ചരിത്രത്തിലേയ്ക്ക് നടന്നുകയറിയ വാസ്കോഡ് ഗാമ പള്ളി.
വാസ്കോഡ ഗാമ പള്ളി
ബീച്ചുകഴിഞ്ഞാൽ ആദ്യം മനസ്സിലേക്കോടി യെത്തുക, വാസ്‌കോഡ ഗാമ സെയ്ൻറ് ഫ്രാൻസിസ് പള്ളിയാണ്.
| വാസ്കോഡ് ഗാമയെ അടക്കം ചെയ്ത സെയ്ൻറ് ഫ്രാൻസിസ് പള്ളി. |
അതുകൊണ്ട് കൊച്ചിയുടെ ഹൃദയഭൂമിയിലൂടെ സഞ്ചരിക്കുന്നവരാരും, വാസ്‌കോഡ് ഗാമപള്ളി സന്ദർശിക്കാതെ തിരിച്ചുപോകുവാനുമിടയില്ല.
കാരണം അത്രയേറെ കൊച്ചിയുമായി ഇഴചേർന്നതാണ് അതിൻ്റെ ചരിത്രവും, ചരിത്ര സ്മാരകങ്ങളും. അല്ലങ്കിൽ ഇൻഡ്യാ ചരിത്രവും എന്നുതന്നെ പറയേണ്ടിവരും.
പണ്ടുകാലത്ത്, കുരുമുളകിൻ്റേയും, മറ്റു സുഗന്ധദ്രവ്യങ്ങളുടേയും കച്ചവടത്തിനായി എത്തിച്ചേർന്നവരാണ് , പിൽക്കാലത്ത് ഇൻഡ്യ മഹാരാജ്യം തന്നെ തങ്ങളുടെ മഹത്തായ കോളനിരാജ്യമാക്കി മാറ്റിത്തീർത്ത് ചരിത്രം കുറിച്ചത്.
എന്തായാലും, പല കാലങ്ങളിലായി അനേകം കപ്പൽ സഞ്ചാരികൾ കേരളതീരത്ത് പലവട്ടം, എത്തിച്ചേരുവാൻ ശ്രമിച്ചു വെങ്കിൽപ്പോലും, ഏകദേശം, അഞ്ഞൂറ് വർഷങ്ങൾക്കുമുൻപ് ആദ്യമായി കേരളതീരത്ത് കപ്പലിൽ വന്നിറങ്ങിയ, സഞ്ചാരി എന്ന നിലയിൽ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത് വാസ്‌കോഡ ഗാമയെതന്നെയാണ്.
വാസ്കോഡഗാമ
1498 ൽ കോഴിക്കോട്, കാപ്പാട് തുറമുഖത്ത് രണ്ടുപ്രാവശ്യം എത്തിച്ചേരുകയും, പിന്നീട് തിരിച്ചുപോവുകയും ചെയ്യേണ്ടി വന്നെങ്കിൽപ്പോലും, പിന്നീട്, ശക്തരായ നിരവധി പടയാളികളും, കപ്പൽപ്പടയുമായി വീണ്ടും കേരള തീരത്ത് എത്തിച്ചേരുകയും ചെയ്ത ഗാമ, അന്ന് നാട്ടുഭരണം കൈയാളിയിരുന്ന വിവിധ രാജാക്കന്മാരുമായി കരാറുകളുണ്ടാക്കി, വളരെ തന്ത്രപരമായി ഇടപെട്ടു കൊണ്ട് നിരവധി പാണ്ടികശാലകളും, കോട്ടകളുമെല്ലാം ഇവിടെ നിർമ്മിക്കുകയും ചെയ്തു.
