Search This Blog
God's Own Country.Kerala. How to build eco - friendly houses at low cost. Nature and Nature foods in Kerala, Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
Featured
- Get link
- X
- Other Apps
തിരിഞ്ഞുനടക്കാം വാർദ്ധക്യത്തിൽ നിന്ന്.
വാർദ്ധക്യം എന്നത് ജീവിതത്തിൻറെ മറ്റൊരു ഏടാണ്. അതിനെയാണ് മനോഹരമായി ആഘോഷിക്കേണ്ടതും. എന്നാൽ വിധിവൈപരീത്യമെന്നു പറയട്ടെ, ഇന്ന് മിക്കവാറും എല്ലാ മനുഷ്യരും വാർദ്ധക്യത്തെ വളരെ ഭയാശങ്കകളോടെയാണ് വീക്ഷിക്കുന്നതും, സംസാരിക്കുന്നതും .
![]() |
വാർദ്ധക്യത്തിൽ നിന്ന് തിരിഞ്ഞു നടക്കാം. |
അതിന് മുഖ്യകാരണമായി പറയുന്നത് ബാല്യം, കൗമാരം, യൗവനം, എല്ലാകടമ്പകളും കഴിഞ്ഞു. ഇനിവാർദ്ധക്യമാണ്. അതായത്, മരണം കാത്തുള്ള യാത്ര.! സത്യത്തിൽ ഇതിൽ എന്തെങ്കിലും കഴമ്പുണ്ടോ ? അതല്ലങ്കിൽ ഒരാളുടെ പ്രായമാണോ മരണത്തിൻറെ അളവുകോൽ?
ഒരിക്കലും അങ്ങിനെയാകാൻ തരമില്ല. ജീവിതത്തിൻറെ ആയുർദൈർഘ്യം ശരാശരി എല്ലാം , കുറഞ്ഞുവെന്ന് ഒരുപക്ഷേ കണക്കുകളിലെല്ലാം കണ്ടേക്കാം. എങ്കിലും അത്തരം കണക്കുകളാണോ നമ്മുടെ ജീവിതം നിശ്ചയിക്കേണ്ടത്, ..?
ചിന്തിച്ചാൽ മരണത്തിന് അങ്ങിനെയൊരു പ്രത്യേകപ്രായമൊന്നുമില്ല.. ആരോപറഞ്ഞപോലെ, മരണം എപ്പോൾവേണമെങ്കിലും കടന്നുവരാവുന്ന ക്ഷണിക്കപ്പെടാത്ത ഒരു അതിഥി തന്നെ.!
കഴിഞ്ഞ കാലം തന്നെ എടുത്തുനോക്കൂ, ഒരുപക്ഷേ അതുതന്നെയാകും, അതിന് മികച്ച ഒരു ഉദാഹരണം. കോവിഡായാലും, അതിനുശേഷമായാലും, എത്രയോലക്ഷം മനുഷ്യരാണ് ഈ ഭൂമിയിൽ നിന്നും ഒട്ടും നിനച്ചിരിക്കാതെ കടന്നുപോയത്. അതിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികളും, യുവാക്കളും.!
അപ്പോൾ പ്രായത്തിലൊന്നുമല്ല, ...പിന്നെയോ, ആരോഗ്യത്തോടെ ജീവിക്കുക എന്നത് തന്നെയാണ് കാര്യം.!
അപ്പോൾ എന്താണ് ആരോഗ്യം?
ആരോഗ്യമെന്നാൽ നന്നായി ഭക്ഷണം കഴിക്കുന്നതോ, വ്യായാമം ചെയ്യുകയോ, അസുഖങ്ങൾ വരാതിരിക്കലോ മാത്രമാണോ? ഒരിക്കലുമല്ല!.പിന്നെയെന്താണ്...? എല്ലാത്തിലുമുപരി മാനസികാരോഗ്യം സംരക്ഷിക്കുക എന്നതാണ്. ! കാരണം മനസ്സിന് സ്വസ്ഥതയും, സമാധാനവും ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ഭക്ഷണം പോലും യഥാർത്ഥ രുചിയോടെ കഴിക്കുവാൻ കഴിയൂ. ചുരുക്കിപ്പറഞ്ഞാൽ മനസ്സിനേയും, ശരീരത്തേയും ചേർത്തുനിർത്തുന്ന, ഒരു സന്തുലിതാവസ്ഥ കൈവരിക്കുക എന്നതാണ് ശരിയായ ആരോഗ്യം എന്നതിൽ പ്രധാനം.
