുചേർന്ന് നിൽക്കുന്നതും, ചിലവുകുറഞ്ഞതുമാണങ്കിൽ... വലിയ ആധിയും, വ്യാധിയും, ടെൻഷനും ഒന്നുമില്ലാതെ ആരോഗ്യകരമായ ഒരവസ്ഥയിൽ ലളിതമായ ഒരുജീവിതശൈലിയോടെ മുന്നോട്ട് നീങ്ങാൻ ഒരുപക്ഷേ സഹായകരമായേക്കും എന്നുമാത്രം.!
അതോടൊപ്പം ഇത്തരം നിർമ്മാണങ്ങളിൽ താത്പര്യമുള്ളവർക്ക് ഇത് ഏതെങ്കിലും തരത്തിൽ ഉപകാരപ്പെടുന്നുവെങ്കിൽ അതിൽ ഞങ്ങളും ഏറെ സന്തോഷവാൻമാർതന്നെ.!
കൂടുതൽ വിവരങ്ങൾക്കും, വീഡിയോകൾക്കും... v.l.communications എന്ന യൂട്യൂബ് ചാനൽ സർച്ച് ചെയ്യുക.
അഭിപ്രായങ്ങള്‍