പോർച്ച്‌ഗീസ് കോളനിയുടെ വൈസ്രോയി
എന്നാൽ1524 ൽ പോർച്ചുഗൽ രാജാവ്, ധീരമായ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾക്ക് പ്രത്യുപകാരമായി, വാസ്‌കോഡ ഗാമയെ ഇൻഡ്യയിലെ പോർച്ചുഗൽ കോളനിയുടെ വൈസ്രോയിയായി നിയമിച്ചു. പക്ഷെ നിർഭാഗ്യകരമെന്നു പറയട്ടെ, വൈസ്രോയിയായി പ്രഖ്യാപനം നടത്തിയെങ്കിൽപ്പോലും, അതേവർഷം ഗോവയിൽ നിന്ന് മലേറിയ ബാധിച്ച് കേരളത്തിലേക്ക് എത്തിച്ചേർന്ന ഗാമ, കൊച്ചിയിൽ വെച്ച് അതേ വർഷം 1524 ഡിസംബർ 24ന് പുലർച്ചെ 3 മണിയ്ക്ക് മരണത്തിന് കീഴടങ്ങുകയാണ്. ഉണ്ടായത്.!
| വാസ്കോഡ് ഗാമ പള്ളി- കൊച്ചി |
പിന്നീട്, 1503 ൽ കൊച്ചിയിൽ, സ്ഥാപിച്ച ഇൻഡ്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്പ്യൻ പള്ളി എന്ന് വിശേഷിപ്പിക്കുന്ന, സെയ്ൻറ് ഫ്രാൻസിസ് പള്ളിയിൽ ഗാമയെ അടക്കം ചെയ്തു .
1539 ൽ ഗാമയുടെ ഭൗതിക അവശിഷ്ടങ്ങൾ പിന്നീട് പോർച്ചുഗലിലേയ്ക്ക് കൊണ്ടുപോവുകയും അവിടെ വലിയ ബഹുമതികളോടെ തന്നെ അടക്കുകയുമാണുണ്ടായത് .
പിന്നീട്, 1923-ൽ ഈ പള്ളിയെ കേന്ദ്രസർക്കാർ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ചതിനെ, തുടർന്ന് ഇത് ഇൻഡ്യയിലെ തന്നെ ഏറ്റവും വലിയ ചരിത്ര പ്രാധാന്യമേറിയ ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറി.
ചെവിയോർത്താൽ, നൂറ്റാണ്ടുകളുടെ ചരിത്രവുമായി തലയുയർത്തി നിൽക്കുന്ന ഈ ദേവാലയ പരിസരങ്ങളിലെ നിശബ്ദതയിലൂടെ കടന്നുപോയാൽ, ഒരു സ്വപ്നത്തിലെന്നവണ്ണം ചരിത്രം മാറ്റിമറിച്ച എണ്ണമറ്റ പോരാട്ടങ്ങളുടേയും, കച്ചവടക്കണ്ണുകളുമായി വന്ന് പിന്നീട് ഒരു ജനതയുടെ മേൽ, അധീശത്വം സ്ഥാപിച്ച് അവരെ അടിമകളാക്കി അടക്കിവാണ , നിരവധി പടയാളികളുടെ കുതിരകുളമ്പടിയൊച്ചകളുമെല്ലാം നമുക്കവിടെ കേൾക്കുവാനാകും.!
ഡച്ച് സിമിത്തേരി.
വാസ്ഗോഡ് ഗാമ പള്ളി കഴിഞ്ഞാൽ കൊച്ചിയിലെ മറ്റൊരു ആകർഷണ കേന്ദ്രമാണ് ഡച്ച് സിമിത്തേരി.
നൂറ്റാണ്ടുകളുടെ കഥകളുറങ്ങുന്ന ഒരുപാട് സൈനികരേയും, നാവികരേയും അടക്കം ചെയ്ത ഒരുഭൂമിയാണ് ഡച്ചു സിമിത്തേരി .
അവിടെ സിമിത്തേരിയിലെ ഓരോ, ഫലകങ്ങൾക്കിടയിലും വിദേശീയരായ കപ്പൽ ഛേദത്തിൽ മരണപ്പെട്ട, ഒരുപാട് കപ്പിത്താൻമാരുടേയും, പടയാളികളുടേയുമെല്ലാം പേരുകളും, അവർ മൃതിയടയപ്പെട്ട സാഹചര്യങ്ങളുമെല്ലാം ആലേഖനം ചെയ്തിരിക്കുന്നതായി കാണാം.