അപ്പോൾ തീർച്ചയും, ന്യായമായ അടുത്ത ഒരു ചോദ്യം, എങ്ങിനെയാണ് മാനസ്സികാരോഗ്യം സംരക്ഷിക്കുക ...? അതിന് ഒറ്റവാക്കിലാണ് ഉത്തരം ആവശ്യപ്പെടുന്നതെങ്കിൽ നിസ്സംശയം പറയാം, നമുക്ക് താത്പര്യമില്ലാത്തതും, അനാവശ്യമെന്ന് തോന്നുന്നതുമായ എല്ലാ കാര്യങ്ങളും ഒഴിവാക്കുക.! അവിടെ പ്രധാനം, നമ്മളും നമ്മുടെ താത്പര്യങ്ങളും എന്നതുമാത്രമാകണം. മറ്റുള്ളവർക്ക് താത്പര്യമുള്ളവ ഒരു പക്ഷേ നമുക്ക് താത്പര്യമുള്ളതാകാം, അതല്ലങ്കിൽ ഇല്ലാത്തതാകാം. എന്തായാലും നമ്മൾ എന്ത് ഇഷ്ടപ്പെടുന്നു എന്നതിന് തന്നെയാണ് പ്രാമുഖ്യം.! .
മറ്റൊരു വിധത്തിൽ നമ്മൾ നമ്മളായിത്തന്നെയിരിക്കുക.!
നമ്മുടെ സന്തോഷമെന്നത് ഒരിക്കലും മറ്റൊരാൾ കൊണ്ടുവന്ന് തരുന്നതല്ല. അത് ഉണ്ടാക്കിയെടുക്കേണ്ടബാദ്ധ്യതയും നമ്മളിൽ തന്നെയാണ്.!ചുരുക്കി പറഞ്ഞാൽ സന്തോഷകരമല്ലാത്ത ഏതവസ്ഥയിൽ നിന്നും മാറി നടക്കുക എന്നതുതന്നെയാണ് പ്രധാനം.
കുറച്ചുകൂടി വിശദമാക്കിയാൽ, ഒരുപക്ഷേ നമുക്ക് തീർത്തും താത്പര്യമില്ലാത്ത ഒരു വ്യക്തിയുമായി കുറച്ചുനേരം സംസാരിക്കേണ്ടി വന്നുവെന്നിരിക്കട്ടെ. ഒരു ദിവസം, ഒരൊറ്റ കാരണം മാത്രം മതിയാകും ഒരു പക്ഷേ നമ്മുടെ അന്നത്തെ ഒരു ദിവസം തന്നെ തകരുവാൻ. അതുകൊണ്ട് അത്തരം വ്യക്തികളെന്നല്ല, സാഹചര്യങ്ങൾ, സംഭാഷണങ്ങൾ, കാഴ്ച്ചകൾ ഇതിൽ നിന്നെല്ലാം നാം വളരെയധികം അകലേണ്ടതായുണ്ട്. അതല്ലങ്കിൽ വ്യക്തമായ ഒരു തിരഞ്ഞെടുപ്പ് നമുക്ക് എല്ലാ കാര്യങ്ങളിലും ഉണ്ടാകേണ്ടതായുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഉപയോഗവും ഒരു പ്രശ്‌നം തന്നെയാണ്.കണ്ണിൽ കണ്ടതും വളച്ചൊടിക്കപ്പെട്ടതും, യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതും, വ്യക്തി വിദ്വേഷങ്ങളും, കാപട്യങ്ങളും മാത്രം നിറയ്ക്കപ്പെട്ട, തീർത്തും അക്രമണോത്സുകമായ ഒരു വലിയ വിപുലമായ ഒരു ലോകം മാത്രമായി സോഷ്യൽ മീഡിയ തീർന്നിട്ടുണ്ട്. . അതിനാൽ മനസ്സിനെ വളരെ പോസിറ്റീവായി നിലനിർത്തുവാൻ വ്യക്തമായ തിരഞ്ഞെടുപ്പ് വേണ്ടതായ മറ്റൊരു ശക്തമായ ഇടം കൂടിയാണ് സമൂഹമാദ്ധ്യമങ്ങൾ!.