എങ്കിലും, ഇത്രയേറെ വർഷങ്ങൾ പിന്നിട്ടിട്ടും, ആ ശവക്കല്ലറകൾക്കോ, അവിടുത്തെ ശിലാലിഖിതങ്ങൾക്കു പോലുമോ ഇപ്പോഴും, യാതൊരു കേടുപാടുകളുമില്ലാതെ ഒരു വലിയ ചരിത്ര സ്മൃതിയായ് തന്നെ നിലനിൽക്കുന്നതുകാണുമ്പോൾ വല്ലാത്തൊരത്ഭുതവും, സന്തോഷവും തന്നെ തോന്നിപ്പോകും.
അതിനാൽത്തന്നെ ഈ ചരിത്ര വസ്തുതകളെയാകെ ആർക്കാണ് തിരുത്തിയെഴുതുവാൻ കഴിയുക?
ആ സിമിത്തേരിയിലൂടെ കറങ്ങി നടക്കുമ്പോൾ, എത്രയോ കാലം ഒരു ബ്രിട്ടീഷ് കോളനിവാഴ്ചയുടെ നുകം പേറുകയും, അതിനെതിരെ അസാദ്ധ്യമായ പോരാട്ടവീര്യത്തോടെ തന്നെ, ജനിച്ച മണ്ണിൽ വിദേശീയരുടെ വെടിയുണ്ടകൾ നെഞ്ചേറ്റുവാങ്ങി വരും തലമുറക്ക് അഭിമാനത്തോടെ യും , സ്വാതന്ത്ര്യത്തോടെയും ഈ ഭൂമിയിൽ ജീവിച്ചു മരിക്കാൻ മണ്ണൊരുക്കിയ ധീര ദേശാഭിമാനികളുടെ ചങ്കുറപ്പിനു മുന്നിൽ നാം ആരും നമിച്ചു പോകും !
കാരണം നൂറ്റാണ്ടുകൾക്കുമുൻപുള്ള ഈ നാടിൻറെ അവസ്ഥയെന്തായിരുന്നുവെന്നും, എത്രയോ കോടിക്കണക്കായ മനുഷ്യരുടെ ചോരയും വിയർപ്പുമാണ്, ഇന്ന് നാം അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യത്തിൻ്റെ വിലയെന്നുമെല്ലാം വല്ലപ്പോഴുമെങ്കിലും ഓർമ്മിക്കാൻ ആ ശവകുടീരങ്ങളും, മാർബിൾ ഫലകങ്ങളുമെല്ലാം നമ്മെ സഹായിക്കും.
![]() |
| ഡച്ച് സിമിത്തേരി. ഫോർട്ട്കൊച്ചി. |
ഇങ്ങിനെ കൊച്ചിയുടെ തെരുവുകളിലൂടെയുള്ള സഞ്ചാരം തുടരുമ്പോൾ അനേക വർഷങ്ങളുടെ ചരിത്ര പാരമ്പര്യം വിളിച്ചോതുന്ന വൻ മരങ്ങളും യൂറോപ്യൻ മാതൃകയിൽ രാജകീയ പ്രൗഢിയോടെ തലയുയർത്തിനിൽക്കുന്ന ബംഗ്ലാവുകളും, കൊച്ചിയിലെ അനേക ജാതി മതസ്ഥരുടെ ഒന്നു ചേർന്ന സംസ്ക്കാരവും, അമ്പലവും, പള്ളിയും, സിനഗോഗും, വ്യത്യസ്ഥ തരം ഭക്ഷണ രുചികളും മനുഷ്യരേയും കണ്ട് നടന്നുനീങ്ങുമ്പോൾ, തലയാട്ടി നിൽക്കുന്ന വൻവൃക്ഷങ്ങൾക്കു താഴെയുള്ള പാതയോരങ്ങൾ തന്നെ നമ്മോട് വളരെ പതിയെ കാതിൽ മന്ത്രിക്കും,
' കടന്നുപോയ കാലവും, ചരിത്രവും ഒരു മനുഷ്യരാശിയും മറക്കരുത്.! '

അഭിപ്രായങ്ങള്‍