കൂടാതെ അതിൻറെ അമിതോപയോഗം മാനസികാരോഗ്യത്തെ മാത്രമല്ല കണ്ണിൻ്റേയും, തലച്ചോറിൻ്റേയും, സകല നാഡീവ്യൂഹങ്ങളുടേയും പ്രവർത്തനങ്ങളേയും വളരെ ദോഷകരമായി ബാധിക്കുന്നു.
പലപ്പോഴും വാർദ്ധക്യത്തിലേക്ക് പ്രവേശിക്കുന്ന പലരും, പലകാര്യങ്ങളുടേയും അപ്ഡേറ്റുകൾക്കും, ഏകാന്തതയിൽ നിന്ന് താത്ക്കാലിക മോചനം നേടുവാനുമൊക്കെയാണ് മൊബൈൽ ഫോണുകൾ, സാമൂഹ്യമാദ്ധ്യമങ്ങളുമൊക്കെ തുടക്കത്തിൽ ഉപയോഗിക്കുന്നത്, പക്ഷേ ഒരിക്കലും അതിൽ കാണുന്നതോ, പറയുന്നതോ, സത്യസന്ധമോ , നിഷ്കളങ്കമോ ,ആകുവാനിടയില്ല എന്നതാണ് സത്യം.
പല ആശയങ്ങളും ഒരു പ്രത്യേക ലക്ഷ്യം ഉള്ളിൽ വെച്ചുകൊണ്ടാണ് ഇപ്പോൾ പലപ്പോഴും നിർമ്മിക്കപ്പെടുന്നത്, അത് സമൂഹത്തിൻ്റെ ഉന്നമനത്തേയോ, സന്തോഷത്തേയോ, ഒരിക്കലും പ്രതിനിധാനം ചെയ്യണമെന്നില്ല., വളരെ നന്നായി പഠിച്ചശേഷം ഒരു പ്രത്യേക വിഭാഗത്തെയോ, സമൂഹത്തെ ആകെതന്നെ തങ്ങൾക്കനുകൂലമായി എങ്ങനെ മാറ്റാമെന്നു മാത്രമാണ് അത് ലക്ഷ്യം വെയ്ക്കുന്നത്. അത് കൊണ്ടാകാം സമൂഹം വളരെയേറെ ബഹുമാനിയ്ക്കുകയും, ആരാധിക്കുകയും ചെയ്തിരുന്ന പലരും തരം താണ പ്രസ്ഥാവനകളും, ആശയഗതികളുമൊക്കെയായി പിൽക്കാലത്ത് കാണുവാൻ ഇടവന്നിട്ടുള്ളതും..!അതായത് ഒരു മനുഷ്യൻ്റെ ചിന്താശേഷിയെപ്പോലും അത്ര വിദഗ്ധമായി മാറ്റി മറിക്കാവുന്ന തരത്തിൽ തന്നെ വളരെ നന്നായി ഗൃഹപാഠം ചെയ്തശേഷമാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിലും, വാർത്താമാദ്ധ്യമങ്ങളിലുമൊക്കെ അതിൻ്റെ അവതരണങ്ങളും.വിതരണവും.!
കഴിയുന്നതും വീട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് സഞ്ചരിക്കുക എന്നതാണ് മാനസ്സികവും, ശാരീരികവുമായ ഊർജ്ജം നിലനിർത്തുവാൻ എപ്പോഴും നല്ലത്.പുതിയ സ്ഥലങ്ങൾ, മനുഷ്യർ, ജീവിതരീതികൾ ഇതെല്ലാം നമ്മിൽ പുതിയ ചിന്തകൾമാത്രമല്ല അനുഭവങ്ങൾകൂടിയാകും സമ്മാനിക്കുക. കൂടാതെ ഇപ്പോൾ വളരെ വ്യാപകമായരീതിയിൽ തന്നെ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന യു.ത്രീ. എ. വയോജന ഗ്രൂപ്പുകൾ, അതിനകത്തുതന്നെയുള്ള വിപുലമായ കലാ സാംസ്കാരിക പ്രവർത്തനങ്ങൾ, കൂടാതെ ഇപ്പോഴും നാട്ടിൻപുറങ്ങളിലെ ഗ്രന്ഥശാല പ്രവർത്തനങ്ങൾ. ഇങ്ങിനെ ഒരുപാട് സാദ്ധ്യതകളാകും ലോകം മുഴുവൻ തുറന്നുകിടക്കുക. യഥാർത്ഥത്തിൽ ഇൻറർനെറ്റും, സാമൂഹ്യ മാദ്ധ്യമങ്ങളും ഉപയോഗിക്കേണ്ടതും നമ്മുടേതായ കഴിവുകളും, താത്പര്യങ്ങളും ലോകത്തിനുമുന്നിൽ തുറന്നുകാണിക്കുന്നതിനും, അതുപോലെ തന്നെ പുതിയലോകത്തേയും, മാറ്റങ്ങളേയും അടുത്തറിയുന്നതിനും വേണ്ടിയാകണം.
എന്തുതന്നെയായാലും നമുക്ക് ഇഷ്ടമുള്ളവയെ കണ്ടെത്തുകയും, അത് തിരഞ്ഞെടുക്കുകയും അതിൽ മുഴുകിച്ചേരുക എന്നതുമൊക്കെതന്നെയാണ് പ്രധാനം. അത് നിരവധിയായ, നാം അറിയാത്ത, നമ്മളിൽ തന്നെ അന്തർലീനമായ പലകാര്യങ്ങളേയും കഴുകിക്കളയുകയും ശുദ്ധമാക്കിത്തീർക്കുകയും ചെയ്യും. കൂടാതെ മനസ്സിനെ ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തെ ചുറ്റിപ്പറ്റി സ്ഥിരമായി ചിന്തിക്കാൻ പ്രേരിപ്പിക്കാതിരിക്കുന്നതും നല്ലതാണ്. ചിലപ്പോൾ ഏതെങ്കിലും ഒരു കാലത്ത് കണ്ടുമുട്ടിയ ചില വ്യക്തികളാകാം, എന്നോകഴിഞ്ഞുപോയ ചില അനിഷ്ടസംഭവങ്ങളാകാം. അതല്ലെങ്കിൽ ചില സാഹചര്യങ്ങൾ.അങ്ങിനെ പലതും.!
അതുപോലെതന്നെ കൃഷി പോലുള്ള കാര്യങ്ങളിൽ ഇടപെടുന്നതും തികഞ്ഞ മാനസികാരോഗ്യത്തോടെ മനസ്സിനെ നിലനിർത്താൻ നല്ല ഒരു മാർഗ്ഗമാണ്.ഒരു വിത്തു നട്ട്, വളർന്ന് അതിനെ പരിപാലിച്ച് കായ് ഫലം നൽകുന്നവരെയുള്ള ഒരു കാലയളവ്, ശരീരത്തിനും മനസ്സിനുമെല്ലാം വളരെയധികം സന്തോഷം നൽകുന്ന കാര്യങ്ങൾ തന്നെയാണ്. കൂടാതെ വിഷ രഹിത പച്ചക്കറി ഉത്പാദിപ്പിക്കുകയും, കഴിക്കുകയും, വിതരണം ചെയ്യുകയും ചെയ്യുക എന്നതുമെല്ലാം എത്രയോ രസകരവും, ആരോഗ്യദായകവുമായ കാര്യങ്ങളാണ്.!
ഇങ്ങിനെ മനസ്സിനേയും ശരീരത്തേയും ഏതെങ്കിലും ഒരു പ്രത്യേക കോണിൽ ഒതുക്കി നിർത്തുക എന്നതല്ല. മറിച്ച് മനസ്സിനെ പരിപൂർണ്ണ സ്വാതന്ത്ര്യത്തോടെ തുറന്നു വിടുകയും, പുതിയ കാലത്തേയും, കാഴ്ചകളേയും ഉൾക്കൊള്ളാനും ശ്രമിച്ചാൽ ഏതൊരു സാഹചര്യങ്ങളേയും, പ്രതിസന്ധികളേയും അവഗണിച്ച് വളരെ ശക്തമായി നിലനിൽക്കുവാനും തീർച്ചയായും വാർദ്ധക്യത്തിൽ നിന്ന് തിരിഞ്ഞ് നടക്കുവാനും അത് ഏവർക്കും സഹായകരമാകും!
- Get link
- X
- Other Apps
Comments